ആരാധകര്‍ക്ക് ആശ്വസിക്കാം; ധോണി ഉടന്‍ വിരമിക്കില്ലെന്ന് സുഹൃത്ത് അരുണ്‍ പാണ്ഡെ

Posted on: July 19, 2019 11:45 pm | Last updated: July 20, 2019 at 10:43 am

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണി ഉടനെ വിരമിക്കില്ല. പറയുന്നത് ധോണിയുടെ ചിരകാല സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെ. ധോണിയെ പോലൊരു മഹാനായ ക്രിക്കറ്ററുടെ ഭാവിയെ ചൊല്ലി പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഉടന്‍ വിരമിക്കാനുള്ള തീരുമാനമൊന്നും അദ്ദേഹം കൈക്കൊണ്ടിട്ടില്ല. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാണ്ഡേയുടെ പ്രതികരണം.

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച പുറം ചര്‍ച്ചകളും അഭ്യൂഹങ്ങളും സജീവമായത്. സെമിയില്‍ സ്‌കോര്‍ ബോര്‍ഡ് 24ല്‍ എത്തുമ്പോഴേക്കും നാലു വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകരുകയായിരുന്ന ഇന്ത്യയെ ധോണി-ജഡേജ കൂട്ടുകെട്ടിന്റെ 116 റണ്‍സാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത്. എന്നാല്‍, 50 റണ്ണെടുത്തു നില്‍ക്കെ ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ നേരിട്ടുള്ള ഏറില്‍ ധോണി പുറത്തായത് ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

ഇതേവരെ 350 ഏകദിനത്തിലും 90 ടെസ്റ്റുകളിലും 98 ടി ട്വന്റികളിലും ധോണി ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞു. ഏകദിനത്തില്‍ 50ല്‍ അധികം ആവറേജോടെ 10,773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റിലാണെങ്കില്‍ 38.09 ആവറേജില്‍ 4,876ഉം.