സച്ചിന്‍ ഐ സി സി ഹോള്‍ ഓഫ് ഫെയിമില്‍

Posted on: July 19, 2019 10:02 pm | Last updated: July 20, 2019 at 10:44 am

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ സി സി) ഹോള്‍ ഓഫ് ഫെയിമില്‍. ഹോള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ബൗളര്‍ അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ ലോകകപ്പ് നേടിയ ആസ്‌ത്രേലിയന്‍ വനിതാ ടീമില്‍ അംഗമായ കാതറിന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരും ഹോള്‍ ഓഫ് ഫെയിമില്‍ സ്ഥാനം പിടിച്ചു.

ക്രിക്കറ്റിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവരെയാണ് ഹോള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഇതിനു മുമ്പ് ഹോള്‍ ഓഫ് ഫെയിമില്‍ ഇടംനേടിയ ഇന്ത്യക്കാര്‍.

ക്രിക്കറ്റിന്റെ വളര്‍ച്ചക്കും ജനകീയതക്കും മികച്ച സംഭാവനകള്‍ നല്‍കിയവര്‍ ഉള്‍പ്പെട്ട ഹോള്‍ ഓഫ് ഫെയിമില്‍ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിലെ രണ്ടര പതിറ്റാണ്ടോളം നീണ്ട തന്റെ യാത്രക്ക് പിന്തുണ നല്‍കിയ കുടുംബത്തിനും കോച്ചിനും സച്ചിന്‍ നന്ദി പ്രകടിപ്പിച്ചു.