എസ്എഫ്‌ഐയില്‍ സാമൂഹ്യവിരുദ്ധ ശക്തികള്‍ നുഴഞ്ഞു കയറിയെന്ന് സിപിഎം; തിരുത്തല്‍ നടപടികള്‍ ശക്തമാക്കും

Posted on: July 19, 2019 4:11 pm | Last updated: July 19, 2019 at 8:04 pm

തിരുവനന്തപുരം: എസ്എഫ്‌ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് ഇത്തരമൊരു വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു.

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണ്. എസ്എഫ്‌ഐ മൂല്യങ്ങള്‍ തകരാന്‍ ഇത് കാരണമായി. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായി.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വലിയ അപവാദപ്രചരണങ്ങളാണ് നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ മറുപടിപ്രചാരണം ശക്തമാക്കണം. ഇതിനായി ഒരു വിദ്യാഭ്യാസസംരക്ഷണ സമിതിയോ യൂണിവേഴ്‌സിറ്റി കോളേജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ഒരു സമിതിയോ രൂപീകരിക്കണമെന്നും സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.