Connect with us

Articles

ഇനി ടോള്‍ ഫ്രീ നമ്പറിനും ടോള്‍

Published

|

Last Updated

ഇടവഴിയായിരുന്നു പണ്ട്. പുല്ലുകള്‍ നിറഞ്ഞ, വള്ളികള്‍ പടര്‍ന്ന ചെറു പാതകള്‍. അവയിലൂടെ മനുഷ്യന്റെ സഞ്ചാരങ്ങള്‍. വീടുകള്‍ കടന്ന്, നാടുകള്‍ കടന്ന് അവ നീണ്ടു നീണ്ടു പോയി. ചിലര്‍ക്ക് വഴി തെറ്റി. ഇന്നാരെയാണാവോ, കണികണ്ടത്?

ആയിടക്കാണ് പഞ്ചായത്ത് മെമ്പര്‍ യോഗം വിളിച്ചത്. ഇടവഴി റോഡാക്കണം. ഫണ്ടുണ്ട്. നാട് വികസിക്കണം. നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കി. അങ്ങനെ റോഡായി. ഇടുങ്ങിയ വഴി റോഡായപ്പോള്‍ പൊടി പറത്തി ചെറു വാഹനങ്ങള്‍ വന്നു. മഴക്കാലത്ത് ചെമ്മണ്ണ് റോഡില്‍ ചെളി നിറഞ്ഞു. ആ ഇടവഴി മതിയായിരുന്നു.

മെമ്പര്‍ പിന്നെയും വന്നു. റോഡ് ടാറിടണം. ഇപ്പോഴുള്ള വീതി പോരാ. മൂന്നാലു മീറ്ററെങ്കിലും വേണം. ചിലര്‍ സ്ഥലം വിട്ടു നല്‍കി. ചിലര്‍ തര്‍ക്കിച്ചു. ഭൂമിക്ക് എന്താ വില? ഒടുവില്‍ റോഡ് ടാറിട്ട് വറുത്തെടുത്തു. വാഹനങ്ങള്‍ ചീറി വന്നു.
കാലം കുറച്ചു കഴിഞ്ഞപ്പോള്‍ കല്ലിളകി. കുണ്ടും കുഴിയും നിറഞ്ഞു. യാത്ര കഠിനമെന്റപ്പോ…ആറ് മീറ്ററാക്കിയാല്‍ പണം തരാമെന്ന് മെമ്പര്‍. നാട്ടുകാര്‍ രണ്ട് തട്ടിലാണ്. ഇതൊക്കെ മതിയെന്ന്. ഇതൊക്കെ പോരെന്ന്. നാല് യോഗം കഴിഞ്ഞു…

റോഡ് എന്നും തര്‍ക്ക വിഷയമാണ്. വീതി, ഫണ്ട്, കുടിയൊഴിപ്പിക്കല്‍, സമരം…കേന്ദ്രമന്ത്രി പറയുന്നത്, വലിയ റോഡുണ്ടാക്കിത്തരാം. ടോള്‍ വേണമെന്നാണ്. വാഹനങ്ങളുമായി പോകുമ്പോള്‍ പണം കൊടുക്കണമെന്ന്. സര്‍ക്കാറിന്റെ കൈയില്‍ പണമില്ല. ടോള്‍ വേണം. പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് എന്ന ബോര്‍ഡു പോലെ, പണം കൊടുത്ത് ഉപയോഗിക്കുന്ന റോഡ്.
ഇനി നടക്കാനും ടോള്‍ കൊടുക്കേണ്ടി വരുമോ? പണം കൊടുക്കാതെ ഉപയോഗിക്കുന്ന റോഡുണ്ടാകുമോ? അതൊക്കെ പൊട്ടിപ്പൊളിഞ്ഞ് കിടക്കും. ആരും തിരിഞ്ഞു നോക്കില്ല. തിരഞ്ഞെടുപ്പ് കാലത്ത് വായില്‍ തോന്നിയതൊക്കെ വിൡച്ചു പറയും.

അധികാരത്തിലെത്തിയാല്‍ അതൊക്കെ മറക്കും.
ബേങ്കില്‍ അക്കൗണ്ട് എടുക്കാന്‍ പറഞ്ഞു. ആവേശപൂര്‍വം നാട്ടുകാര്‍. എന്തോ നിധി കിട്ടിയതു പോലെ. പാസ് ബുക്ക് അലമാരയില്‍ പൂട്ടി വെച്ചു. ചില്ലറ പണം അക്കൗണ്ടില്‍ ഉണ്ടായിരുന്നു. പിന്നീടത് കുറഞ്ഞു വന്നു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ബേങ്ക് വലിച്ചതാണ്. ചെലവാണ് പോലും. ഇനി പണം എണ്ണുന്നതിനും ഇടപാട് നടത്തുന്നതിനും പ്രത്യേകം പ്രത്യേകം ചെലവ് നല്‍കണം. നമ്മുടെ പണം, ബേങ്കിന് ഗുണം!

എ ടി എം വന്നപ്പോള്‍ എന്തായിരുന്നു സന്തോഷം. ബേങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട. എനി ടൈം മണിയെന്നാണ് പറഞ്ഞത്. നാട്ടുകാര്‍ കേറി വലി തുടങ്ങി. ഇപ്പോള്‍ പറയുന്നു, അഞ്ച് ഇടപാട് സൗജന്യം. പിന്നെയുള്ളതിന് പണം. ടോള്‍ തന്നെ. പണം കൊടുത്ത് ഉപയോഗിക്കാവുന്ന എ ടി എം! ബോര്‍ഡ് വന്നേക്കാം.

സിം വാങ്ങാന്‍ പൊരിവെയിലില്‍ ബി എസ് എന്‍ എല്‍ ഓഫീസിന് മുമ്പിലെ ക്യൂവില്‍ നിന്നത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ഒരു ദിവസത്തെ മിനക്കേടാണ്. എങ്കിലും സിം കിട്ടി. കാലാവധി ആജീവനാന്തം. കോളിന് പണം നല്‍കിയാല്‍ മതി. കുഴിയില്‍ കാല് നീട്ടി നില്‍ക്കുന്ന ശേഖരേട്ടന്‍ എന്തിനാണ് ആജീവനാന്ത സിം എടുത്തതെന്ന് ചിലര്‍ കളിയാക്കിയിരുന്നു.

വിളി ജോറായപ്പോഴാണ് കളി തുടങ്ങിയത്. ആജീവനാന്തം പോയി. ഇപ്പോള്‍ ആറ് മാസമാണ് ആജീവനാന്തം. ഒരു മാസമെന്നത് മുപ്പത് ദിവസമല്ല, ഇരുപത്തെട്ട് ദിവസമാണ്. നമ്മള്‍ ഇതിനോട് സമരസപ്പെട്ടു കഴിഞ്ഞു. പണം കയറ്റുന്നു, വിളിക്കുന്നു.

റോഡുകളും ഇങ്ങനെയാകും. ടോള്‍ റോഡുകള്‍. പകല്‍ യാത്ര ചെയ്താല്‍ ഒരു ടോള്‍ നിരക്ക്. രാത്രി യാത്രക്ക് മറ്റൊന്ന്. അവധി ദിനത്തിലും നിരക്ക് മാറിയേക്കാം. ഇതൊക്കെ അറിയാന്‍ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മതി. ഇങ്ങനെ പോയാല്‍ ടോള്‍ ഫ്രീ നമ്പറിനും ടോള്‍ ഈടാക്കുമോ? അഞ്ച് ഫ്രീ കഴിഞ്ഞു, ഇനി ടോള്‍ നല്‍കണമെന്ന്!

നാണു ആയഞ്ചേരി • nanuayancheri@gmail.com

Latest