Connect with us

Articles

മുനയൊടിഞ്ഞ മുദ്രാവാക്യം നിങ്ങളെയിനിയും രക്ഷിക്കില്ല

Published

|

Last Updated

“ആ മനുഷ്യനെയോര്‍ക്കാന്‍ ഈ വിശാലമാം ഭൂവില്‍ മറ്റാരുമില്ലെന്നാലും
നിസ്വര്‍ തന്നഭയ കൂടാരങ്ങളാകുന്നൊരീ ലക്ഷംവീടുകള്‍ക്കുള്ളിലന്തിയിലേതോ
കൈകള്‍ കൊളുത്തിവയ്ക്കും മണ്‍ചിരാതിന്റെ തിരിത്തുമ്പില്‍ ജ്വലിക്കുമാപ്പുഞ്ചിരി മൃതിയെജ്ജയിക്കുന്നു”

വരികള്‍ ഒ എന്‍ വി കുറുപ്പിന്റെതാണ്. കവിതയിലെ “ആ മനുഷ്യന്‍” എം എന്‍ ഗോവിന്ദന്‍ നായരാണ്. കേരളത്തിലെ ലക്ഷംവീടുകളുടെ ഉപജ്ഞാതാവ്. കേരള ക്രൂഷ്‌ചേവ് എന്ന വിളിപ്പേര് സിദ്ധിച്ച കമ്മ്യൂണിസ്റ്റ് നേതാവ്, മികച്ച ഭരണാധികാരി, മികവുറ്റ സംഘാടകന്‍, കറകളഞ്ഞ മനുഷ്യ സ്‌നേഹി. ഇതെല്ലാമായിരുന്നു എം എന്‍ നായര്‍. അദ്ദേഹത്തെ ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ട നേരമാണ്. രാഷ്ട്രീയമായ ഓര്‍മകള്‍ക്ക് മറ്റെന്നത്തേക്കാളും പ്രാധാന്യമുള്ള കാലമാണല്ലോ ഇത്.

ഓണത്തിന് ഒരു മുറം നെല്ല്

ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണി കേരളം വാഴുന്ന 1967 കാലം. മന്ത്രിക്കസേരയില്‍ സി പി ഐ പ്രതിനിധിയായി എം എന്‍ ഗോവിന്ദന്‍ നായരുമുണ്ട്. ആകെയുള്ള 133 നിയമസഭാ സീറ്റുകളിലും മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജയം ഒമ്പത് സീറ്റുകളിലൊതുങ്ങിയിരുന്നു.

എം എന്‍ നായര്‍

എങ്കിലും അവര്‍ നിഷ്‌ക്രിയരായിരുന്നില്ല. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന വിവിധ ആവശ്യങ്ങളുന്നയിച്ച് സമര രംഗത്തുണ്ടായിരുന്നു. ഇന്നത്തെപ്പോലെ മെലിഞ്ഞൊട്ടിയ കെ എസ് യു അല്ല. മുണ്ട് മടക്കിക്കുത്തി സമരമുഖത്ത് നിന്ന് കണ്ടംവഴി ഓടുന്ന അയ്മനം സിദ്ധാര്‍ഥുമാരുടെ കാലമല്ല അത്. കേരളത്തിലെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ അക്കാലത്തെ മേല്‍വിലാസം കെ എസ് യു എന്നായിരുന്നു. അവരോടാണ് കൃഷിവകുപ്പ് മന്ത്രിയായിരുന്ന എം എന്‍ ഗോവിന്ദന്‍ നായര്‍ പറയുന്നത്: “വിദ്യാര്‍ഥികള്‍ തെരുവില്‍ കല്ലെറിയുകയല്ല, പാടത്ത് വിത്തെറിയുകയാണ് വേണ്ടത്.”

ഉമ്മന്‍ ചാണ്ടിയാണ് അന്നത്തെ കെ എസ് യു അധ്യക്ഷന്‍. അദ്ദേഹം മന്ത്രിയുടെ ആഹ്വാനം ചെവിക്കൊണ്ടു.

കല്ലെറിയാന്‍ മാത്രമല്ല, വിത്തെറിയാനും തങ്ങള്‍ക്കറിയാമെന്ന് ഭരണകൂടത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ കിട്ടിയ അവസരമാണ്. അത് പാഴാക്കിക്കൂടാ. താമസംവിനാ അദ്ദേഹം കൃഷിമന്ത്രിക്ക് കത്തെഴുതി: ഞങ്ങള്‍ “ഓണത്തിന് ഒരു പറ നെല്ല്” പദ്ധതി തയ്യാറാക്കിയിരിക്കുന്നു; സര്‍ക്കാര്‍ സഹകരിക്കുമോ? പ്രതിപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നിര്‍ദേശം സ്വീകരിച്ചാല്‍ കുറച്ചിലാകുമോ എന്ന സങ്കുചിത മനസ്സിനുടമയായിരുന്നില്ല എം എന്‍ ഗോവിന്ദന്‍ നായര്‍.

ഉമ്മന്‍ ചാണ്ടി

രാഷ്ട്രീയമായ അഭിപ്രായഭേദങ്ങള്‍ക്കപ്പുറത്ത് സംസ്ഥാനത്തിന് പൊതുവില്‍ ഗുണം ലഭിക്കുന്ന ഏത് പദ്ധതിയുമായും സഹകരിക്കാന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. കൃഷിമന്ത്രി ഉടന്‍ യോഗം വിളിച്ചു. ഉമ്മന്‍ ചാണ്ടി പദ്ധതി വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ സ്‌കൂളിലും വീടുകളിലുമായി കൃഷിയിറക്കും. ഒരു ലക്ഷം ഇടങ്ങളില്‍ നെല്ലുവിളയിക്കുന്ന പദ്ധതിയാണ് കെ എസ് യു പ്രസിഡന്റ് അവതരിപ്പിച്ചത്. ആവശ്യമായ വിത്തുകള്‍ നല്‍കാമെന്ന് കൃഷിമന്ത്രി ഉറപ്പ് നല്‍കി. പൊതുമേഖലാ സ്ഥാപനമായ ഫാക്ടില്‍ നിന്ന് ഒരു ലക്ഷം പാക്കറ്റ് വളം നല്‍കാമെന്ന് മാനേജിംഗ് ഡയറക്ടറായിരുന്ന എം കെ കെ നായരും ഏറ്റു. പദ്ധതി പ്രഖ്യാപിച്ച് നേതാക്കളും പ്രവര്‍ത്തകരും വെറുതെയിരുന്നില്ല, അവര്‍ പാടത്തേക്കിറങ്ങി, വിത്തെറിഞ്ഞു, വളം ചെയ്തു. ആഘോഷമായിത്തന്നെ വിളവെടുപ്പും നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനത്തിന് കുന്നംകുളത്തേക്ക് കൃഷിമന്ത്രിയെ തന്നെ കൊണ്ടുവരികയും ചെയ്തു.

ഈ വിചാരണ
സ്വാഭാവികം; പക്ഷേ..

കേരളത്തിന്റെ ചരിത്രത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇമ്മട്ടില്‍ ചില ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്താനും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമിടയില്‍ ഇങ്ങനെയും ചില കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് തലനരച്ച രാഷ്ട്രീയ നേതാക്കളെ ഓര്‍മിപ്പിക്കാനുമാണ് ഇപ്പോള്‍ ഇക്കഥ പറഞ്ഞത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ചുറ്റുമതിലുകള്‍ക്ക് പുറത്തേക്ക് വ്യാപിച്ച ചര്‍ച്ചകള്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തെ, വിശിഷ്യാ ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി വിചാരണ ചെയ്യുകയാണിപ്പോള്‍. കേരളത്തിലെ ക്യാമ്പസുകളില്‍ ഏറ്റവും സ്വാധീനമുള്ള വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനയാണ്, ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവും സ്വപ്‌നം കാണുന്ന തലമുറയാണ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഒച്ചവെക്കുന്ന സംഘമാണ്, സര്‍വോപരി സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ വിദ്യാര്‍ഥി സംഘടനയാണ്. അതുകൊണ്ട് തന്നെ എസ് എഫ് ഐക്കെതിരെ ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ വിചാരണ സ്വാഭാവികവുമാണ്.

എ കെ ആന്റണി

സംശയമില്ല, കേരളത്തിലെ ക്യാമ്പസുകളില്‍ പൊരുതിപ്പടര്‍ന്ന പ്രസ്ഥാനമാണ് എസ് എഫ് ഐ. ആ വഴിയില്‍ ഒട്ടേറെ പ്രവര്‍ത്തകരുടെ ജീവന്‍ കൊടുക്കേണ്ടി വന്ന സംഘം. കൊന്നവരില്‍ കെ എസ് യു, എം എസ് എഫ്, എ ബി വി പി.. എല്ലാവരുമുണ്ട്. അതൊന്നും പക്ഷേ, ഇപ്പോള്‍ ചിത്രത്തിലില്ല. ക്യാമ്പസുകളിലെ ഒരേയൊരു അക്രമിക്കൂട്ടം എസ് എഫ് ഐ ആണ് എന്ന മട്ടിലാണ് വിശകലനങ്ങള്‍. മറ്റുള്ളവരെല്ലാം വിശുദ്ധ ഗോക്കള്‍, വായില്‍ വിരലിട്ടാല്‍ കടിക്കാത്തവര്‍. സഹപ്രവര്‍ത്തകന്റെ നെഞ്ചിലേക്ക് കത്തിയാഴ്ത്താന്‍ മടിക്കാത്ത “പ്രാകൃതബോധം” എതിര്‍ക്കപ്പെടേണ്ടതു തന്നെ. സംശയമില്ല. അതേസമയം, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലുള്‍പ്പെടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള അനേകം ക്യാമ്പസുകളില്‍ പല കാലങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച, ആക്രമണം നടത്തിയ എ ബി വി പി പോലുള്ള സംഘടനകളെ ഈ വിവാദ കാലത്ത് സുഗന്ധത്തില്‍ കുളിപ്പിച്ച് വിശുദ്ധരാക്കാനുള്ള ശ്രമങ്ങള്‍ കാണാതിരിക്കരുത്. കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ കൂടി വിചാരണമുറിയില്‍ കൊണ്ടുവരാതെ കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെ നമുക്ക് നന്നാക്കിയെടുക്കാനാകില്ല തന്നെ.!

അവര്‍ക്ക് മാത്രമായി
ഒന്നും സംഭവിച്ചിട്ടില്ല

എസ് എഫ് ഐക്ക് എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, എസ് എഫ് ഐക്ക് മാത്രമായി ഒന്നും സംഭവിച്ചിട്ടില്ല. പൊതു രാഷ്ട്രീയ ഗാത്രത്തിന്റെ അടരുകളില്‍ ആഴത്തില്‍ പതിഞ്ഞ അക്രമ വാസനയും ജനാധിപത്യ വിരുദ്ധതയും എസ് എഫ് ഐയും അനന്തരമെടുത്തു എന്ന് വിലയിരുത്തുന്നതാകും കൂടുതല്‍ സത്യസന്ധം. മാന്യന്‍മാരുടെ ഇടപാടായിരുന്ന കക്ഷിരാഷ്ട്രീയത്തിന് പില്‍ക്കാലം എന്തെല്ലാം ച്യുതികള്‍ സംഭവിച്ചുവോ അതെല്ലാം കൂടിയ അളവില്‍ വിദ്യാര്‍ഥി സംഘടനകളിലേക്കും പടര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളുടെ ഇച്ഛകള്‍ക്കൊത്ത് ആടുകയും ചാടുകയും ചെയ്യുന്ന കുട്ടിക്കുരങ്ങുകളാണ് വിദ്യാര്‍ഥി രാഷ്ട്രീയ സംഘങ്ങള്‍ എന്നൊരാക്ഷേപം ഒരുകാലത്ത് വ്യാപകമായിരുന്നു.

ഇന്ന് സ്ഥിതിയതല്ല. രാഷ്ട്രീയത്തിലെ ഒരു തലതൊട്ടപ്പനും വഴങ്ങാത്ത തലമുറ വളര്‍ന്നു വരികയാണ്. അവര്‍ ആരാലും നിയന്ത്രിക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പോലും അഭ്യസിച്ചിട്ടില്ലാത്ത ഈ തലമുറ കൈയൂക്കിലൂടെ കാര്യക്കാരാകാന്‍ ശ്രമിക്കുകയാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ “രാഷ്ട്രീയ വിദ്യാര്‍ഥി”കള്‍ക്ക് സഹപ്രവര്‍ത്തകന്റെ ജീവനെടുക്കാന്‍ കൈ വിറക്കില്ല. ഈ “കുട്ടികള്‍” ഇവ്വിധം രാഷ്ട്രീയമൂല്യങ്ങളില്‍ നിന്ന് വിദൂരത്തായിപ്പോയതില്‍ മാതൃസംഘടനകള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നോ? തീര്‍ച്ചയായും ഉണ്ട്. ആ വിദ്യാര്‍ഥികളെ രാഷ്ട്രീയ ജീവികളാക്കുന്നതില്‍ സി പി എം പരാജയപ്പെട്ടതാണ് പ്രശ്നത്തിന്റെ കാതല്‍. അതുകൊണ്ടാണ് പറഞ്ഞത്, എസ് എഫ് ഐക്ക് മാത്രമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന്. എസ് എഫ് ഐ മാത്രം വിചാരിച്ചാല്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കെട്ടടങ്ങില്ലെന്നും.

എസ് എഫ് ഐ യൂനി. കോളജിലെ യൂനിറ്റ് ഘടകം പിരിച്ചുവിട്ടു. നല്ല തീരുമാനം. കേരളീയ സമൂഹത്തോട് മാപ്പ് ചോദിക്കാന്‍ മടിക്കാത്ത വി പി സാനുവിന്റെ നല്ല മനസ്സിനും നന്ദി. സത്യസന്ധത പൊതു പ്രവര്‍ത്തനത്തില്‍ ഒരനാവശ്യ ചേരുവയായി മാറിയ കാലത്ത് എസ് എഫ് ഐ നേതൃത്വം അത്രയെങ്കിലും ചെയ്തുവല്ലോ. അവിടെ അവസാനിപ്പിക്കേണ്ടതല്ല തിരുത്തല്‍ നടപടികള്‍.

പ്രവര്‍ത്തകരുടെ മനസ്സില്‍ ആഴത്തില്‍ വേരോടിയ ജനാധിപത്യവിരുദ്ധത ആര് തിരുത്തും? എങ്ങനെ തിരുത്തും? മറുശബ്ദങ്ങള്‍ക്ക് അവസരം നിഷേധിച്ചും വിദ്യാര്‍ഥികളെ വരച്ച വരയില്‍ നിര്‍ത്തിയും എത്രകാലം കോട്ടകള്‍ കാക്കാന്‍ കഴിയും സാനുവിന്റെ സംഘടനക്ക്? ചിലയിടങ്ങളിലെങ്കിലും എസ് എഫ് ഐ അരാഷ്ട്രീയ ആള്‍ക്കൂട്ടമാണ്. അസഹിഷ്ണുത അരാഷ്ട്രീയമായ ഒരാശയവും പ്രയോഗവുമാണ്. എസ് എഫ് ഐ അസഹിഷ്ണുതയുടെ പ്രയോജകരായ അനുഭവങ്ങള്‍ അനവധിയാണ്. സ്വയം വിമര്‍ശങ്ങള്‍ക്കും ആഭ്യന്തര ശുദ്ധീകരണത്തിനും തയ്യാറാകാതെ, ചോരച്ചാലുകള്‍ നീന്തിക്കയറിയ മുദ്രാവാക്യത്തിന്റെ ബലത്തില്‍ മാത്രം കേരളത്തിലെ ക്യാമ്പസുകളില്‍ പിടിച്ചു നില്‍ക്കാന്‍ എസ് എഫ് ഐക്ക് ഇനിയും കഴിയില്ല. എസ് എഫ് ഐ നേതൃത്വവും സി പി എമ്മും അതുള്‍ക്കൊള്ളുമോ എന്ന് കാത്തിരുന്നു കാണണം.

വിദ്യാര്‍ഥി സംഘടനകളുടെ
പ്രതിസന്ധി

മുനയൊടിഞ്ഞ മുദ്രാവാക്യങ്ങള്‍, വഴിപാടാകുന്ന സമരങ്ങള്‍, കാര്യശേഷിയില്ലാത്ത നേതാക്കള്‍, അക്കാദമിക് താത്പര്യം തൊട്ടുതീണ്ടാത്ത പ്രവര്‍ത്തകര്‍.. രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഒരു ജനാധിപത്യ സംവാദം ഈ സംഘങ്ങള്‍ കേരളത്തിലുയര്‍ത്തിയിട്ട് എത്രകാലമായി എന്നാലോചിക്കൂ.

സമീപ കാലത്തെ ഓര്‍മകളില്‍ അങ്ങനെയൊന്നില്ല. പ്രസക്തമായ ഒരു വിദ്യാഭ്യാസ പ്രമേയം അവര്‍ മുന്നോട്ടു വെച്ചതിന്റെ ഓര്‍മകള്‍; അതും പറയാനില്ല. ഓണത്തിന് ഒരു മുറം നെല്ല് പദ്ധതി ആവിഷ്‌കരിച്ച കെ എസ് യുവിന്റെ ഇങ്ങേത്തലക്കല്‍ ശൂന്യത മാത്രം. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ പോലും തിരുത്താന്‍ കെല്‍പ്പുണ്ടായിരുന്ന ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും കെ എസ് യുവില്‍ നിന്ന് ഇന്നത്തെ കെ എസ് യുവിലേക്കുള്ള ദൂരം കാലത്തിന്റെത് മാത്രമല്ല, നയനിലപാടുകളുടെത് കൂടിയാണ്. തോറ്റവര്‍ക്കും ചരിത്രമുണ്ട് എന്നത് നേരാണ്. തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുക എന്നത് വൈയക്തികമായും സംഘടനാപരമായും പ്രകടിപ്പിക്കേണ്ട പക്വതയാണ്. അതില്ലാതെ പോകുന്നു എന്നതാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തെ ഇത്രമേല്‍ അപഹാസ്യമാക്കുന്നത്.

ദേശീയ ക്യാമ്പസുകളില്‍ സംഘ്പരിവാറും അവരുടെ വിദ്യാര്‍ഥി സംഘടനയും ഉയര്‍ത്തുന്ന ഭീഷണികളെ ധീരമായി ചെറുത്തു നില്‍ക്കുന്നത് ഇടത് വിദ്യാര്‍ഥി ഗ്രൂപ്പുകളാണ്. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാമ്പസ് അതിക്രമങ്ങള്‍ പോലും ഉജ്വലമായ രാഷ്ട്രീയ ജാഗ്രതയും സമാധാനപരമായ സമരങ്ങളും കൊണ്ട് അതിജയിച്ചതിന്റെ “ദേശീയാനുഭവങ്ങള്‍” നമ്മുടെ മുമ്പിലുണ്ട്. കേരളത്തിലെ കലാലയാന്തരീക്ഷം വ്യത്യസ്തമാണ് എന്നു വരുകിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ ആഴത്തില്‍ വേരോടുന്ന അരാഷ്ട്രീയ, വര്‍ഗീയ ചിന്തകള്‍ക്ക് മേല്‍ വിജയം നേടേണ്ടതെങ്ങനെ എന്ന കാഴ്ചപ്പാടെങ്കിലും ചുരുങ്ങിയ പക്ഷം കേരളത്തിലെ രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളെ നയിക്കുന്നവര്‍ക്കുണ്ടാകണം. കക്ഷി രാഷ്ട്രീയത്തിനുപരിയായ രാഷ്ട്രീയ ബോധം രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ക്യാമ്പസുകളിലുണ്ട്. അത്തരം പരിശ്രമങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുത കാണിക്കുകയും അതിനെ അടിച്ചമര്‍ത്താന്‍ ധൃഷ്ടരാകുകയും ചെയ്യുന്ന എസ് എഫ് ഐ പോലുള്ള സംഘടനകള്‍ ഫലത്തില്‍ അരാഷ്ട്രീയതയുടെ കൂട്ടിരിപ്പുകാരാകുകയാണ് എന്ന് പറയാതെ നിര്‍വാഹമില്ല.

 

മുഹമ്മദലി കിനാലൂര്‍ • mdalikinalur@gmail.com

Latest