Connect with us

Sports

അകത്തും പുറത്തുമല്ലാതെ ധോണി; ഉടൻ വിരമിക്കില്ലെന്ന് സൂചന

Published

|

Last Updated

മുംബൈ: എം എസ് ധോണി ഉടൻ വിരമിക്കില്ലെന്ന് സൂചന. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് സ്ഥിരതയാർന്ന പ്രകടനം നടത്തുന്നതുവരെ ധോണിയെ ടീമിൽ നിലനി‍ർത്താൻ ബി സി സി ഐ തീരുമാനിച്ചതായാണ് വിവരം. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ടൂർണമെന്റിലെ മോശം പ്രകടനത്തിന് ധോണി ഏറെ വിമർശിക്കപ്പെടുകയും ചെയ്തതോടെ താരത്തിന്റെ വിരമിക്കൽ വാർത്തക്ക് കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം. എന്നാൽ, ധോണി ടീമിനൊപ്പം തുടരുമെന്ന സൂചനയാണ് ബി സി സി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, പതിനഞ്ചംഗ ടീമില്‍ ധോണിയുണ്ടാകുമെങ്കിലും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആദ്യ പരിഗണന അദ്ദേഹത്തിന് ലഭിച്ചേക്കില്ല. അടുത്ത മാസം നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയിൽ ധോണി കളിക്കില്ല. ഇതിന് ശേഷമാണ് ധോണി ടീമിൽ തുടരുക. ധോണിയുടെ പരിചയസമ്പത്തും സാന്നിധ്യവും യുവതാരങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബി സി സി ഐയുടെ വിലയിരുത്തൽ. ഇതേക്കുറിച്ച് ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാളെയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. ലോകകപ്പില്‍ തിളങ്ങാനായില്ലെങ്കിലും ദിനേശ് കാര്‍ത്തിക്കിന് ഒരവസരം കൂടി നല്‍കിയേക്കും. ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിൻഡീസ് പര്യടനത്തിൽ വിശ്രമം നൽകിയേക്കുമെന്നും സൂചനയുണ്ട്.

“ധോണി ഇതുവരെ വിരമിക്കലിനെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. യുവാക്കളായ ഋഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ കാത്തിരിക്കുന്നു. ധോണി മുമ്പത്തെ ധോണിയല്ലെന്ന ലോകകപ്പിൽ കണ്ടതാണ്. അദ്ദേഹത്തിന് പഴയ പോലെ കളിക്കാന്‍ സാധിക്കുന്നില്ല. അത് ടീമിന് ഭാരമാകുന്നുണ്ട്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് വരെ അദ്ദേഹം കാത്തിരിക്കേണ്ടതില്ല. ഏകദിനത്തിലേക്ക് തിരഞ്ഞെടുക്കുമെന്ന് ഉറപ്പുള്ള താരമല്ല ധോണി”- ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് ഒരു ബി സി സി ഐ അംഗം ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

Latest