National
കര്‍ണാടക: വിപ്പിനെച്ചൊല്ലി ബഹളം; മൂന്നു വരെ സഭ നിര്‍ത്തി

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിപ്പിനെച്ചൊല്ലി ഭരണപക്ഷ-പ്രതിപക്ഷ ബഹളം. വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ, എം എല്‍ എമാര്‍ക്കെല്ലാം വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ സഭയെ അറിയിച്ചു. വിമത എം എല്‍ എമാര്‍ വിപ്പ് ലംഘിച്ചാല്‍ അവര്‍ അയോഗ്യരാക്കപ്പെടുമെന്ന സൂചനയാണ് ഇതിലൂടെ സ്പീക്കര്‍ നല്‍കിയത്. ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ വൈകിട്ട് മൂന്നു വരെ സഭ പിരിഞ്ഞു.
അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ കോടതിക്ക് ആകില്ലെന്നും കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധാരാമയ്യ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് എല്ലാ അംഗങ്ങള്‍ക്കും വിപ്പ് ബാധകമായിരിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചത്.
അതേസമയം, വിശ്വാസ വോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ഇന്നുതന്നെ അവസാനിപ്പിക്കണമെന്നും ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ യെദ്യുരപ്പ ആവശ്യപ്പെട്ടു. സര്‍ക്കാറിനെ നിലനിര്‍ത്താമെന്ന വ്യാമോഹത്താല്‍ പ്രസംഗം നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്യുന്നതെന്ന് ബി ജെ പി നേതാക്കള്‍ ആരോപിച്ചു.
വിമത എം എല്‍ എമാരുടെ കാര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കൃഷ്ണ ബേര ഗൗഡ, എച്ച് കെ പാട്ടീല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ബി ജെ പി അംഗങ്ങള്‍ ഇതിനോട് യോജിച്ചില്ല.