Connect with us

National

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; കോണ്‍ഗ്രസ് എം എല്‍ എയെ റിസോര്‍ട്ടില്‍ നിന്ന് കാണാതായി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ട് നടക്കാനിരിക്കെ, കോണ്‍ഗ്രസ് എം എല്‍ എ. ശ്രീമന്ത്‌
ബാലസാഹേബ് പാട്ടീലിനെ കാണാതായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധാരാമയ്യ നടത്തിയ യോഗത്തില്‍ പങ്കെടുത്ത പാട്ടീല്‍ പങ്കെടുത്തിരുന്നു. ഇതുകഴിഞ്ഞ് എട്ടു മണിക്കു ശേഷം പാട്ടീലിനെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാട്ടീലിനെ കണ്ടെത്തുന്നതിന് വേണ്ടി പാര്‍ട്ടി വിപുലമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, എം എല്‍ എയെ കാണാതായെന്ന വാര്‍ത്ത കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ പി സി സി) നിഷേധിച്ചു. അദ്ദേഹം ചികിത്സക്കായി ആശുപത്രിയില്‍ പോയതാണെന്നാണ് കെ പി സി സി പറയുന്നത്.

അതിനിടെ, തുലാസിലാടി നില്‍ക്കുന്ന സര്‍ക്കാറിന് ചെറിയ ആശ്വാസം നല്‍കി രാജി പിന്‍വലിക്കുമെന്ന് വിമത കോണ്‍ഗ്രസ് എം എല്‍ എ. രാമലിംഗ റെഡ്ഢി അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ സഖ്യ സര്‍ക്കാറിന് അനുകൂലമായി ഇദ്ദേഹം വോട്ടു ചെയ്‌തേക്കുമെന്നാണ് സൂചന. എന്നാല്‍, ഇതുകൊണ്ടു മാത്രം സര്‍ക്കാര്‍ രക്ഷപ്പെടില്ല. അതിന് മുംബൈ റിസോര്‍ട്ടില്‍ കഴിയുന്ന മറ്റു വിമതരുടെയും പിന്തുണ വേണം. ഇവരാരും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിലവില്‍ സന്നദ്ധത അറിയിച്ചിട്ടില്ല.

രാവിലെ 11നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എം എല്‍ എമാരില്‍ സമ്മര്‍ദം ചെലുത്താനാകില്ലെന്നുമുള്ള സുപ്രീം കോടതി വിധി ഫലത്തില്‍ സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്. കോണ്‍ഗ്രസില്‍ നിന്ന് 13ഉം ജനതാദള്‍ എസില്‍ നിന്ന് മൂന്നുമായി 16 എം എല്‍ എമാര്‍ രാജിവച്ചിട്ടുള്ളതിനാല്‍ വിശ്വാസ വോട്ട് നേടാനുള്ള അംഗബലം സര്‍ക്കാറിനില്ല. ഏഴു പേരെങ്കിലും തിരിച്ചെത്തി രാജി പിന്‍വലിക്കാനും പിന്തുണക്കാനും തയാറായാല്‍ മാത്രമെ സര്‍ക്കാറിനെ നിലനിര്‍ത്താനാകൂ എന്നതാണ് സ്ഥിതി.