Connect with us

Health

സുഖമായി ഉറങ്ങുക

Published

|

Last Updated

പകല്‍ അധ്വാനിക്കുന്നവര്‍ക്ക് വിശ്രമം വേണം. ശരീരത്തിന് വിശ്രമം ലഭിക്കുമ്പോഴാണ് മനസ്സിന് ആരോഗ്യമുണ്ടാകുക. നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഉപബോധമനസ് വിശ്രമത്തിനുവേണ്ടി കൊതിക്കും. നാം വിശ്രമം നല്‍കുന്നില്ലെങ്കില്‍ പനിയിലൂടെയും മറ്റും ഉപബോധമനസ്സ് വിശ്രമം പിടിച്ചെടുക്കും.

അല്ലാഹു രാത്രി മനുഷ്യന് വിശ്രമസങ്കേതമാക്കി. ഉറങ്ങാന്‍ ഒരുങ്ങുന്ന വ്യക്തി തന്റെ ഉറക്കം ആശ്വാസകരവും ആരോഗ്യകരവുമാക്കണം. ഉറക്കം മരണത്തിന്റെ ചെറിയൊരു രൂപമാണ്. അതു നല്ല രീതിയിലാകണം. കാറ്റും വെളിച്ചവും വേണ്ടത്ര കിട്ടുന്നതായിരിക്കണം കിടപ്പുമുറി. വാതിലുകളും ജനലുകളുമെല്ലാം പൂര്‍ണമായി അടച്ച് ഉറങ്ങരുത്. കിടക്കയും തലയിണയുമെല്ലാം ഇടക്കിടെ വെയിലു കൊള്ളിക്കണം. കട്ടിലിന്റെ അടിഭാഗവും മറ്റും എല്ലാദിവസവും അടിച്ചുവാരി വൃത്തിയാക്കണം. മുറിയിലുള്ള ചിലന്തിവലകള്‍ നീക്കം ചെയ്യണം.

ഉറങ്ങുന്നതിനു മുമ്പ് ദന്തശുദ്ധീകരണം നടത്തുന്നതും അംഗശുദ്ധി വരുത്തുന്നതും നല്ലതാണ്. ഉറങ്ങാന്‍ നേരത്ത് ചൊല്ലേണ്ട ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആന്‍ സൂറത്തുകളും ചൊല്ലാന്‍ മറക്കരുത്. കിടക്കുന്നതിന്റെ മുമ്പ് വിരിപ്പുകള്‍ കുടഞ്ഞ് വൃത്തിയാക്കാന്‍ മറക്കരുത്. നബി(സ്വ) പറയുന്നു: “നിങ്ങള്‍ ശയനസ്ഥാനത്തേക്കു ചെന്നാല്‍ വിരിച്ച തുണിയുടെ ഉള്‍ഭാഗം തട്ടിക്കുടയുക. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ എഴുന്നേറ്റു പോന്നതിനുശേഷം വിരിപ്പില്‍ എന്തൊക്കെയാണ് വന്നു കിടക്കുന്നതെന്നറിയില്ല”.

ചിലര്‍ മൊബൈലില്‍ നിന്ന് പാട്ട് കേട്ടുകൊണ്ട് ഉറങ്ങുന്നു. സിനിമാഗാനങ്ങളും മറ്റും കണ്ടും കേട്ടും ഉറങ്ങുന്നവന്റെ മനസ്സ് എങ്ങനെയിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ചിലര്‍ ടിവി കണ്ടുകൊണ്ടിരിക്കെ ഉറങ്ങുന്നു. ഇതെല്ലാം ശരീരത്തിനും മനസ്സിലും ശോഷണം വരുത്തുന്നവയാണ്. ഉറക്കം ക്രമപ്പെടുത്തുകയും പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ പുലരുന്നതിനുമുമ്പ് ഉണരുകയും വേണം. അധികം വിശപ്പുള്ള അവസരത്തില്‍ ഉറങ്ങിയാല്‍ മെലിച്ചില്‍, നീരിറക്കം മുതലായ അസുഖങ്ങള്‍ ഉണ്ടാകും. ദേഹകാന്തി നഷ്ടപ്പെടുകയും ചെയ്യും.

ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുന്നതും തഥൈവ. ഉറക്കം ഇത്രസമയം എന്ന് ക്ലിപ്തപ്പെടുത്തുന്നത് പ്രായം, ദേഹസ്ഥിതി എന്നിവ അടിസ്ഥാനമാക്കിയാണ്. സാധാരണയില്‍ ആറ് മണിക്കൂര്‍ ഉറങ്ങണം. രാത്രി തുടരെയുള്ള ഉറക്കമൊഴിക്കല്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. ആയുസ്സിന്റെ അധികഭാഗവും ഉറങ്ങിത്തീര്‍ക്കരുത്. ആരാധനക്കും ഉറക്കിനും മറ്റും സമയം ക്രമീകരിക്കുക. നല്ല മനസ്സോടെ തൗബചിന്തയോടെ പാപത്തില്‍നിന്ന് മോചിതനായി വിരിപ്പിലേക്ക് ചെല്ലുക. ഉറക്കം സുഖമാകട്ടെ.

---- facebook comment plugin here -----

Latest