ഹജ്ജ്: ഇതുവരെ എത്തിയത് 388,521 തീര്‍ഥാടകര്‍

Posted on: July 17, 2019 10:13 pm | Last updated: July 17, 2019 at 10:13 pm

മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സഊദിയിലേക്കുള്ള ഹാജിമാരുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വരും ദിവസങ്ങളില്‍ കപ്പല്‍ വഴിയുള്ള തീര്‍ഥാടകരും യൂറോപ്യന്‍ തീര്‍ഥാടകരും കൂടി എത്തുന്നതോടെ വിശുദ്ധ ഹറമുകള്‍ നിറയും.  സഊദി പാസ്‌പോര്‍ട്ട് വിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വരെ 388,521 തീര്‍ഥാടകരാണ് സഊദിയിലെത്തിയത്. റോഡ് മാര്‍ഗം 1815 പേരും, കടല്‍ മാര്‍ഗം 1,276 പേരും വിമാന മാര്‍ഗം 385,430 പേരുമാണ് ഹജ്ജിനെത്തിയത്.

ഹജ്ജിനെത്തുന്ന വനിതാ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജിദ്ദയിലെ ഹജ്ജ് ടെര്‍മിനലില്‍ 208 കൗണ്ടറുകളാണ് തുറന്നിരിക്കുന്നത്, ദുല്‍ഹിജ്ജ നാലുവരെ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് വഴി കപ്പല്‍ മാര്‍ഗമുള്ള ഹാജിമാര്‍ ജിദ്ദയിലിറങ്ങും ഈ വര്‍ഷം 22 കപ്പല്‍ സര്‍വീസുകളിലായി 22,000 ഹാജിമാരാണ് ഹജ്ജിനെത്തുന്നത്.

ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ മുഖേന ഇതുവരെ 164 വിമാനങ്ങളിലായി 44,588 തീര്‍ഥാടകരാണെത്തിയത്. 9350 പേര്‍ മദീന സന്ദര്‍ശനം കഴിഞ്ഞ് മക്കയിലും 35237 പേര്‍ മദീനയിലുമാണുള്ളത്.