പ്ലസ്‌വൺ: മെറിറ്റ് ക്വാട്ട ഒഴിവിലേക്ക് ഇന്ന് അപേക്ഷിക്കാം

Posted on: July 17, 2019 8:45 am | Last updated: September 20, 2019 at 8:08 pm


തിരുവനന്തപും: വിവിധ അലോട്ട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധീകരിച്ച ഒഴിവിൽ പ്രവേശനം നേടുന്നതിന് ഇന്ന് അപേക്ഷ സമർപ്പിക്കാം. എന്നാൽ, നിലവിൽ പ്രവേശനം നേടിയവർക്കും വിവിധ ക്വാട്ടകളിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാനാകില്ല. നിലവിലുള്ള വേക്കൻസി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ ഇന്ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

ഈ ഒഴിവുകളിലേക്ക് പ്രവേശനം നേടാൻ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രിൻസിപ്പലിന് 17ന് വൈകിട്ട് നാലിനുള്ളിൽ സമർപ്പിക്കണം. ഇത്തരത്തിൽ സ്വീകരിക്കുന്ന അപേക്ഷകൾ പ്രിൻസിപ്പൽമാർ ഓൺലൈനായി അപ്‌ലോഡ് ചെയ്യും. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാവൂ. പ്രസിദ്ധീകരിച്ച ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ, കോഴ്‌സുകൾ വേണമെങ്കിലും ഈ അപേക്ഷയിൽ ഓപ്ഷനായി ഉൾപ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റിൽ ലഭ്യമാണ്.

സ്‌കൂളുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യപ്പെട്ട അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷൻ വെബ്‌സൈറ്റിൽ നാളെ രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ, കോഴ്‌സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷാകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ നാളെ രാവിലെ പത്ത് മുതൽ 12 ന് മുമ്പ് യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെ അസൽ രേഖകളും ഫീസുമായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. വിദ്യാർഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങൾ ഉറപ്പാക്കി വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ നാളെ 12ന് ശേഷം ഒന്നിനകം പ്രവേശനം പൂർത്തിയാക്കണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു.