Connect with us

National

കുല്‍ഭൂഷണ്‍ ജാദവ് കേസ്: അന്താരാഷ്ട്ര കോടതി വിധി ഇന്ന്; പ്രതീക്ഷയോടെ ഇന്ത്യ

Published

|

Last Updated

ഹേഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ഇന്ത്യന്‍ സമയം വൈകിട്ട്6.30ഓടെയാണ് കേസില്‍ കോടതി വിധി പറയുക. കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്ന് കോടതി വിധി പറയുക.

മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ 2016 മാര്‍ച്ച് മൂന്നിനാണ് അറിയിച്ചത്. ഇറാനില്‍ നിന്ന് ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാന്‍ പാകിസ്ഥാന്‍ സൈനിക കോടതി വിധിച്ചത്. തുടര്‍ന്ന് മെയ് മാസത്തില്‍ ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന സുപ്രധാനമായ വാദം ഉയര്‍ത്തി ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു.

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചു. നയതന്ത്രതല സഹായം കുല്‍ഭൂഷണ്‍ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസില്‍ ഇന്ന് വിധി പറയുന്നത്. ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ കോടതി വിധി കാത്തിരിക്കുന്നത്.

---- facebook comment plugin here -----

Latest