Connect with us

National

ഇന്ധനമില്ലാത്തതിനെത്തുടര്‍ന്ന് വിസ്താര വിമാനം അടിയന്തിരമായി നിലത്തിറക്കി;അപകടമൊഴിവായത് ഭാഗ്യത്തിന്

Published

|

Last Updated

ലക്‌നൗ: മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിസ്താര വിമാനം ഇന്ധനക്കുറവ് മൂലം അടിയന്തരമായി ലക്‌നൗവില്‍ ഇറക്കി. അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം അവശേഷിക്കെയാണ് വിമാനത്തിന്റെ അടിയന്തര ലാന്‍ഡിംഗ്. വിമാനത്തില്‍ 153 യാത്രക്കാരുണ്ടായിരുന്നു. സംഭവത്തില്‍ പൈലറ്റിനെതിരെ നടപടിയെടുത്തതായി വിസ്താര അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ ഇന്ധനം വളരെ കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റുമാര്‍ ലക്‌നൗവില്‍ ഇറക്കാന്‍ അനുമതി തേടി. യാത്രാ വിമാനങ്ങളില്‍ ഒരു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം റിസര്‍വായി സൂക്ഷിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇതാണ് ഉപയോഗിക്കുക. എന്നാല്‍, റിസര്‍വ് ഇന്ധനത്തിന്റെ അളവ് കുറഞ്ഞത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

ഭാഗ്യം കൊണ്ടാണ് വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് വിദഗ്ധര്‍ പറഞ്ഞു. മുംബൈയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്ക് രണ്ടര മണിക്കൂര്‍ സമയാണ് വേണ്ടത്. എന്നാല്‍, മോശം കാലാവസ്ഥ മൂലം ഡല്‍ഹിയില്‍ വിമാനം ഇറക്കാനായില്ല. തുടര്‍ന്ന് ലക്‌നൗവിലേക്ക് പുറപ്പെട്ടു. ലക്‌നൗവിലും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് അലഹബാദിലേക്ക് പുറപ്പെട്ടു. എന്നാല്‍, ലക്‌നൗവില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അവിടെ തന്നെ ഇറക്കുകയായിരുന്നു. വിമാനം ഇവിടെ ലാന്‍ഡ് ചെയ്യുമ്പോള്‍ വെറും അഞ്ച് മിനിറ്റ് മാത്രം പറക്കാനുള്ള ഇന്ധനം മാത്രമാണ് വിമാനത്തില്‍ ശേഷിച്ചിരുന്നത്.

Latest