Connect with us

Kerala

കര്‍ണാടക: വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമയപരിധി നിശ്ചയിക്കുന്നില്ലെന്നും ഉചിതമായ തീരുമാനം സ്പീക്കര്‍ക്കെടുക്കാമെന്നും കോടതി വിധിച്ചു. ഇക്കാര്യത്തില്‍ സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ല. ഭരണഘടനാപരമായകാര്യങ്ങള്‍ പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് വിമതരോട് ആവശ്യപ്പെടാന്‍ സ്പീക്കര്‍ക്കാകില്ലെന്നും കോടതി പറഞ്ഞു. തങ്ങളുടെ രാജി സ്പീക്കര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.
രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് സ്പീക്കര്‍ കോടതിയില്‍ വാദിച്ചിരുന്നു. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസില്‍ വാദം കേള്‍ക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.