Connect with us

Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മൂന്ന് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ അതിതീവ്ര മഴക്കുള്ള സാധ്യത കണക്കിലെടുത്താണിത്.

മഴ കെടുതികള്‍ വിതക്കാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതരും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, വ്യാഴാഴ്ച കോട്ടയം, വെള്ളിയാഴ്ച എറണാകുളം, പാലക്കാട് ശനിയാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴക്ക് സാധ്യതയുണ്ട്.

വരും ദിവസങ്ങളില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.