ബിഹാറില്‍ പ്രളയം 25 ലക്ഷം പേരെ ബാധിച്ചു; ദുരിതബാധിതരെ സഹായിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും: നിതീഷ്

Posted on: July 16, 2019 5:00 pm | Last updated: July 17, 2019 at 10:34 am

പാറ്റ്‌ന: ബിഹാറില്‍ പ്രളയം 25 ലക്ഷം പേരെ ബാധിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ അറിയിച്ചു. ദുരിതബാധിതരെ സഹായിക്കാന്‍ സാധ്യമായതെല്ലാം
ചെയ്യുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പു നല്‍കി. പ്രളയം കെടുതികള്‍ വിതച്ച പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്ക് ഉചിതവും സമയബന്ധിതവുമായ നഷ്ടപരിഹാരം നല്‍കും. ജില്ലകള്‍ തോറും അടിയന്തര രക്ഷാ-ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. പ്രളയത്തില്‍ കേടുപാടുകള്‍ പറ്റിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം വെള്ളം താഴ്ന്നാലുടന്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കും.

എന്നാല്‍, പ്രളയക്കെടുതികള്‍ നേരിടാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളില്‍ പ്രതിപക്ഷം തൃപ്തരല്ല. ആശങ്കയുയര്‍ത്തി റാബ്രി ദേവിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നിയമസഭക്കു പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് 31 പേര്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.