സ്‌കൂൾ മുഴുക്കെ കുളിര് പകർന്ന വാക്ക്

ഇടപെടേണ്ട സ്ഥലത്ത് സന്ദർഭോചിതമായി ഇടപെടണം, നമ്മുടെ ഒരു വാക്ക് ഒരാൾക്ക് ജീവൻ നൽകുമെങ്കിൽ, ഒരു അടുപ്പിൽ തീ ഉയരുമെങ്കിൽ നാം അതിന് സന്നദ്ധമാവണം. ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്നതിൽ വ്യാപൃതനായാൽ ജഗനിയന്താവ് അവനെ സഹായിക്കുന്നതിലായിരിക്കും (ഹദീസ്).
പ്രചോദനം
Posted on: July 16, 2019 4:07 pm | Last updated: July 16, 2019 at 4:08 pm

നാം ചെറുതെന്ന് കരുതി നിസ്സാരമായി തള്ളുന്നത് ചിലപ്പോൾ വിലമതിക്കാനാവാത്തതായിരിക്കും. കേവലം ഒരു വാക്ക് കൊണ്ടായിരിക്കും വലിയ വഴിത്തിരിവുകൾ രൂപപ്പെടുന്നത്. ഒരു ഒത്തുകൂടലും പിരിയലും അതുല്യ വികസനങ്ങൾക്ക് വിത്ത് പാകലായിരിക്കാം. കാര്യങ്ങളിൽ നിങ്ങൾ കൂടിയാലോചന നടത്തണമെന്നും പടച്ചോന്റെ സഹായം സംഘത്തിനാണെന്നും പ്രവാചകൻ പഠിപ്പിച്ചത് ഇതിനോട് ചേർത്ത് വായിക്കാം. മുൻവിധിയോടെ കാര്യങ്ങളെ വിലയിരുത്തി അവഗണിക്കുന്നത് കരണീയമല്ലെന്ന് ചുരുക്കം. ചില സമയങ്ങൾക്ക് മഹത്വവും പൊരുത്തവുമുണ്ടാകും. ആ സമയത്തോട് നമ്മുടെ സംസാരം ഒത്തുവന്നാൽ മികച്ച ഫലം ഉണ്ടാക്കിയെന്ന് വരാം. മറ്റുള്ളവരെ ശപിക്കരുതെന്നും എതിരായി പ്രാർഥിക്കരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. കാരണം, ചില സമയത്തോട് അത് യോജിച്ചു വന്നാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മുത്ത് നബി (സ) പറഞ്ഞത് കാണാം, നല്ലതിൽ നിന്ന് ഒന്നിനെയും നിസ്സാരവത്കരിക്കരുത്, തന്റെ സഹോദരനോട് പ്രസന്ന വദനവുമായി സമീപിക്കുന്നത് പോലും.

ഇനി വിഷയത്തിലേക്ക് വരാം. പരിചയക്കാരനായ കുടുംബ നാഥൻ പതിവുപോലെ ഉസ്‌റതു ത്വയ്യിബ (സംഘടനാ പദ്ധതിയായ ഫാമിലി മീറ്റ്) സംഘടിപ്പിച്ചു. ചർച്ചക്കിടെ ഇളയ മകൾ ഫാത്വിമ റഹ്മക്കൊരു ആവശ്യം- ഉപ്പാ, ക്ലാസിൽ ഫാൻ ഇല്ലാത്തതിനാൽ സ്‌കൂളിൽ പോകാൻ ആവില്ല, പ്രയാസമാണ്. ചൂട് സഹിക്കാനാവുന്നില്ല. പരാതി പിതാവ് ഗൗരവത്തിലെടുത്തു. നാട്ടിലെ വാട്‌സാപ്പ് കൂട്ടായ്മയിൽ കാര്യം ഉണർത്തി നോക്കിയാലോ എന്ന് ചിന്തിച്ചു. അങ്ങനെ അതിൽ പ്രശ്‌നം അവതരിപ്പിച്ചു. പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരു ചാക്ക്, ചെലവൊന്നുമില്ലല്ലൊ. എന്തിന് മടി കാണിക്കണം. കുഞ്ചൻ നന്പ്യാർ ചിന്തിച്ചത് പോലെ, വീടിന് മുന്നിലൂടെ ആനയുമായി പോകുന്ന പാപ്പാനോട് ആനയെ വിൽക്കുന്നോ എന്ന് ചോദിച്ചു നോക്കിയാലോ. അല്ലെങ്കിൽ വേണ്ട… വെറുതെ ഒരു… രണ്ടും കൽപ്പിച്ച് ചോദിച്ചപ്പോൾ ലഭിച്ചതോ, ആനയെയല്ലേ..

ഏതായാലും വെറുതെയായില്ല… ആശ്ചര്യം, മണിക്കൂറുകൾ കൊണ്ട് എല്ലാ ക്ലാസിലേക്കുമായി 34 ഫാനുകൾ റെഡി.. സംഗതി കുശാൽ. പൂ ചോദിച്ചപ്പോൾ പൂന്തോട്ടം ലഭിച്ചത് പോലെ. സോഷ്യൽ മീഡിയ ഇത്തരം കാര്യങ്ങൾക്ക് ഉപകാരപ്രദമാണ്. നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാനും കനലെരിയുന്ന ലക്ഷങ്ങളുടെ മനസ്സകങ്ങളിൽ കുളിർ നിറക്കാനും ഇത് കാരണമായിട്ടുണ്ട് എന്നത് സന്തോഷദായകമാണ്.

ഇനി, കറങ്ങുന്ന പങ്കയിൽ നിന്നുള്ള കാറ്റിന്റെ കുളിർമയിൽ പഠനം സുഖകരം, മനോഹരം. ഒരു കുഞ്ഞു മനസ്സിൽ നിന്നുയർന്ന ആവലാതി നൂറുകണക്കിനു സഹപാഠികൾക്കാണ് ആശ്വാസമായത്. ഒരു കൂടിയിരുത്തം കൊണ്ട് കിട്ടിയ നേട്ടമാണിത്. ആ പദ്ധതി ആവിഷ്‌കരിച്ചവർക്കും അത് കൈമാറിത്തന്നവർക്കും സഹപ്രവർത്തകർക്കും ലഭിക്കുന്ന പ്രതിഫലം എത്രയോ…. ഇടപെടേണ്ട സ്ഥലത്ത് സന്ദർഭോചിതമായി ഇടപെടണം, നമ്മുടെ ഒരു വാക്ക് ഒരാൾക്ക് ജീവൻ നൽകുമെങ്കിൽ, ഒരു അടുപ്പിൽ തീ ഉയരുമെങ്കിൽ നാം അതിന് സന്നദ്ധമാവണം. ഒരാൾ തന്റെ സഹോദരനെ സഹായിക്കുന്നതിൽ വ്യാപൃതനായാൽ ജഗനിയന്താവ് അവനെ സഹായിക്കുന്നതിലായിരിക്കും (ഹദീസ്).

എം പി സഖാഫി കുറിഞ്ഞാലിയോട്
[email protected]