കര്‍ണാടക: വിമത എം എല്‍ എമാരുടെ ഹരജിയില്‍ സുപ്രീം കോടതി വിധി ബുധനാഴ്ച

Posted on: July 16, 2019 12:57 pm | Last updated: July 17, 2019 at 10:34 am

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍  കെ ആര്‍ രമേഷ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നതായി ആരോപിച്ച് 15 വിമത എം എല്‍ എമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ബുധനാഴ്ച രാവിലെ 10.30ന് വിധി പറയും.

വിമതരുടെ രാജിക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത് സ്പീക്കറാണെന്നും അതെങ്ങനെ വേണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും കോടതി ഇന്ന് വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എം എല്‍ എമാര്‍ക്കു വേണ്ടി ഹാജരായത്.

രാജിവെച്ച് ജനങ്ങളിലേക്ക് പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അത് തങ്ങളുടെ അവകാശമാണെന്നും അഭിഭാഷകന്‍ മുഖേന വിമത എം എല്‍ എമാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, എം എല്‍ എയായി തുടരാന്‍ സ്പീക്കര്‍ നിര്‍ബന്ധിക്കുകയാണ്. രാജിവച്ച എം എല്‍ എമാരില്‍ രണ്ടു പേര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ നടക്കുന്നതായും റോത്തഗി പറഞ്ഞു. രാജി അംഗീകരിച്ചാല്‍ കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമാകും എന്നുള്ളതു കൊണ്ടാണ് സ്പീക്കര്‍ രാജി അംഗീകരിക്കാത്തതും താത്പര്യമില്ലാത്ത വിഭാഗത്തിനൊപ്പം തുടരാന്‍ നിര്‍ബന്ധിക്കുന്നതുമെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.