ബൈക്കിലെത്തി മലയാളി യുവതിയുടെ ബാഗ് കവര്‍ന്നു

Posted on: July 15, 2019 8:29 pm | Last updated: July 15, 2019 at 8:29 pm

റാസ് അല്‍ ഖൈമ: ബൈക്കിലത്തെിയ മോഷ്ടാവ് കോഴിക്കോട് സ്വദേശിനിയുടെ ബാഗ് തട്ടിയെടുത്ത് കടന്നുകളഞ്ഞു. റാസല്‍ഖൈമ വീനസ് റസ്റ്റോറന്റിന് എതിര്‍വശമാണ് ആക്രമണം.

അല്‍ നഖീല്‍ പ്രിന്റിംഗ് പ്രസിലെ ജീവനക്കാരി ആശ മെല്‍വിനാണ് കവര്‍ച്ചക്കിരയായത്. ശനിയാഴ്ച രാത്രി 9.10ന് ജോലി കഴിഞ്ഞ് തന്റെ ഫഌറ്റിന് സമീപം പതിവുപോലെ കമ്പനി വാഹനത്തിലാണ് വന്നിറങ്ങിയതെന്ന് ആശ പറഞ്ഞു. സമീപത്തെ ഗ്രോസറിയില്‍ കയറി തിരികെ ഫഌറ്റിലേക്ക് നടക്കുമ്പോള്‍ പുറകില്‍ ബൈക്കിലത്തെിയയാള്‍ ബാഗ് തട്ടിയെടുക്കുകയായിരുന്നു. ബൈക്കുകാരന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ഒച്ചവെച്ച് ആളുകളെ കൂട്ടിയെങ്കിലും ബൈക്കുകാരന്‍ പ്രധാന റോഡില്‍ പ്രവേശിച്ച് കടന്നുകളഞ്ഞു. 2,300 ദിര്‍ഹം, എമിറേറ്റ്‌സ് ഐ ഡി, എ ടി എം കാര്‍ഡ് തുടങ്ങിയവ ബാഗിലുണ്ടായിരുന്നു. അല്‍ മാമൂറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ആശ മെല്‍വിന്‍ പറഞ്ഞു. പോലീസ് സ്ഥലത്തത്തെി പരിശോധന നടത്തി.