കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കാര്യവട്ടം കാമ്പസിനുള്ളില്‍ കാട്ടില്‍ കണ്ടെത്തി

Posted on: July 15, 2019 6:52 pm | Last updated: July 15, 2019 at 7:36 pm

കഴക്കൂട്ടം: ഒരാഴ്ച മുന്‍പ് കാര്യവട്ടം ക്യാമ്പസില്‍നിന്ന് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി കോഴിക്കോട് വടകര സ്വദേശി ശ്യാന്‍ പത്മനാഭന്റെ(27) മൃതദേഹമാണ് ജീര്‍ണിച്ച നിലയില്‍ ക്യാമ്പസിനുള്ളിലെ കാട്ടില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നു കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക സൂചന.

ദുര്‍ഗന്ധത്തെത്തുടര്‍ന്ന് കോളജ് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് വടകര പുത്തൂര്‍ വരദയില്‍ പത്മനാഭന്റെയും ശൈലജയുടെയും മകനാണ്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം പാങ്ങപ്പാറയിലെ ഫ് ളാറ്റിലായിരുന്നു ശ്യാന്‍ താമസിച്ചിരുന്നത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെ ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ശ്യാനിനെ പിന്നീട് കാണാതാവുകയായിരുന്നു. ബിടെക് പാസായശേഷം ബെംഗളൂരൂവിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ ശ്യാന്‍ കുറേ നാള്‍ ജോലി ചെയ്തിരുന്നു.