ഗപ്റ്റില്‍… ഇത് കര്‍മഫലം; ട്വീറ്റുമായി ധോണി ആരാധകര്‍

Posted on: July 15, 2019 2:50 am | Last updated: July 15, 2019 at 9:36 am

 

ലോര്‍ഡ്‌സ്: സെമി ഫൈനലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റണ്‍ഔട്ട് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലോടെയായിരുന്നു കണ്ടത്. വിജയപ്രതീക്ഷയില്‍ മുന്നേറിയ ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീണ നിമിഷങ്ങള്‍ എങ്ങനെ മറക്കും. ന്യൂസിലന്‍ഡ് താരം മാര്‍ടിന്‍ ഗപ്റ്റിലായിരുന്നു ധോണിയെ അന്ന് റണ്‍ഔട്ടാക്കിയത്. കണ്ണീരോടെ ധോണി മടങ്ങുന്നത് കണ്ടുനില്‍ക്കാനായില്ല. അതേ ഗപ്റ്റിലിന്റെ റണ്‍ഔട്ട് ഇന്ന് ന്യൂസിലാന്‍ഡിന്റെ കിരീടവും നഷ്ടപെടുത്തിയത് ട്വിറ്ററില്‍ ചര്‍ച്ചയായിരിക്കുകയാണ്.

വിജയിക്കാന്‍ 2 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ രണ്ടാം റണ്‍സിന് ഓടുന്നതിനിടെയാണ് ഗപ്റ്റില്‍ പുറത്തായത്. റോയ്യുടെ ത്രോയില്‍ ബട്ലര്‍ സ്റ്റംപ് ചെയ്തപ്പോള്‍ ന്യൂസിലാന്‍ഡിന്റെ കിരീട സ്വപ്‌നവും അസ്തമിച്ചു. ഇരു താരങ്ങളും പുറത്താകുന്നത് ചേര്‍ത്ത് വെച്ച് ‘താങ്കള്‍ക്ക് ഇപ്പോള്‍ എന്ത് ഫീല്‍ ചെയ്യുന്നു…’ എന്ന് ഗപ്റ്റിലിനോട് ചേദിക്കുന്നവരുണ്ട്. ഗപ്റ്റിലിന്റെ റണ്‍ഔട്ട് ധോണിയോടുള്ള പ്രവര്‍ത്തനത്തിന്റെ കര്‍മഫലമാണെന്നാണ് മറ്റുചിലര്‍ ട്വിറ്ററില്‍ കുറിച്ചത്.