ഊഴം കാത്ത്‌ ജനാധിപത്യം ക്യൂവിലുണ്ട്

ജനാധിപത്യത്തിന്റെ വാതിലടഞ്ഞിരിക്കുന്നു എന്ന് കരുതാന്‍ നമ്മള്‍ നിരത്തുന്ന കാരണങ്ങള്‍ എത്രയുണ്ടോ, പ്രതാപകാലത്തിലേക്ക് ജനാധിപത്യം തിരിച്ചു പോകുമെന്നു വിശ്വസിക്കാന്‍ അതിലേറെ ന്യായങ്ങളും കാരണങ്ങളുമുണ്ട്. നിര്‍വചനങ്ങളില്‍ നിര്‍വൃതി കൊള്ളാവുന്ന ഘട്ടം ജനാധിപത്യം എന്നേ പിന്നിട്ടിരിക്കുന്നു. ഭരണഘടനാ അസംബ്ലിയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വൈരുധ്യങ്ങളെ അതിന്റെ ഏറ്റവും ഉഗ്രരൂപത്തില്‍ അഭിമുഖീകരിക്കുന്ന കാലത്ത് നിര്‍വചനങ്ങള്‍ക്ക് പിറകെ പോകുന്നത് നിരര്‍ഥകവും നിഷ്ഫലവുമായിരിക്കും. ജനാധിപത്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആദ്യാവസാനം രാഷ്ട്രീയ കക്ഷികള്‍ക്കാണ് എന്ന് കരുതി സമാധനപ്പെടുന്ന "പൗരബോധ'ത്തെയാണ് ആദ്യം കല്ലെറിയേണ്ടത്. അടിയന്തരാവസ്ഥയുടെ അടിച്ചമര്‍ത്തല്‍ കാലത്ത് പോലും നമ്മുടെ തെരുവുകള്‍ നിശ്ശബ്ദമായിരുന്നില്ല. ജനങ്ങളെ നയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള നേതാക്കള്‍ ഇന്നില്ല. ജയപ്രകാശ് നാരായണന്റെ വിളി കേട്ട് ആയിരങ്ങള്‍ ഓടിയെത്തിയിരുന്നു അന്ന്. ദേവഗൗഡയോ കുമാര സാമിയോ വിളിച്ചാല്‍ ഓടിയെത്താന്‍ ആരുണ്ടാകും? കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും ജനങ്ങളെ ഭയന്ന ഒരു കാലമുണ്ടായിരുന്നു. ജനാധിപത്യത്തിന്റെ സുവര്‍ണകാലം അതായിരുന്നു. ഇപ്പോള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളത് അരാഷ്ട്രീയ സമൂഹമോ വര്‍ഗീയ ആള്‍ക്കൂട്ടമോ ആണ്. അവരെ രാഷ്ട്രീയ ജീവികളാക്കി മാറ്റുകയെന്നതാണ് മതേതര കക്ഷികള്‍ ഏറ്റെടുക്കേണ്ട സുപ്രധാന ദൗത്യം.
Posted on: July 12, 2019 11:16 am | Last updated: July 12, 2019 at 11:36 am

നാമിപ്പോള്‍ സംസാരിക്കാന്‍ പോകുന്നത് ജനാധിപത്യത്തെ കുറിച്ചാണ്. ഏത് ജനാധിപത്യം എന്ന ചോദ്യം തികട്ടി വരുന്നുണ്ടോ നിങ്ങള്‍ക്ക്? പണാധിപത്യം ജനാധിപത്യത്തെ മുച്ചൂടും വിഴുങ്ങിയ കാലത്ത് ജനാധിപത്യത്തെക്കുറിച്ച് എന്തു സംസാരിക്കാന്‍ എന്ന് തോന്നുന്നുവോ? എങ്കില്‍, നമ്മളിനിയും ജനാധിപത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അതിനര്‍ഥം. ജനാധിപത്യം ഇരുട്ടല്ല, വെളിച്ചമാണ്. വെളിച്ചത്തിലേക്കുള്ള നീണ്ട വഴിയാണ്. ആ വഴിയിലെവിടെയോ കാണുന്ന ഇരുട്ടിനെ നോക്കി, ഇതാ ഞങ്ങള്‍ വെളിച്ചത്തില്‍ നിന്ന് പുറത്താക്കപ്പെട്ടു എന്ന് നിലവിളിക്കാതിരിക്കൂ. ലക്ഷ്യത്തിലേക്ക് നമ്മളെത്തിച്ചേരുക തന്നെ ചെയ്യും.
ഒരു രാഷ്ട്രീയ ലേഖനത്തിന് ഇങ്ങനെയൊരാമുഖം ആവശ്യമായി വരുന്നതെന്തുകൊണ്ട് എന്ന് നമുക്കിപ്പോഴറിയാം; സകല പ്രവചനങ്ങളെയും പിറകിലേക്ക് തള്ളിമാറ്റിയുള്ള മോദി ടീമിന്റെ അധികാരത്തിലേക്കുള്ള രണ്ടാം വരവ്, കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വി, ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ പതനം, ആള്‍ക്കൂട്ട ആക്രമണങ്ങളിലുണ്ടായ വര്‍ധന, കര്‍ണാടകയിലും ഗോവയിലും പണമെറിഞ്ഞ് ബി ജെ പി നടത്തുന്ന അധികാര കൈയേറ്റങ്ങള്‍…

നമുക്ക് നിരാശപ്പെടാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. നമ്മുടെ നിരാശയെ സാധൂകരിക്കുന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. മായ്ച്ചു കളയാനാകാത്ത ഓര്‍മകള്‍ നമ്മുടെ മനസ്സുകളില്‍ ഞെരിപിരി കൊള്ളുന്നുണ്ട്. ആള്‍ക്കൂട്ട ക്രൗര്യത്തിന്റെ ചോരയടയാളങ്ങള്‍ വഴിയിലുടനീളം തെളിഞ്ഞു കിടപ്പുണ്ട്. അധികാരികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നവരെ പല വഴികളില്‍ ദ്രോഹിക്കുന്നുണ്ട്. ഈ ലേഖനമെഴുതുമ്പോള്‍ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക ദമ്പതികള്‍ ഇന്ദിരാ ജയ്സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റെയും വീട്ടിലും ഓഫീസിലും സി ബി ഐ റെയ്ഡ് നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നുണ്ട്. ഇരുവരും ചേര്‍ന്ന് നടത്തുന്ന നിയമ സഹായ സന്നദ്ധ സംഘടന ലോയേഴ്സ് കളക്ടീവിന് വേണ്ടി വിദേശത്ത് നിന്ന് ചട്ടവിരുദ്ധമായി ഫണ്ട് സ്വീകരിച്ചു എന്നാണ് ആരോപണം. മോദി- അമിത് ഷാ ദ്വന്ദത്തിന് അഭിഭാഷക ദമ്പതികളോടുള്ള അനിഷ്ടമാണ് കേസായും റെയ്ഡായും മാറുന്നത് എന്ന് ഡല്‍ഹി വൃത്തങ്ങള്‍ അടക്കം പറയുന്നുണ്ട്. ഭരണകൂടം വരച്ച നിയന്ത്രണ രേഖക്ക് പുറത്ത് ഒരാവിഷ്‌കാരവും സാധ്യമല്ലാത്ത വിധം നമ്മുടെ രാഷ്ട്രീയ മണ്ഡലം വരിഞ്ഞു മുറുക്കപ്പെടുന്ന വാര്‍ത്തകളും കേള്‍ക്കുന്നു. എല്ലാം ശരി തന്നെ; പക്ഷേ, അതൊന്നും ജനാധിപത്യത്തെ പ്രതിയുള്ള നൈരാശ്യത്തിലേക്ക് കൂപ്പുകുത്താനുള്ള കാരണങ്ങളായിക്കൂടാ. നമ്മള്‍ കെട്ടിയുയര്‍ത്തിയ ചിറകളും അണകളും തകര്‍ത്ത് ജലം അതിന്റെ വഴി കണ്ടെത്താറില്ലേ. ഡാമുകള്‍ തകര്‍ത്തും വെള്ളം കുത്തിയൊലിക്കാറില്ലേ. കാലവും ചരിത്രവും അങ്ങനെയാണ്. അതെവിടെയും കെട്ടിക്കിടക്കില്ല. ചിറ തകര്‍ത്ത് ഒഴുകാതിരിക്കാന്‍ അതിനാകില്ല. അത് സഞ്ചാരപഥം കണ്ടെത്തുക തന്നെ ചെയ്യും. അന്ന് ജനാധിപത്യത്തിന്റെ പക്ഷത്തുനില്‍ക്കാന്‍ എത്ര പേരുണ്ടാകും എന്ന് പ്രവചിക്കാനാകില്ല. എങ്കിലും അത് സംഭവിക്കാതിരിക്കില്ല.

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക ദമ്പതികളായ ഇന്ദിരാ ജയ്‌സിംഗും ആനന്ദ് ഗ്രോവറും

ജനാധിപത്യത്തിന് ചിറ കെട്ടിയ കാലം നമ്മളോര്‍ക്കുന്നുണ്ട്; 1975ലെ അടിയന്തരാവസ്ഥ. ആ കറുത്ത നാളുകളെ ഇന്ത്യ എങ്ങനെ അതിജയിച്ചു എന്ന് നമുക്കറിയാം. അതൊരു ചരിത്രമല്ല, പാഠമാണ്. ജനം മറക്കരുതാത്ത പാഠം. ഇന്നത്തെ രാജ്യാധികാര ശക്തികള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ക്കേണ്ട പാഠം.
ജനാധിപത്യത്തിന്റെ വാതിലടഞ്ഞിരിക്കുന്നു എന്ന് കരുതാന്‍ നമ്മള്‍ നിരത്തുന്ന കാരണങ്ങള്‍ എത്രയുണ്ടോ, പ്രതാപ കാലത്തിലേക്ക് ജനാധിപത്യം തിരിച്ചു പോകുമെന്നു വിശ്വസിക്കാന്‍ അതിലേറെ ന്യായങ്ങളും കാരണങ്ങളുമുണ്ട്. തായ്ലന്‍ഡിലെ വെള്ളം നിറഞ്ഞ ഗുഹയിലകപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ പ്രയത്‌നങ്ങളുടെ എത്രയോ ഇരട്ടി ഊര്‍ജവും സമയവും രാജ്യത്തെ ഓരോ ജനാധിപത്യ വിശ്വാസിയും അതിനായി വിനിയോഗിക്കേണ്ടി വരുമെന്നേയുള്ളൂ. സമഗ്രാധിപത്യത്തിന്റെ ഇരുണ്ട ഗുഹയില്‍ നിന്ന് ജനാധിപത്യത്തിന്റെ വിഹായസ്സിലേക്ക് നമുക്കെത്തിച്ചേരാവുന്ന അനേകം കൈവഴികളെ കുറിച്ച് ബോധവാന്മാരാകുക എന്നതാണ് പ്രധാനം.

എന്താണ് ജനാധിപത്യം?

നിര്‍വചനങ്ങളില്‍ നിര്‍വൃതി കൊള്ളാവുന്ന ഘട്ടം ജനാധിപത്യം എന്നേ പിന്നിട്ടിരിക്കുന്നു. ഭരണഘടനാ അസംബ്ലിയില്‍ ഡോ. ബി ആര്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടിയ വൈരുധ്യങ്ങളെ അതിന്റെ ഏറ്റവും ഉഗ്രരൂപത്തില്‍ അഭിമുഖീകരിക്കുന്ന കാലത്ത് നിര്‍വചനങ്ങള്‍ക്ക് പിറകെ പോകുന്നത് നിരര്‍ഥകവും നിഷ്ഫലവുമായിരിക്കും. ആകയാല്‍ നമുക്ക് യാഥാര്‍ഥ്യങ്ങളുടെ കോണിലൂടെ കാര്യങ്ങളെ വിശകലനം ചെയ്യാം.

തുല്യരുടെ ആധിപത്യം എന്ന ഗാന്ധിയന്‍ നിലപാടുതറയില്‍ നിന്ന് ഇന്ത്യന്‍ ജനാധിപത്യം നെഹ്റുവിന്റെ കാലത്ത് തന്നെ പുറത്തുകടന്നിട്ടുണ്ട്. അപ്പോഴും വിമര്‍ശിക്കുന്നവരെ ഉള്‍കൊള്ളാനും എണ്ണത്തില്‍ തീരെ കുറവായിരുന്നിട്ടും പ്രതിപക്ഷത്തെ മാനിക്കാനും നെഹ്റു ഭരണം അന്തസ്സ് കാട്ടിയിരുന്നു. പ്രധാനമന്ത്രി നെഹ്റുവിനെ തനിക്കെതിരെ മത്സരിക്കാന്‍ വെല്ലുവിളിച്ചയാളാണ് മലയാളിയായ എ കെ ഗോപാലന്‍. നെഹ്റു അവതരിപ്പിച്ച ആദ്യ പൊതുബജറ്റിനെതിരെ രൂക്ഷവിമര്‍ശം ഉന്നയിച്ചയാള്‍. വിയോജിപ്പിന്റെയും വിമര്‍ശത്തിന്റെയും ആ ശബ്ദം കേള്‍ക്കാന്‍ വേണ്ടി മാത്രം പാര്‍ലിമെന്റിലേക്ക് തിരിച്ചുവന്ന നെഹ്റുവുണ്ട് ചരിത്രത്തില്‍. പാര്‍ലിമെന്റ് നടപടികള്‍ക്കിടെ എന്തോ ആവശ്യത്തിന് പുറത്തേക്കിറങ്ങുമ്പോഴാണ് അടുത്ത സംസാരത്തിനായി എ കെ ജിയെ സ്പീക്കര്‍ വിളിക്കുന്നത്. സഭയുടെ വാതില്‍ക്കല്‍ നിന്ന് പ്രധാനമന്ത്രി തിരിച്ചുവന്ന് ഇരിപ്പിടത്തിലിരുന്നു. എ കെ ജിയുടെ പ്രസംഗം കേട്ടു. എന്തുകൊണ്ട് ഈ താത്പര്യം എന്ന ചോദ്യത്തിന് നെഹ്റുവിന് ഉത്തരമുണ്ടായിരുന്നു: “അദ്ദേഹത്തിന്റെ-എ കെ ജിയുടെ- വാക്കുകളില്‍ രാജ്യത്തെ ജനങ്ങളുടെ ശബ്ദമുണ്ട്. അത് കേള്‍ക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്’. വിമര്‍ശങ്ങള്‍ക്കും ചെറു വിഭാഗത്തിന്റെ ശബ്ദങ്ങള്‍ക്കും ചെവി കൊടുക്കാനുള്ള രാഷ്ട്രീയ ആഭിജാത്യത്തിന്റെ പേരാണ് ജനാധിപത്യം. നെഹ്റുവില്‍ നമ്മള്‍ ആ ആഭിജാത്യം കാണുന്നു.

ഭൂരിപക്ഷഹിതം നടപ്പാക്കലാണ് ജനാധിപത്യമെന്ന തെറ്റിദ്ധാരണ രാഷ്ട്രീയത്തില്‍ അധീശത്വം നേടുന്നത് ഇന്ദിരയുടെ കാലത്താണ്. ആ ധാരണയുടെ ഏറ്റവും ഹീനമായ ആവിഷ്‌കാരങ്ങള്‍ക്കാണ് രാജ്യമിപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. മറു ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയും പ്രതിപക്ഷത്തെ പരിഹസിക്കുകയും ചെയ്യുന്ന ഏര്‍പ്പാടിനെ എത്രകാലം നമ്മള്‍ ജനാധിപത്യമെന്നു വിളിക്കും? ഒരു ജനാധിപത്യ വ്യവസ്ഥിതിയെ ഒരധികാര ശക്തിക്ക് എത്രകാലം ഇമ്മട്ടില്‍ കൈക്കുടന്നയില്‍ ഞെരുക്കാന്‍ കഴിയും?

വീണ്ടെടുപ്പ് സാധ്യമാണ്

ജനാധിപത്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ആദ്യാവസാനം രാഷ്ട്രീയ കക്ഷികള്‍ക്കാണ് എന്ന് കരുതി സമാധനപ്പെടുന്ന “പൗരബോധ’ത്തെയാണ് ആദ്യം കല്ലെറിയേണ്ടത്. ജനാധിപത്യത്തിന്റെ ആശ്വാസവും ആനുകൂല്യവും അനുഭവിക്കുന്നത് രാഷ്ട്രീയ കക്ഷികളും നേതാക്കളും മാത്രമല്ല, രാജ്യത്തെ ഓരോ പൗരനുമാണ്. അത് നിലനില്‍ക്കേണ്ടത് നമ്മളോരോരുത്തരുടെയും ആവശ്യമാണ്. നമ്മുടെ ജീവിത ഇടങ്ങളെ, സാമൂഹിക ഇടങ്ങളെ ജനാധിപത്യവത്കരിച്ചുകൊണ്ടാണ് ജനാധിപത്യ സംരക്ഷണ പ്രക്രിയയില്‍ ഓരോ പൗരനും പങ്കാളിയാകേണ്ടത്. അപരന്റെ അവകാശങ്ങള്‍ വകവെച്ചു നല്‍കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണം.

തന്റേതു മാത്രമായ ഒരിടുങ്ങിയ ലോകത്തെ ഉപാസിക്കുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ ആകാശങ്ങളിലേക്ക് പറക്കാനാകില്ല. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട് എന്ന തിരിച്ചറിവില്‍ നിന്നാണ് ജനാധിപത്യം അതിന്റെ സൗന്ദര്യം വീണ്ടെടുക്കുന്നത്. സാഹചര്യവശാല്‍ നമുക്കിപ്പോള്‍ ആ തിരിച്ചറിവ് കൈമോശം വന്നിരിക്കുന്നു. അവനവനിസത്തിന്റെ ചെളിക്കുഴിയില്‍ ആത്മരതിയുടെ ദുര്‍ഗന്ധവും പേറി, സ്വന്തം ഇടങ്ങളില്‍ നിന്ന് മറ്റെല്ലാവരെയും മാറ്റിനിര്‍ത്തിയപ്പോഴാണ് ഇവിടെ വര്‍ഗീയമായ തുരുത്തുകള്‍ രൂപപ്പെട്ടത്. ആ തുരുത്തിലൂടെയാണ് ഹിന്ദുത്വ ഫാസിസം അധികാരം പിടിച്ചത്. പൊതുസ്ഥലികള്‍ കാലാന്തരേണ ഇല്ലാതാകുകയും നാടിനും സമൂഹത്തിനും വേണ്ടി ഒരുമിച്ചു നിന്നവര്‍ ജാതിമത സ്ഥലികളിലേക്ക് ചുരുങ്ങുകയും ചെയ്ത ഒരു ഭൂപ്രദേശത്ത് അധികാരം പിടിക്കുക എന്നത് സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം താരതമ്യേന ലളിതവും എളുപ്പവുമായിരുന്നു. അവരാദ്യം നമ്മുടെ മനസുകളില്‍ സംശയങ്ങള്‍ ജനിപ്പിച്ചു, ശേഷം നമ്മുടെ പൊതുസ്ഥലികളെ ഇല്ലാതാക്കി, മത-ജാതി തുരുത്തുകള്‍ സൃഷ്ടിച്ചു, സങ്കുചിത വര്‍ഗീയസ്ഥലികളില്‍ എത്തിച്ചേര്‍ന്നവരില്‍ വിഷം നിറച്ചു. അങ്ങനെയങ്ങനെ അവര്‍ ഘട്ടംഘട്ടമായി നടത്തിയ കൈയേറ്റങ്ങള്‍ക്കൊടുവിലാണ് ജനാധിപത്യം മൃതപ്രായമായത്. ജനാധിപത്യത്തിന് ജീവശ്വാസം നല്‍കാന്‍ നമ്മുടെ മുമ്പിലുള്ള വഴിയും മറ്റൊന്നല്ല; നഷ്ടമായതൊക്കെയും ഘട്ടം ഘട്ടമായി നമ്മള്‍ വീണ്ടെടുക്കുക. നമുക്കത് സാധ്യമാണ്. അത് വ്യക്തിയില്‍ നിന്ന് തുടങ്ങേണ്ടതാണ്. ജനാധിപത്യ വ്യവസ്ഥയില്‍ പൗരബോധം നിര്‍ണായക ഘടകമാണ്, വലിയൊരു ശക്തിയാണ്. എല്ലാ ഉത്തരവാദിത്തങ്ങളും രാഷ്ട്രീയ കക്ഷികളെ ഏല്‍പ്പിച്ച് സ്വസ്ഥമായിരിക്കരുത് ഒരു പൗരനും. പൗര സമൂഹത്തിന്റെ നിസ്സംഗത ഫാസിസത്തിന് പിടിവള്ളിയാണ് എന്നത് മറക്കാതിരിക്കുക.

മതേതര പാര്‍ട്ടികള്‍ എന്തുചെയ്യണം?

മതേതര വിലാസത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് എത്രത്തോളം ജനങ്ങളിലേക്ക് ഇറങ്ങാന്‍ കഴിയുന്നുണ്ട് എന്ന ചോദ്യം തന്നെയാണ് കര്‍ണാടകയും ഗോവയും ഉയര്‍ത്തുന്നത്. ആരു ഭരിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്നും തിരഞ്ഞെടുത്തയച്ച ജനപ്രതിനിധി ഏത് പാര്‍ട്ടിയിലേക്ക് കൂറുമാറിയാലും തങ്ങളെ ബാധിക്കില്ലെന്നുമുള്ള നിസ്സംഗതയിലേക്ക് ജനങ്ങള്‍ മാറിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാന്‍ രാഷ്ട്രീയ നേതൃത്വത്തിനാകുമോ? അധികാരം പിടിക്കാന്‍ വേണ്ടി ഏതു നെറികേടിനും മടിക്കില്ലെന്ന് കേന്ദ്രം ഭരിക്കുന്ന ഒരു ദേശീയ പാര്‍ട്ടി പരസ്യമായി തന്നെ നിലപാടെടുക്കുമ്പോള്‍ ജനം കാഴ്ചക്കാരായി നില്‍ക്കുന്നത് കാണുന്നില്ലേ? ഒരിലയുമനങ്ങുന്നില്ല, ഒരു പ്രക്ഷോഭവുമുണ്ടാകുന്നില്ല. ജനാധിപത്യം തെരുവിലും റിസോര്‍ട്ടിലുമായി ഇമ്മട്ടില്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍ ഒറ്റയാന്‍ ശബ്ദങ്ങളല്ലാതെ ഒന്നുമുണ്ടാകുന്നില്ല.

ധീരമായ സ്വാതന്ത്ര്യപ്പോരാട്ടം നടന്ന രാജ്യമാണിത്. അടിയന്തരാവസ്ഥയുടെ അടിച്ചമര്‍ത്തല്‍ കാലത്ത് പോലും നമ്മുടെ തെരുവുകള്‍ നിശബ്ദമായിരുന്നില്ല. ജനങ്ങളെ നയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള നേതാക്കള്‍ ഇന്നില്ല. ജയപ്രകാശ് നാരായണന്റെ വിളി കേട്ട് ആയിരങ്ങള്‍ ഓടിയെത്തിയിരുന്നു അന്ന്. ജെ പി പ്രതിനിധാനം ചെയ്യുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇങ്ങേത്തലക്കലിരുന്ന് ദേവഗൗഡയോ കുമാര സാമിയോ വിളിച്ചാല്‍ ഓടിയെത്താന്‍ ആരുണ്ടാകും?

ഏറെപ്പേരുണ്ടാകില്ലെന്നുറപ്പാണ്. കോണ്‍ഗ്രസിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ആ പാര്‍ട്ടി ഒരു ബഹുജന പ്രക്ഷോഭം നടത്തിയിട്ട് കാലമെത്രയായി എന്ന് കോണ്‍ഗ്രസുകാരെങ്കിലും ഉത്തരം കണ്ടെത്തേണ്ടതാണ്. ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും ജനങ്ങളെ ഭയന്ന ഒരു കാലമുണ്ടായിരുന്നു.

ജനാധിപത്യത്തിന്റെ സുവര്‍ണകാലം അതായിരുന്നു. ജനങ്ങളോട് മറുപടി പറയേണ്ടിവരുമല്ലോ എന്ന ചിന്ത നേതാക്കളെയും പാര്‍ട്ടികളെയും നയിച്ച കാലം. രാഷ്ട്രീയ നേതൃത്തം ജനങ്ങളെ മറന്നപ്പോള്‍ ജനം അവരെയും മറന്നു. അരാഷ്ട്രീയത തഴച്ചു. ഒരു സമരത്തിനും ആളെ കിട്ടാതായി. സ്വന്തമായ രാഷ്ട്രീയ ബോധത്താല്‍ ജനാധിപത്യത്തിനു വേണ്ടി തെരുവിലിറങ്ങിയിരുന്നവര്‍ ഇന്ന് വെറും കാഴ്ചക്കാരായി. ഇപ്പോള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ളത് അരാഷ്ട്രീയ സമൂഹമോ വര്‍ഗീയ ആള്‍ക്കൂട്ടമോ ആണ്. അവരെ രാഷ്ട്രീയ ജീവികളാക്കി മാറ്റുകയെന്നതാണ് മതേതര കക്ഷികള്‍ ഏറ്റെടുക്കേണ്ട സുപ്രധാന ദൗത്യം. രാഷ്ട്രീയ ബോധമുള്ള സമൂഹത്തില്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. അതിന് പാര്‍ട്ടികള്‍ സന്നദ്ധമെങ്കില്‍, പൊതു സ്ഥലികളിലേക്ക് തിരിച്ചുപോകാന്‍ പൗരന്‍മാര്‍ തയ്യാറെങ്കില്‍ നമ്മള്‍ ഈ ഇരുട്ടിനെ അതിജീവിക്കുക തന്നെ ചെയ്യും.