പ്രളയ പുനര്‍ നിര്‍മാണം; ധനസമാഹരണത്തിന് ഡെവലപ്‌മെന്റ് കോണ്‍ക്ലേവ്

Posted on: July 11, 2019 10:17 pm | Last updated: July 12, 2019 at 10:26 am

തിരുവനന്തപുരം: പ്രളയ പുനര്‍ നിര്‍മാണത്തിന്റെ ധനസമാഹരണം ലക്ഷ്യമിട്ട് ബേങ്കിംഗ് മേഖലയിലെ ദേശീയ അന്തര്‍ ദേശീയ ഏജന്‍സികളെ പങ്കെടുപ്പിച്ച് ഡെവലപ്‌മെന്റ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഈ മാസം 15ന് തിരുവനന്തപുരത്തു വെച്ചാണ് വികസന സംഗമം സംഘടിപ്പിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയ രാജ്യാന്തര ഏജന്‍സികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന വികസന സംഗമത്തില്‍ ലോക ബേങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബേങ്ക് അടക്കമുള്ള വിദേശ ബേങ്കുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.  പ്രളയ പുനര്‍ നിര്‍മാണ പദ്ധതി ഫലപ്രാപ്തിയിലെത്തിക്കാനുള്ള ധനസമാഹരണത്തിനായി ധനകാര്യ ഏജന്‍സികളുടെ വായ്പകളും സാമ്പത്തിക സാങ്കേതിക സഹായങ്ങളും സമാഹരിക്കുന്നതിനാണ് ബേങ്കുകളേയും ധനകാര്യ ഏജന്‍സികളേയും പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിക്കുന്നത്.

വേള്‍ഡ് ബേങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബേങ്ക് (എ ഡി ബി), ജര്‍മന്‍ ബേങ്കായ കെ എഫ് ഡബ്ല്യൂ, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി (ജെയ്ക്ക), ഫ്രഞ്ച് ഡവലപ്‌മെന്റ് ഏജന്‍സി (എ എഫ് ഡി), ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്, യുനൈറ്റഡ് നേഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം, ജെര്‍മന്‍ ഡവലപ്‌മെന്റ് എയ്ഡ്, ഹഡ്‌കോ, റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട്, എ ഐ ഐ ബി, ന്യൂ ഡവലപ്‌മെന്റ് ബേങ്ക് എന്നീ ഏജന്‍സികളുടെ പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക.

ഈ സ്ഥാപനങ്ങളുമായി മേഖലകള്‍ തിരിച്ചുള്ള ധനകാര്യ ചര്‍ച്ചകള്‍ കോണ്‍ക്ലേവില്‍ നടക്കും. ഇതിലൂടെ പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഏതൊക്കെ മേഖലകളില്‍ സാധ്യമായ വിഭവസമാഹരണവും സാങ്കേതിക സഹായവും ലഭ്യമാക്കാനാകുമെന്ന കാര്യങ്ങളില്‍ ബന്ധപ്പെട്ട പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. കേരള പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായുള്ള നമ്മുടെ അടിസ്ഥാന ആവശ്യങ്ങള്‍ വിവിധ വികസന പങ്കാളികളുടെ മുമ്പാകെ ഈ ഡെവലപ്‌മെന്റ് കോണ്‍ക്ലേവില്‍ അവതരിപ്പിച്ച് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങള്‍ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനായി രാജ്യാന്തര ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനായി ലോകബാങ്ക് വാഗ്ദാനം ചെയ്ത 1,720 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്നും 1,400 കോടി രൂപയുടെ സഹായം ജര്‍മ്മന്‍ ബാങ്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.