Connect with us

Kozhikode

വയനാട് മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

Published

|

Last Updated

കോഴിക്കോട്: വയനാട് മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങുകളില്‍ സ്ഥലം എം പി രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല. പരിപാടിയിലേക്ക് ക്ഷണിച്ച് ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അയച്ച കത്തിന് ലഭിച്ച മറുപടിയിലാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ സി ആര്‍ എഫ് ഫണ്ട് പ്രവൃത്തി കളുടെ ഉദ്ഘാടന ചടങ്ങുകളില്‍ ഔദ്യോഗിക തിരക്കുകള്‍ ഉള്ളതിനാല്‍ പരിപാടിക്ക് എത്തുന്നതില്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിയിച്ചതായി ജോര്‍ജ് എം തോമസ് പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും അറിയിച്ച അദ്ദേഹം ഇനി വരുന്ന പരിപാടികളില്‍ പങ്കെടുക്കാമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കാതെ അപമാനിച്ചു എന്ന് നാട്ടില്‍ അഭ്യൂഹങ്ങളുണ്ടാക്കിയവര്‍ക്ക് ഉള്ള മറുപടി കൂടിയാണിതെന്ന് എം എല്‍ എ പറഞ്ഞു. നിങ്ങള്‍ മുന്‍ കാലങ്ങളില്‍ ചെയ്ത് പോന്ന ജനാധിപത്യ മര്യാദയില്ലായ്മ തുടരാന്‍ ഞങ്ങള്‍ ഏതായാലും ഉദ്ദേശിക്കുന്നില്ലെന്ന്‌കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മറുപടിയായി അദ്ധേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നവീകരിച്ച ചുരം റോഡ് ഉദ്ഘാടനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഫ്ളക്സില്‍ വയനാട്ടിലെ എം പി രാഹുല്‍ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് രാഹുലിന്റെ കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തോമസ് എം എല്‍ എയുടെ മറുപടി.

പേരുവെച്ചിട്ടും അദ്ദേഹം മണ്ഡലത്തിലെ പരിപാടിക്ക് എത്തില്ലെന്ന് വരുത്താനും മോശം പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ആക്ഷേപിക്കാനുമുള്ള ശ്രമമാണിതെന്നായിരുന്നു യു ഡി എഫിന്റെ വാദം. കൂടാതെ, രാഹുല്‍ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിക്കാതെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയാണെന്നും യു ഡി എഫ് ആരോപിച്ചിരുന്നു.

ഇങ്ങനെയൊരു ചടങ്ങ് സംബന്ധിച്ച് രാഹുലിന്റെ വയനാട്ടിലെയോ മുക്കത്തെയോ ഓഫീസുകളില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നായുരുന്നു വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞിരുന്നത്. വിഷയം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖും പറഞ്ഞിരുന്നു.

ഇതു സംബന്ധിച്ച പോസ്റ്റര്‍ സ്ഥലം എം എല്‍ എ ജോര്‍ജ് എം തോമസ് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാല്‍ രാഹുല്‍ഗാന്ധിയെ പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച കത്തിന്റെ പകര്‍പ്പ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ജോര്‍ജ് എം തോമസ് യു ഡി എഫ് ആരോപണത്തെ ആദ്യം നേരിട്ടത്. സി ആര്‍ എഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പ്രവൃത്തികള്‍ക്ക് എം പി യുടെ സാന്നിധ്യം ഉണ്ടാവണമെന്ന ജനാധിപത്യ ബോധവും സാമാന്യ മര്യാദയുമാണ് ക്ഷണത്തിന് പിന്നിലെന്നായിരുന്നു എം എല്‍ എയുടെ മറുപടി.

ജനാധിപത്യ ബോധവും സാമാന്യ മര്യാദയുമാണ് രാഹുല്‍ഗാന്ധിയെ ക്ഷണിച്ചതിന് പിന്നിലെന്നും ഏറ്റവും സത്യസന്ധമായ ഉന്നത ജനാധിപത്യ ബോധമാണ് ഇതിന് പ്രേരണയായതെന്നും മുന്‍കാലത്ത് ഇത്തരം ബോധം ഇല്ലാതിരുന്നവര്‍ ഞങ്ങളുടെ മാന്യതയെ ചോദ്യം ചെയ്യുന്നത് തികച്ചും ഖേദകരമാണെന്നും ജോര്‍ജ് എം തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ ഈ വാദത്തെ യു ഡി എഫ് മുഖവിലക്കെടുത്തില്ല. ഉദ്ഘാടനം നടക്കാനുള്ള റോഡിന്റെ ഭൂരിഭാഗവും കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലാണ്. പ്രോട്ടോകാളും ജനാധിപത്യമര്യാദയും പാലിക്കാനാണെങ്കില്‍ കോഴിക്കോട് എംപിയെയും ക്ഷണിക്കേണ്ടിയിരുന്നുവെന്ന വാദത്തില്‍ ഉറച്ചു നിന്നു. വിവാദത്തെ തുടര്‍ന്ന് മാത്രമാണ് എം കെ രാഘവനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതെന്നും കോഴിക്കോടിന്റെ പരിധിയില്‍ വരുന്ന കുന്ദമംഗലം എം എല്‍ എയെ നേരത്തെ തന്നെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും യു ഡി എഫ് ആരോപിച്ചു.

ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പി ടി എ റഹീം എം എല്‍ എ മുഖ്യ പ്രഭാഷകനാണെന്നും രാഹുല്‍ ഗാന്ധി മുഖ്യാതിഥിയാകുമെന്നുമാണ് ഫ്ളക്സില്‍ ഉണ്ടായിരുന്നത്.

Latest