എം എല്‍ എമാരുടെ രാജിയില്‍ ഉടന്‍ തീരുമാനമെടുക്കുക പ്രയാസം; കര്‍ണാടക സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു

Posted on: July 11, 2019 4:40 pm | Last updated: July 11, 2019 at 10:05 pm

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എം എല്‍ എമാരുടെ രാജിയില്‍ ഇന്നു തന്നെ തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സ്പീക്കര്‍ കെ രമേഷ് കുമാര്‍ കോടതിയെ സമീപിച്ചു. രാജി സ്വമേധയാ ആണോ അല്ല മറ്റേതെങ്കിലും കക്ഷിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണോ എന്ന് പരിശോധിക്കാന്‍ സമയം വേണമെന്ന് ഹരജിയില്‍ വ്യക്തമാക്കി. എന്നാല്‍, ഹരജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ച എം എല്‍ എമാരുടെ അപേക്ഷക്കൊപ്പം സ്പീക്കറുടെതും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

രാജിവച്ച എം എല്‍ എമാരുടെ കാര്യത്തില്‍ ഇന്ന് വൈകീട്ട് തന്നെ തീരുമാനമുണ്ടാകണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഇന്ന് ഉച്ചക്കാണ് അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി മുഖേന സ്പീക്കര്‍ ഹരജി നല്‍കിയത്.