ഡിജിറ്റല്‍ സില്‍ക്ക് റോഡിന് ദുബൈ ചേംബര്‍- ഡി പി വേള്‍ഡ് ധാരണ

Posted on: July 10, 2019 11:44 pm | Last updated: July 10, 2019 at 11:44 pm

ദുബൈ: ദുബൈയില്‍ 2020 ഓടെ പ്രാവര്‍ത്തികമാകുന്ന 10 നൂതന സംരംഭങ്ങളില്‍ ഉള്‍പ്പെട്ട ഡിജിറ്റല്‍ സില്‍ക്ക് റോഡിന് ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഡി പി വേള്‍ഡുമായി ധാരണാപത്രം ഒപ്പിട്ടു. വാണിജ്യ ഇടപാടുകളും നടപടിക്രമങ്ങളും സുഗമമാക്കുകയാണ് പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോറത്തിന്റെ ലക്ഷ്യം. ദുബൈ കസ്റ്റംസ് ഇതില്‍ മുഖ്യ പങ്കാളിയായിരിക്കും.

ഉത്പന്നങ്ങളുടെ കയറ്റിറക്കുമതി വേഗത്തിലാക്കും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ആശയമാണ് ടെന്‍ എക്‌സ് സംരംഭങ്ങള്‍. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ സില്‍ക്ക് റോഡിന് ഉപയോഗപ്പെടുത്തുക. ഉയര്‍ന്ന ചെലവ്, സുതാര്യതയില്ലായ്മ, സുരക്ഷിതത്വമില്ലായ്മ എന്നിങ്ങനെ വാണിജ്യ ഇടപാടുകള്‍ക്കുള്ള തടസ്സങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുകയാണ് ലക്ഷ്യം.

ദുബൈയിലെ സ്ഥാപനങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്ന പദ്ധതിയാണിതെന്ന് ധാരണാ പത്രത്തില്‍ ഒപ്പുവെച്ച ചേംബര്‍ പ്രസിഡന്റ് ഹമദ് ബു അമീം പറഞ്ഞു. ഡി പി വേള്‍ഡിന് വേണ്ടി സി ഇ ഒ മുഹമ്മദ് അല്‍ മുഅല്ലിമാണ് ഒപ്പുവെച്ചത്.