കാല്‍നട യാത്രക്കാരെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കണം; ഡ്രൈവര്‍മാരോട് പോലീസ്

Posted on: July 10, 2019 11:10 pm | Last updated: July 10, 2019 at 11:10 pm

അബൂദബി: കാല്‍നടയാത്രക്കാരെ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ സഹകരിക്കണമെന്നും അവരുടെ സുരക്ഷയ്ക്കായി നിയുക്ത പ്രദേശങ്ങളിലൂടെ റോഡ് മുറിച്ചു കടക്കാന്‍ അനുവദിക്കാന്‍ മുന്‍കൈയെടുക്കണമെന്നും അബൂദബി പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. നടപ്പാലങ്ങളും അണ്ടര്‍ പാസുകളും ഉള്‍പ്പെടെ കാല്‍നടയാത്രക്കാര്‍ അവരുടെ യാത്രാമാര്‍ഗത്തിനായി ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ഉപയോഗിക്കണം. പ്രധാന റോഡുകളില്‍ ട്രാഫിക് സിഗ്‌നല്‍ പാലിക്കണം.

കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്‌നല്‍ പച്ച ആവുമ്പോള്‍ മാത്രം റോഡ് മുറിച്ചു കടക്കുക. അതുപോലെ റോഡ് മുറിച്ചു കടക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടാതിരിക്കാനും കാല്‍നട യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പെഡസ്ട്രിയന്‍ ക്രോസിംഗുകളുള്ള സ്ഥലങ്ങളിലും വ്യാവസായിക മേഖലകളിലും സമീപ പ്രദേശങ്ങളിലെ ആന്തരിക റോഡുകളിലും വേഗത കുറയ്ക്കാനും കാല്‍നട യാത്രക്കാര്‍ക്കു മുന്‍ഗണന നല്‍കാനും പോലീസ് ഡ്രൈവര്‍മാരോട് അഭ്യര്‍ഥിച്ചു.

സാമൂഹിക മാധ്യമങ്ങള്‍, അച്ചടി, ഓഡിയോ മാധ്യമങ്ങള്‍ എന്നിവയിലൂടെ അവബോധ പരിപാടികള്‍, കാല്‍നട യാത്രക്കാര്‍ക്ക് ബ്രോഷര്‍ വിതരണം തുടങ്ങിയ പദ്ധതികളിലൂടെ റോഡ് സുരക്ഷയെ പറ്റിയുള്ള ബോധവത്ക്കരണം ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു. നിശ്ചിത റോഡ് ക്രോസിംഗുകളില്‍ കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാതിരുന്നാല്‍ ഡ്രൈവര്‍മാര്‍ക്കു 500 ദിര്‍ഹം പിഴയും, ആറ് ട്രാഫിക് പോയിന്റുകളും, കാല്‍നടയാത്രക്കാര്‍ ട്രാഫിക് സിഗ്‌നലുകള്‍ പാലിക്കാതെയും, നിശ്ചിത റോഡ് ക്രോസിംഗുകളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്നാല്‍ 400 ദിര്‍ഹവും പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.