മക്ക ഡെപ്യൂട്ടി ഗവർണ്ണർ ജിദ്ദയിലെ ഹജ്ജ് ടെർമിനൽ സന്ദർശിച്ചു

Posted on: July 10, 2019 10:30 pm | Last updated: July 10, 2019 at 10:30 pm

ജിദ്ദ : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഊദിയിലേക്ക് ഹാജിമാരുടെ വരവ് തുടങ്ങിയതോടെ ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ മക്കാ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ സന്ദര്‍ശിച്ചു.

2,30,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹജ്ജ്- ഉംറ കോംപ്ലക്സില്‍ പ്രതിദിനം 48,000 തീര്‍ഥാടകരെ സ്വീകരിക്കാന്‍ കഴിയും, ഹജ്ജ് ടെര്‍മിനലിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഒരേ സമയം 26 വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 40 നിസ്‌കാര മുറികള്‍ ഒരേ സമയം അയ്യായിരം പേര്‍ക്ക് നിസ്‌കരിക്കാന്‍ കഴിയുന്ന വലിയ മസ്ജിദ്, മെഡിക്കല്‍ ക്ലിനിക്, സഊദി റെഡ് ക്രസന്റിന്റെ മൂന്ന് ആംബുലന്‍സുകള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ആദ്യ ഹജ്ജ് സംഘങ്ങളില്‍ സഊദിയില്‍ എത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങും.

പാസ്പോര്‍ട്ട്, കസ്റ്റംസ്, ആരോഗ്യമന്ത്രാലയം, തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ സേവനങ്ങളും അദ്ദേഹം വിലയിരുത്തി. ഹജ്ജ്-ഉംറ കോംപ്ലക്സിലെത്തിയ ഡെപ്യൂട്ടി ഗവര്‍ണ്ണറെ സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബെന്‍തന്‍, ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ഹാദി ബിന്‍ അഹമ്മദ് അല്‍ മന്‍സൂരി, ഡയറക്ടര്‍ ജനറല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു.