ഹജ്ജ് തീര്‍ഥാടകരറിയാന്‍

Posted on: July 10, 2019 6:50 pm | Last updated: July 10, 2019 at 9:32 pm

മുസ്‌ലിമിന് ഒഴിച്ചു കൂടാനാകാത്തതാണ് ഇസ‌്ലാം കാര്യങ്ങള്‍. അതില്‍ അഞ്ചാമത്തേതാണ് ഹജ്ജ്. പാണ്ഡിത്യം കൊണ്ട് മാത്രം ഹജ്ജ് നിർവഹിക്കാനാകില്ല. മറിച്ച് പരിചയം കൂടി വേണം. അതില്ലാത്തവർക്ക് ഒരു വഴികാട്ടി അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ആരും പതറിപ്പോകും.

യാത്രാ രേഖകള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടണം. ബാഗുകള്‍ നിരോധിത വസ്തുക്കളില്‍ നിന്ന് സുരക്ഷിതമാകണം. ഹജ്ജ് അതോറിറ്റി ഹജ്ജ് വിസ അടിച്ച ശേഷം വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ മുമ്പ് പാസ്പോര്‍ട്ട് തരും. മെഡിക്കല്‍ റെക്കോര്‍ഡുകളും കൂടെയുണ്ടാകും. റെക്കോര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ യാത്ര തുടക്കത്തിലോ പാതിവഴിയിലോ മുടങ്ങിപ്പോകും. സര്‍ക്കാര്‍ ഹാജിമാരുടെ റെക്കോര്‍ഡ് കവര്‍ ലീഡര്‍ വാങ്ങി സൂക്ഷിക്കലാണുത്തമം. ഒരാള്‍ മരിച്ചാല്‍ പോലും മൃതശരീരത്തിനേക്കാള്‍ വില പാസ്പോര്‍ട്ടിനാണ്. ബാഗുകള്‍ നല്‍കുമ്പോള്‍ വിമാനക്കമ്പനി അനുവദിച്ച തൂക്കത്തിനപ്പുറം കൂടരുത്. ഹാന്‍ഡ് ബാഗ് ഏഴ് കിലോയില്‍ കൂടരുത്. ജിദ്ദയിലേക്കുള്ള യാത്രക്കാരാണെങ്കില്‍ പുരുഷന്മാര്‍ ഇഹ്റാമിന്റെ വസ്ത്രം കൈവശമുള്ള ബാഗില്‍ കരുതണം. നേരിട്ടുള്ള വിമാനമാണെങ്കില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് ഇഹ്റാം ചെയ്യും. ഇഹ്റാം സമയത്ത് മാറ്റുന്ന സാധാരണ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ബാഗോ കവറോ കൈയില്‍ വേണം. നേരിട്ടുള്ള വിമാനമാണെങ്കില്‍ അഞ്ചര മണിക്കൂര്‍ വരെ വിമാനത്തിലിരിക്കണം. വിമാനം പുറപ്പെടാറായാല്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ലഘുഭക്ഷണം മിക്ക വിമാനങ്ങളിലും കിട്ടും. ഭക്ഷണങ്ങളില്‍ നെയ്യോ എണ്ണയോ കൂടെ മുഖം തുടക്കുന്നതിനുള്ള സുഗന്ധ കടലാസുകളോ ഉണ്ടെങ്കില്‍ ഇഹ്റാമില്‍ ഉള്ള യാത്രക്കാര്‍ അത് ശരീരത്തിലോ മുടിയിലോ പുരളുന്നത് ശ്രദ്ധിക്കണം. വിമാനം ലാന്‍ഡ് ചെയ്ത് എഴുന്നേല്‍ക്കാന്‍ പറയുമ്പോള്‍ മാത്രമേ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാവൂ.

ഹജ്ജിനോടനുബന്ധിച്ച് ജിദ്ദാ എയര്‍പോര്‍ട്ട് ജനനിബിഢമായിരിക്കും. എമിഗ്രേഷന്‍ കഴിഞ്ഞാല്‍ പാസ്പോര്‍ട്ട് തിരിച്ചുവാങ്ങിയെന്ന് ഉറപ്പ് വരുത്തണം. താമസസ്ഥലത്ത് എത്തിയാല്‍ ലഗേജ് റൂമില്‍ വെച്ച് അല്‍പം വിശ്രമിക്കാം. ശേഷം പ്രാഥമിക ആവശ്യങ്ങള്‍ കഴിച്ച് വിശുദ്ധ ഹറമിലേക്ക് നീങ്ങി ഉംറ പൂര്‍ത്തിയാക്കി തഹല്ലുല്‍ ആകണം.
ഒരു തീര്‍ഥാടകന്‍ അവിടെ ചെന്നിറങ്ങി തിരിച്ച് വിമാനം കയറുന്നത് വരെ നമുക്കുള്ള സ്പോണ്‍സറാണ് നമ്മുടെ മുത്വവ്വിഫ്. നമ്മുടെ പ്രധാന രേഖയായ പാസ്പോര്‍ട്ട് തിരിച്ചുവരുന്നത് വരെ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരിക്കും.

ഉംറ കഴിഞ്ഞ് മദീനയില്‍ പോകുന്നത് വരെയോ അല്ലെങ്കില്‍ ദുല്‍ഹിജ്ജ ഏഴ് വരെയോ ഹാജിമാര്‍ വിശുദ്ധ ഹറമിലാണ് താമസം. ജന്നത്തുല്‍ മുഅല്ല, അവിടെയുള്ള മഖാമുകള്‍, ജബലുന്നൂര്‍, ഹിറാഗുഹ, സൗര്‍ഗുഹ, നബി(സ്വ)യുടെ ജന്മസ്ഥലം അങ്ങനെ പലതും കാണാനുണ്ട്.

ഹജ്ജില്‍ പ്രവേശിക്കല്‍
യാത്രയുടെ മുഖ്യ ലക്ഷ്യമായ ഹജ്ജിലേക്ക് പ്രവേശിക്കാം. പ്രഥമ കര്‍മം ഇഹ്റാം ആണ്. ദുല്‍ഹിജ്ജ ഏഴിന് രാത്രി മിനായിലേക്ക് പുറപ്പെടണം. എട്ടിന് യൗമുത്തര്‍വിയ എന്ന ദിവസമാണ്. വിശ്രമവും ദാഹം തീര്‍ക്കലും അറഫയിലേക്ക് പോകാനുള്ള മുന്നൊരുക്കവുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അറഫയില്‍ നിന്ന് തിരിച്ചുവന്ന് മൂന്ന് ദിവസം കഴിയാനുള്ള മിനായിലെ തമ്പുകളിലാണ് എട്ടിന് വിശ്രമിക്കല്‍.

ദുല്‍ഹിജ്ജ ഒമ്പത് അറഫാ ദിനമാണ്. രാവിലെ അറഫയിലേക്ക് പുറപ്പെടണം. ളുഹ്റിന് മുമ്പായി അറഫയില്‍ എത്തിച്ചേരണം. അറഫയില്‍ നിന്ന് നേരം ഇരുളുന്നതിന് മുമ്പ് മുസ്ദലിഫയിലേക്ക് പുറപ്പെടും. പിറ്റെ ദിവസം പത്തിന് പെരുന്നാള്‍ ദിനത്തില്‍ ജംറയില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് പെറുക്കി സൂക്ഷിക്കണം. പത്തിന് പുലർച്ചെയോ അതിന് മുമ്പോ ഹാജിമാര്‍ മിനായിലെത്തും. ജംറകള്‍ മിനായിലാണ്. എട്ടിന് താമസിച്ചിരുന്ന അതേ തമ്പുകളിലേക്കാണ് എത്തേണ്ടത്. ഏറുകള്‍ അല്ലാതെ അവിടെ പ്രത്യേകമായി ഒരു കര്‍മവുമില്ല. ഉംറയെ പോലെയല്ല, ഹജ്ജിന് രണ്ട് തരം തഹല്ലുല്‍ ഉണ്ട്. ഒന്നും രണ്ടും. ഹാജിയുടെ ലക്ഷ്യം ഹജ്ജും ഉംറയും മാത്രമാണെങ്കിലും മദീനയില്‍ നബി(സ്വ)യെ സിയാറത്ത് ചെയ്യാതെയുള്ള മടക്ക യാത്ര അപൂര്‍ണമായിരിക്കും. ഹജ്ജിന്റെ കര്‍മങ്ങള്‍ കഴിഞ്ഞ് വിദാഇന്റെ ത്വവാഫ് ചെയ്ത ശേഷമാണ് മദീനയിലേക്ക് പുറപ്പെടേണ്ടത്. വിശുദ്ധകര്‍മങ്ങള്‍ കഴിഞ്ഞ് കളങ്കമറ്റ ഹൃദയത്തോടെ നാട്ടിലേക്കും കുടംബത്തിലേക്കും ഹാജിമാരുടെ മടക്കം പൂര്‍ണമായും സുരക്ഷിതമായിരിക്കണം. അതിനാല്‍ നിരോധിത വസ്തുക്കള്‍, സ്വര്‍ണം തുടങ്ങിയവ വാങ്ങരുത്. സംസം വിമാനക്കമ്പനി അനുവദിച്ചത് മാത്രമേ കൊണ്ട് വരാവൂ. സര്‍ക്കാര്‍ ഹാജിമാര്‍ സംസം കൊണ്ടുവരേണ്ടതില്ല. അവര്‍ക്ക് ഹജ്ജ് കമ്മിറ്റി എത്തിച്ച് തരും.

അല്ലാഹുവിന്റെ വിരുന്നുകാരാണ് ഹാജിമാര്‍. ഹജ്ജ് ത്യാഗമാണ്. സഹനവും സല്‍സ്വഭാവവും പരസ്പര സൗഹൃദവും ഒരിക്കലും കൈവിടരുത്. കാരണം 30 ലക്ഷങ്ങളുടെ ഇടയിലേക്കാണ് നാം പോകുന്നത്. സൗകര്യങ്ങള്‍ പരിമിതമായിരിക്കും. യാത്രയുടെ ഓരോ വേളകളിലും അസ്വസ്ഥത ഉടലെടുക്കും. പക്ഷേ, പിടിച്ചു നിര്‍ത്താന്‍ കഴിയണം. ആരോഗ്യമുള്ളവര്‍ രോഗികള്‍ക്കും വൃദ്ധന്‍മാര്‍ക്കും വേണ്ടി സഹിക്കുകയും സഹകരിക്കുകയും കഴിയുന്ന സഹായം ചെയ്ത് കൊടുക്കുകയും ചെയ്യണം. അവിടെ ഭാഷയും ദേശവും നിറവും നോക്കരുത്. ലോക മുസ്‌ലിംകള്‍ മുഴുവനും നമ്മുടെ സഹോദരന്മാരാണ്.
കടുത്ത ചൂടാണെങ്കിലും തണുപ്പാണെങ്കിലും കഴിയുന്നത്ര വെള്ളം കുടിക്കണം. ഭക്ഷണം കിട്ടുമ്പോഴൊക്കെ കഴിക്കണം. സൗജന്യമായി കിട്ടുന്നതാണെങ്കിലും ഒഴിവാക്കരുത്. തിക്കും തിരക്കും കൂട്ടരുത്. വാഹനങ്ങളിലും തമ്പുകളിലും റൂമുകളിലും ശുചീകരണ സ്ഥലങ്ങളിലും ഇടം നേടാന്‍ മത്സരിക്കരുത്. സംഘമാണെങ്കില്‍ അമീറിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

മടങ്ങിയെത്തിയാല്‍ ശിഷ്ടജീവിതം പൂര്‍ണമായ ഒരു ഹാജിയുടെ ഗുണങ്ങളും സംസ്‌കാരവും നിറഞ്ഞതായിരിക്കണം.
(വൈസ് പ്രസി. കേരള ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷന്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗണ്‍സിലര്‍)