ആര്‍ത്തിയുടെതാണ് ഈ ചങ്ങലക്കണ്ണികള്‍

Posted on: July 10, 2019 6:32 pm | Last updated: July 10, 2019 at 9:17 pm

നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം, കിട്ടാനുള്ളത് പുതിയൊരു ലോകം എന്നതാണല്ലോ പഴയ മുദ്രാവാക്യം. എന്നാല്‍ ഇപ്പോഴത് അല്‍പമൊന്നു മാറ്റി പുതിയൊരു ലോകം നേടാന്‍ ചങ്ങലകള്‍ എന്നാക്കിയിരിക്കുന്നു. മണി ചെയിന്‍ എന്ന പ്രതിഭാസം ഇവിടെ രൂപം കൊണ്ടതിന്റെ പിന്നിലെ മനഃശാസ്ത്രം ഇതാണ്. അതിന്റെ പല രൂപങ്ങള്‍ അഥവാ അവതാരങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു പോയി. ഗ്രാമീണ തലത്തില്‍ ഇത് തുടങ്ങിയത് പാത്രങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവയുടെ വില്‍പ്പനയിലൂടെയാണ്. ഒരു ഉത്പന്നം നിങ്ങള്‍ക്ക് വില്‍ക്കാന്‍ തരും. അതിന്റെ മൂന്നെണ്ണം വിറ്റാല്‍ ഒരെണ്ണം നിങ്ങള്‍ക്കു സൗജന്യമായിക്കിട്ടും. ഇങ്ങനെ വാങ്ങുന്ന ആള്‍ വീണ്ടും മൂന്നെണ്ണം വില്‍ക്കണം. അപ്പോള്‍ ഒമ്പത് പേരായി. അവര്‍ വീണ്ടും മൂന്ന് പേര്‍ക്ക് വിറ്റാല്‍ അത് 27 പേര്‍ക്കായി. ഓരോ തട്ടിലും മുന്‍ തട്ടിലേതിന്റെ മൂന്നിരട്ടി പേര് ഉണ്ടാകും. ഒറ്റനോട്ടത്തില്‍ ഇത് വളരെ ലളിതമാണ്.

ഒരാളുടെ പണി വെറും മൂന്ന് പേര്‍ക്ക് വില്‍ക്കലാണ്. പക്ഷേ, ഇതിന്റെ പിന്നിലെ ഗണിത ശാസ്ത്രം ഒന്ന് പരിശോധിക്കാന്‍ തയ്യാറായാല്‍ ചതി പെട്ടെന്ന് മനസ്സിലാകും. തുടങ്ങുന്ന ആളില്‍ നിന്ന് പത്താമത്തെ തട്ടില്‍ എത്തുമ്പോള്‍ അതില്‍ വേണ്ടവരുടെ എണ്ണം 59,049 ആകും. അതായത് അറുപതിനായിരത്തോളം പേര്‍ ചങ്ങലയില്‍ കണ്ണിയായി പണം നല്‍കിയിരിക്കും. ഇത്രയും പണം ഉടമകള്‍ക്കും അതിന്റെ ഒരു പങ്ക് ഇടനിലക്കാര്‍ക്കും കിട്ടും. പക്ഷേ, ഇതിന്റെ പലതട്ടുകളിലും ഉള്ളവര്‍ക്ക് താഴേക്കു വില്‍ക്കാന്‍ കഴിയാതെ വരികയും കൊടുത്ത പണം നഷ്ടമാകുകയും ചെയ്യും എന്ന് തീര്‍ച്ച. ഇത് പതിനഞ്ചാമത്തെ തട്ടില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ ഒന്നരക്കോടിയോളം പേര്‍ അംഗങ്ങളായിരിക്കണം. ഇതൊരിക്കലും സാധ്യമല്ലെന്ന് പദ്ധതിക്കു രൂപം നല്‍കുന്നവര്‍ക്കുമറിയാം. അങ്ങനെ മുടങ്ങിപ്പോകുന്ന ആയിരങ്ങളുടെ നഷ്ടമാണ് ഇടനിലക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും കിട്ടുന്നത്.

ചുരുക്കത്തില്‍ ഒട്ടനവധി പേര്‍ക്ക് വലിയ നഷ്ടമുണ്ടാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അതീവ സ്വാര്‍ഥതയുടെ ഈ ചങ്ങലയില്‍ ആളുകള്‍ കണ്ണികളാകുന്നത്. ഓരോരുത്തരും തങ്ങള്‍ക്കു താഴെയുള്ള പടിയില്‍ ചേര്‍ക്കുന്നത് ഏറ്റവും വിശ്വസ്തരായവരെയാണ്. അങ്ങനെ വിശ്വസിക്കുന്നവരെ വഞ്ചിക്കാന്‍ ഒരു മടിയുമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ചങ്ങല പദ്ധതിയുടെ പ്രചാരണ യോഗത്തില്‍, (അതിനെ ക്ലാസ് എന്നാണ് അവര്‍ വിളിക്കുക) പങ്കെടുക്കാന്‍ പോയി. അവരുടെ അവതരണം തന്നെ നിങ്ങളുടെ മനസ്സില്‍ ആര്‍ത്തി ജനിപ്പിച്ചു കൊണ്ടാണ്. ഇതിനു ചെന്നവരില്‍ നല്ലൊരു പങ്കും സ്ഥിര വരുമാനക്കാരാണ്. അവര്‍ അനുഭവകഥ എന്ന പോലെ പറയും ‘ഞാന്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ കുടുംബ സമേതം ചെന്നു. അവിടെ കുട്ടികളുടെ വളരെ വില കൂടിയതരം ഉടുപ്പുകള്‍ ഉണ്ട്. അതില്‍ ചിലതു കണ്ട എന്റെ മകന്‍ അത് വാങ്ങണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ, അതിന്റെ വില നോക്കിയപ്പോള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. അവന്‍ വാശി പിടിച്ചെങ്കിലും വില കുറഞ്ഞ ഒന്ന് വാങ്ങിക്കൊടുക്കേണ്ടി വന്നു. അപ്പോള്‍ എനിക്ക് പരിചയമുള്ള മറ്റൊരാള്‍ എന്നെപ്പോലെ ഒരു കുട്ടിയുമായി ആ ഷോപ്പില്‍ എത്തി. അയാളുടെ കുട്ടി അതേ ഉടുപ്പിനായി ആശിച്ചു. അതിന്റെ വില എത്രയെന്നു പോലും നോക്കാതെ അയാള്‍ അതെടുത്തു. അയാള്‍ക്ക് ഇത്ര വില കൂടിയ ഒരു ഉടുപ്പ് കുട്ടിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞതെങ്ങനെ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അയാളുമായി സംസാരിച്ചപ്പോഴാണ് എന്നെക്കാള്‍ വരുമാനം കുറഞ്ഞ ജോലിയുള്ള അയാള്‍ ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം പറഞ്ഞത്. വെറും ആറ് മാസം മുമ്പാണ് ഈ പദ്ധതിയില്‍ അയാള്‍ ചേര്‍ന്നത് എന്നും ഇപ്പോള്‍ പ്രതിമാസം ശമ്പളത്തിന്റെ മൂന്നിരട്ടി ഇതുവഴി വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നുവെന്നും കേട്ടപ്പോള്‍ ഞാനും ഇതിലേക്ക് വന്നു’.

അതിമോഹം ജനിപ്പിക്കാന്‍ ഇതിലേറെ ഒന്നും ചെയ്യേണ്ടതില്ലല്ലോ.
മേല്‍പറഞ്ഞ ഗണിത ശാസ്ത്രമൊന്നും അറിയാത്തതിനാല്‍ കുറെ പാവങ്ങള്‍ ഇതില്‍ പെട്ടുപോയേക്കാം. ഇതിനുള്ള ഒരു പ്രധാന ന്യായീകരണമായി പറയുന്നത് കാര്യമായ അധ്വാനമില്ലാതെ നല്ല വരുമാനം ഉണ്ടാക്കാം എന്നതാണ്. അങ്ങനെ പറയുമ്പോള്‍ തന്നെ അതിലൊരു ചതിയുണ്ടെന്ന് അഭ്യസ്തവിദ്യരായ നമ്മള്‍ മനസ്സിലാക്കേണ്ടതല്ലേ? അതാണ് പ്രശ്‌നം. അധ്വാനമോ ഉത്പാദനമോ ആയി ഒരു ബന്ധവുമില്ലാത്ത നിരക്കില്‍ വരുമാനം കിട്ടി ശീലിച്ചവരാണ് നല്ലൊരു പങ്കും മലയാളികള്‍. പ്രത്യേകിച്ചും ഇന്നാട്ടില്‍ ജീവിക്കുന്നവര്‍. നാണ്യ വിളകളും വിദേശ മലയാളികള്‍ അയക്കുന്ന പണവും നാട്ടിലെ മലയാളിയെ അങ്ങനെ ആക്കിത്തീര്‍ത്തു. മൂല്യവുമായി ഒരു ബന്ധവുമില്ലാത്ത വിലയാണ് നാം ഭൂമിയടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ക്ക് നിശ്ചയിക്കുന്നത്. ചുരുക്കത്തില്‍ ഉത്പാദനവുമായി ഒരു ബന്ധവുമില്ലാതെ പണം കിട്ടുന്ന സമൂഹത്തില്‍ വരുമാനത്തിന്റെയത്ര ചെലവ് ചെയ്യുന്ന രീതി ഉണ്ടാകും. ആഗോള കമ്പോളം തുറന്നു കിട്ടുന്ന സാഹചര്യത്തില്‍ ആര്‍ത്തി എന്നത് ഒരു തെറ്റോ പാപമോ അല്ലാതാകുന്നു. തന്റെ ശേഷിയുടെ പല മടങ്ങ് ആവശ്യം മിക്കവര്‍ക്കും ഉണ്ടാകുന്നു. അത് ഒരു നിലക്ക് ഉണ്ടാക്കുന്നതുമാണ്. നല്ല വരുമാനമുള്ളവര്‍ പോലും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്ന നാടായി കേരളം മാറിയതും ഇതുകൊണ്ടാണ്.
വിവിധ തരം വ്യാപാരത്തട്ടിപ്പുകളെ പറ്റി നമ്മള്‍ ധാരാളം കേട്ടതാണ്. ഒരിക്കലും ഭൗതികമായി സാധ്യമാകാത്ത ലക്ഷ്യങ്ങള്‍ സാധ്യമാണെന്ന് നമ്മെ വളരെ കാര്യക്ഷമമായി ബോധ്യപ്പെടുത്താന്‍ അവര്‍ക്കു കഴിയുന്നു. മുമ്പേ പറഞ്ഞ മനഃസ്ഥിതിയും അതിരു കടന്ന ആര്‍ത്തിയുമുള്ള ഒരു വിഭാഗം ഇത് വിശ്വസിക്കുകയും ചെയ്യും. 2,000 രൂപക്ക് തേക്ക് നട്ട് 20 വര്‍ഷങ്ങള്‍ കൊണ്ട് രണ്ട് ലക്ഷം രൂപക്ക് മരം വില്‍ക്കാം എന്ന് പറയുമ്പോള്‍ അത് വിശ്വസിക്കുകയാണ് ഇവര്‍. തേക്കിന്റെ നാട്ടുകാരായ നമ്മള്‍ ഒരിക്കലെങ്കിലും 20 വര്‍ഷം പ്രായമായ തേക്ക് എത്ര വലുതാകും എന്ന് ഒരു പ്രാവശ്യമെങ്കിലും നോക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളില്‍ ചെന്ന് ചാടില്ലായിരുന്നു. എന്നാല്‍ കടുത്ത പ്രണയത്തിലുള്ള യുവ മനസ്സുകള്‍ പോലെ, അപ്പോള്‍ ഒരു മറുചിന്തയും സ്വീകാര്യമാകില്ല. ഇത്തരം കൊള്ളക്ക് സഹായകമായി സമൂഹത്തില്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നാല്‍ ചങ്ങല അതിവേഗം വളരും. ഇത്തരം ഇടനിലക്കാര്‍ക്ക് നല്ല വരുമാനം ഉണ്ടാകുകയും ചെയ്യും.

തീര്‍ത്തും അനൗപചാരികമായി ആരംഭിച്ച ഈ ചങ്ങലകള്‍ പിന്നീട് വലിയ തോതില്‍ വികസിപ്പിക്കാന്‍ വലിയ തോതില്‍ മൂലധനം മുടക്കി പലരും രംഗത്തെത്തി. അതില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ആംവേ. ആഗോള കമ്പോളത്തിലെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ കൊണ്ടുവന്നു വില്‍ക്കാന്‍ ഈ രീതി സഹായകമാകും എന്നതിനാല്‍ വലിയ തോതിലുള്ള കമ്മീഷന്‍ ഇതിലൂടെ നല്‍കാന്‍ കഴിയും. ഒരു വര്‍ഷത്തേക്കാവശ്യമായ ക്ലീനിംഗ് ഉത്പന്നങ്ങള്‍ ഒരു കുപ്പിയില്‍ ലഭിക്കുന്നു. അല്‍പം വില കൂടിയാലും മൊത്തത്തില്‍ നല്ല ലാഭമുണ്ടാകും എന്നതാണ് മാര്‍ക്കറ്റിംഗ് തന്ത്രം. ഇത്തരം ഒരു ചങ്ങലയും അധിക കാലം നില്‍ക്കില്ലെന്ന് ഇത് തുടങ്ങുന്നവര്‍ക്കറിയാം. അല്‍പ കാലത്തിനകം ഇതിന്റെ നടത്തിപ്പുകാര്‍ക്ക് നല്ല തുക ലഭിച്ചിരിക്കും. മഹാ ഭൂരിപക്ഷത്തിനും പണം തിരികെ കൊടുക്കേണ്ടി വരില്ലല്ലോ. ഏജന്റുമാര്‍ക്കും കുറെ കിട്ടും. പിന്നെ അതിന്റെ മേല്‍വിലാസം പോലും കാണില്ല. ചെറിയ തുകയാണ് പോയത് എന്നതിനാല്‍ ചതിക്കപ്പെട്ടവര്‍ മിക്കവാറും അതിന്റെ പിന്നാലെ പോകാറില്ല. അക്ഷരാര്‍ഥത്തില്‍ ഉടമക്ക് പലതുള്ളി പെരുവെള്ളമാകും.

അനേകരുടെ പണം പിരിച്ച് കുറച്ചു പേര്‍ക്ക് സമ്പാദ്യമുണ്ടാക്കുന്ന ഇത്തരം വേലകള്‍ ഇപ്പോഴും പല പേരുകളില്‍ ഇവിടെ തുടരുന്നുമുണ്ട്. ഇപ്പോള്‍ ഇതേറെ ചര്‍ച്ചയായത് നെടുങ്കണ്ടത്തെ പോലീസ് സ്റ്റേഷനില്‍ രാജ്കുമാര്‍ എന്ന ഒരു യുവാവ് ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ്. ഒരിക്കലും സാധ്യമാകാത്ത ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കി ആയിരക്കണക്കിന് മനുഷ്യരെ വഞ്ചിക്കുന്ന ഒന്നായിരുന്നു അത്. ഇതിന് സഹായകമായ നിരവധി അവസ്ഥകള്‍ ആ മലമ്പ്രദേശത്തുണ്ടായിരുന്നു. താരതമ്യേന കുറഞ്ഞ വരുമാനക്കാരാണ് അന്നാട്ടിലെ തോട്ടം തൊഴിലാളികളായ ഭൂരിപക്ഷവും. അവര്‍ക്ക് പണത്തിന്റെ ആവശ്യം വളരെ വലുതാണ്. പെമ്പിളൈ ഒരുമൈ സമരക്കാലത്ത് ഈ ലേഖകന് ഇത് നേരിട്ട് അനുഭവപ്പെട്ടതാണ്. ഒരുമിച്ച് 10,000 രൂപ ഉണ്ടാകുക എന്നത് അവര്‍ക്ക് ബോണസ് കിട്ടുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒന്നാണ്. പുറം ലോകത്തെ വെട്ടിപ്പുകളെ പറ്റി അവര്‍ക്ക് കാര്യമായ അറിവില്ല. തങ്ങള്‍ക്കു മുന്നിലുള്ള ഉദ്യോഗസ്ഥരെയും നേതാക്കളെയും അവര്‍ക്കു വിശ്വാസവുമാണ്. ഈ അവസ്ഥ ഉപയോഗിച്ചാണ് ഹരിത ഫൈനാന്‍സ് എന്ന പേരില്‍ ഒരു തട്ടിപ്പ് സ്ഥാപനം തുടങ്ങിയതും മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കി വ്യാപകമായി പണപ്പിരിവ് നടത്തിയതും. വഞ്ചിക്കപ്പെട്ട പതിനായിരങ്ങള്‍ ഉണ്ടാകും. ഈ തട്ടിപ്പിന്റെ പ്രധാന ഗുണഭോക്താവ് രാജ്കുമാര്‍ എന്ന നിരക്ഷരതുല്യനായ യുവാവാണ് എന്ന് ആര്‍ക്കുമറിയാം. ചില പേരുകള്‍ പുറത്തു വരുന്നുണ്ട്. പക്ഷേ, ജനങ്ങള്‍ ഏറെ വിശ്വസിക്കുന്ന ചിലരെങ്കിലും ഇതിന്റെ പിന്നില്‍ ഉണ്ട്. ഭരണക്കാര്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കണം. ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കാര്യങ്ങള്‍ അറിയാമെന്ന് വ്യക്തമാകുന്നു. കേവലം അറിവല്ല അവര്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഇതിന്റെ പിന്നില്‍ ഭരണകക്ഷി മാത്രമല്ല ഉള്ളത് എന്നതിനാലാകാം ഒരിക്കലും ഫലം കാണാത്ത ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടത്.