കെ എ എസിന് അംഗീകാരം: മൂന്ന് സ്ട്രീമുകളിലും സംവരണം

Posted on: July 10, 2019 4:41 pm | Last updated: July 10, 2019 at 8:30 pm

തിരുവനന്തപുരം: നിയമ വകുപ്പ് വിശദ പരിശോധന നടത്തി സമര്‍പ്പിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) ഭേദഗതി ചട്ടങ്ങള്‍ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനം.
റിക്രൂട്ട്‌മെന്റിന്റെ മൂന്നു സ്ട്രീമിലും സംവരണ തത്വം ബാധകമാക്കുന്നതിനുള്ള ഭേദഗതി ചട്ടങ്ങളാണ് അംഗീകരിച്ചത്.

നേരത്തെ സ്ട്രീം ഒന്നില്‍ മാത്രമാണ് സംവരണ തത്വം ബാധകമാക്കിയിരുന്നത്. ബൈ ട്രാന്‍സ്ഫര്‍ നിയമന രീതി ബാധകമാക്കിയിരുന്ന രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം ബാധകമാക്കിയിരുന്നില്ല. ഈ സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും സംഘടനകളും സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കിയിരുന്നു.
ഇതില്‍ അഡ്വ. ജനറലിന്റെ നിയമോപദേശം തേടിയാണ് കെ എ എസ് വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്.

ബൈട്രാന്‍സഫര്‍ റിക്രൂട്ട്‌മെന്റ് എന്നതിനു പകരം നേരിട്ടുള്ള നിയമനം എന്ന ഭേദഗതി വരുത്തിയാണ് രണ്ട്, മൂന്ന് സ്ട്രീമുകളില്‍ കൂടി സംവരണം ബാധകമാക്കുന്നത്.