ബ്രഹ്മോസിന്റെ പ്രഹര ശേഷിയും സാങ്കേതികതയും വികസിപ്പിച്ച് ഡി ആര്‍ ഡി ഒ

Posted on: July 9, 2019 12:14 pm | Last updated: July 9, 2019 at 1:31 pm

ന്യൂഡല്‍ഹി: ശബ്ദത്തെക്കാള്‍ മൂന്നിരട്ടി വേഗതയുള്ള ബ്രഹ്മോസ് മിസൈലിന്റെ പ്രഹര പരിധി പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വര്‍ധിപ്പിച്ചു. 300 കിലോമീറ്റര്‍ ആയിരുന്നു ആദ്യമുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 500 കിലോമീറ്റര്‍ ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ കുത്തനെ മുകളിലേക്കും താഴേക്കും വിക്ഷേപിക്കാന്‍ കഴിയുന്ന രീതിയിലുള്ള ബ്രഹ്മോസ് മിസൈലും ഡി ആര്‍ ഡി ഒ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതോടെ സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളെ ഉള്‍പ്പടെ തകര്‍ക്കാനുള്ള ശേഷി ബ്രഹ്മോസ് മിസൈല്‍ കൈവരിച്ചിരിക്കുകയാണ്.

400 കിലോമീറ്ററിലധികം ദൂരെയുള്ള കടല്‍, കര, ആകാശം എന്നിവിടങ്ങളിലെ ലക്ഷ്യങ്ങളെ സംഹരിക്കാന്‍ ബ്രഹ്മോസിന് സാധിക്കുമെന്ന് എയ്‌റോ സ്‌പേസ് സി ഇ ഒ. സുധീര്‍ കുമാര്‍ മിശ്ര പറഞ്ഞു. നിലവിലുള്ളതില്‍ ഏറ്റവും കൂടുതല്‍ നാശം വിതക്കുന്ന വേഗമേറിയ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഇന്ത്യ-റഷ്യ സംയുക്ത സംരംഭമാണ്. മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ സമിതിയായ എം ടി സി ആറില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷം അംഗമായതോടെയാണ് ബ്രഹ്മോസിന്റെ പരിധിയും ശേഷിയും വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ത്വരിതഗതിയിലായത്.