സ്ഥാനാർഥി ചർച്ചകൾ സജീവം; വിജയ പ്രതീക്ഷയിൽ മുന്നണികൾ

Posted on: July 9, 2019 1:21 pm | Last updated: July 9, 2019 at 1:21 pm

തിരുവനന്തപുരം: ആറ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. വട്ടിയൂർകാവ്, കോന്നി, അരൂർ, എറണാകുളം നിയമസഭാ മണ്ഡലങ്ങളിൽ സിറ്റിംഗ് എം എൽ എമാരായിരുന്നവർ എം പിമാരായതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പെങ്കിൽ മഞ്ചേശ്വരത്തും പാലയിലും എം എൽ എമാർ മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ അരൂർ ഒഴികെ ബാക്കിയെല്ലായിടവും യു ഡി എഫിന്റെ സീറ്റിംഗ് സീറ്റുകളാണ്. അതുകൊണ്ടുതന്നെ എൽ ഡി എഫ് ഏറെ കരുതലോടെയാണ് ഉപതിരഞ്ഞെടുപ്പുകളെ നേരിടാനൊരുങ്ങത്.

സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലാകുമെന്നതിനാൽ എൽ ഡി എഫ് ഏറെ ജാഗ്രതയോടെ ഉപതിരഞ്ഞെടുപ്പുകളെ വീക്ഷിക്കുന്നത്. യു ഡി എഫ് പ്രാഥമികമായി സ്ഥാനാർഥി ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. വട്ടിയൂർക്കാവും മഞ്ചേശ്വരവും ബി ജെ പി കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ്. അതിനാൽ ഇവിടങ്ങളിൽ ബി ജെ പിയും പ്രതീക്ഷ പുലർത്തുന്നു. വട്ടിയൂർകാവിൽ കഴിഞ്ഞ തവണ മത്സരിച്ച കുമ്മനം രാജശേഖരനെ തന്നെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന ബി ജെ പി നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, കുമ്മനം ബി ജെ പി ദേശീയ നേതൃത്വത്തിലേക്കോ ഗവർണർ പദവിയിലോ വന്നാൽ ബി ജെ പി ജില്ലാ പ്രസിഡന്റ്എസ് സുരേഷ് സ്ഥാനാർഥിയാകും.

പി സി വിഷ്ണുനാഥ്, കെ മോഹൻകുമാർ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്. എൽ ഡി എഫിൽ നിന്ന് കഴിഞ്ഞ തവണ മത്സരിച്ച ഡോ. ടി എൻ സീമയോ മുൻ മേയർ കെ ചന്ദ്രികയോ മത്സരിച്ചേക്കും. കോന്നിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി റോബിൻ പീറ്റർ, ഡി സി സി പ്രസിഡന്റ്ബാബു ജോർജ്, പി മോഹൻരാജ് എന്നിവരാണ് പ്രഥമ പരിഗണനയിലുള്ളത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം കെ യു ജിനേഷ് കുമാർ, എം എസ് രാജേന്ദ്രൻ എന്നിവരുടെ പേരുകൾ സി പി എമ്മിന്റെ പ്രഥമ പരിഗണനയിലുണ്ട്.

അരൂരിൽ, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. ഈഴവ പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കിൽ ഡി സി സി പ്രസിഡന്റ്എം ലിജുവിനാണ് സാധ്യത. എറണാകുളത്ത് മുൻ എം പി. കെ വി തോമസ്, ഡി സി സി പ്രസിഡന്റ് വിനോദ്, മുൻ മേയർ ടോണി ചിമ്മിണി എന്നിവർ സാധ്യതാ ലിസ്റ്റിലുണ്ട്.

ഡോ. സൊബാസ്റ്റ്യൻ പോളിന്റെ പേർ എൽ ഡി എഫും പരിഗണിക്കുന്നു. പാലാ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റാണ്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പാലായിൽ, ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാൻ ജോസ് കെ മാണി വിഭാഗം ആഗ്രഹിക്കുന്നു. പി ജെ ജോസഫ് വിഭാഗം ഈ സീറ്റിന് വേണ്ടി അവകാശവാദമുന്നയിക്കില്ലെന്നാണ് ജോസ് കെ മാണി വിഭാഗം കരുന്നത്.

മഞ്ചേശ്വരത്ത് മുസ്്ലിം ലീഗിലെ പി ബി അബ്ദുർറസാഖിന്റെ വിജയത്തെ ചോദ്യം ചെയ്ത്, പരാജയപ്പെട്ട ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ നൽകിയ തിരഞ്ഞെടുപ്പ് ഹരജിയുമായി ബന്ധപ്പെട്ട ഹൈക്കോടതിയിലെ കേസിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. കേസ് സുരേന്ദ്രൻ പിൻവലിച്ചെങ്കിലും കോടതി ചെലവ് ആവശ്യപ്പെട്ട് എതിർ കക്ഷികൾ കോടതിയെ സമീപിച്ചതിനാൽ കേസ് നടപടികൾ നീണ്ടുപോകുകയാണ്. കേസിൽ തീരുമാനമായില്ലെങ്കിൽ മഞ്ചേശ്വരം ഒഴിവാക്കി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 78 വോട്ടിന് പരാജയപ്പെട്ട കെ സുരേന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കണമെന്ന് ബി ജെ പിയിൽ ആവശ്യമുയർന്നിട്ടുണ്ട്.

എന്നാൽ, പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം നോട്ടമിടുന്ന കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കാൻ തയ്യാറാകില്ലെന്നാണറിയുന്നത്. സുരേന്ദ്രൻ ഇല്ലെങ്കിൽ ബി ജെ പി ജില്ലാ പ്രസിഡന്റ്കെ ശ്രീകാന്ത് സ്ഥാനാർഥിയാകാനാണ് സാധ്യത. മുസ്‌ലിം ലീഗിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ ലീഗ് ജില്ലാ പ്രസിഡന്റ്എം സി കമറുദ്ദീനാണ് പ്രഥമ പരിഗണന. കെ ആർ ജയാനന്ദയുടെ പേരാണ് എൽ ഡി എഫിന്റെ പരിഗണനയിൽ.