വൃത്തിഹീനമായി ഷവര്‍മ സൂക്ഷിച്ചു; ഖോര്‍ഫുകാനില്‍ റെസ്റ്റോറന്റ് അടച്ചുപൂട്ടി

Posted on: July 8, 2019 7:32 pm | Last updated: July 8, 2019 at 7:32 pm

ഖോര്‍ഫുകാന്‍: ഖോര്‍ഫുകാനിലെ ഒരു റെസ്റ്റോറന്റില്‍ വൃത്തി ഹീനമായി ഷവര്‍മ നിര്‍മാണ ഉപകരണം സൂക്ഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അധികൃതരുടെ നടപടി.
വൃത്തിഹീനമായ സ്ഥലത്ത് സാധനങ്ങള്‍ സൂക്ഷിച്ചതിന്റെ പേരില്‍ ഖോര്‍ഫുകാന്‍ നഗരസഭ റെസ്റ്റോറന്റ് പൂട്ടിക്കുകയായിരുന്നു.

കിച്ചണില്‍ ബക്കറ്റില്‍ സൂക്ഷിച്ച് മുകള്‍ ഭാഗം ചുമരിനോട് ചേര്‍ന്ന നിലയിലായിരുന്നു ഷവര്‍മ നിര്‍മിക്കുന്ന ഉപകരണം വെച്ചിരുന്നത്. ഇതോടൊപ്പം അരിഞ്ഞെടുത്ത കോഴിയുടെ ഭാഗങ്ങളും മറ്റൊരു ബക്കറ്റില്‍ സൂക്ഷിച്ചിരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. നഗരസഭ നടത്തിയ പരിശോധനയെ തുടര്‍ന്ന് സാമ്പത്തിക വകുപ്പിലും പോലീസിലും കേസ് ഫയല്‍ ചെയ്യുകയും റെസ്റ്റോറന്റ് പൂട്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നുവെന്ന് ഖോര്‍ഫുക്കാന്‍ നഗരസഭാ ഡയറക്ടര്‍ ഫൗസിയ അല്‍ ഖാദി പറഞ്ഞു.
ഷാര്‍ജ നഗരസഭയുടെ കീഴിലാണ് ഖോര്‍ഫുഖാന്‍ നഗരസഭ. ഭക്ഷ്യ വിതരണ,വിപണന മേഖലയില്‍ ശക്തമായ നടപടികളാണ് നഗരസഭ കൈകൊള്ളുന്നതെന്ന് അധികൃതര്‍ അറിയിച്ചു.