Connect with us

Kerala

മഞ്ചേശ്വരത്ത് അബ്ദുല്ലക്കുട്ടി വേണ്ടെന്ന് ബി ജെ പി പ്രാദേശിക നേതൃത്വം

Published

|

Last Updated

മഞ്ചേശ്വരം: അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലെത്തിയ എ പി അബ്ദുല്ലക്കുട്ടി മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാകാനുള്ള നീക്കം നടക്കില്ലെന്ന് റിപ്പോര്‍ട്ട്. അബ്ദുല്ലക്കുട്ടി വരുന്നതിനുള്ള എതിര്‍പ്പുമായി ബി ജെ പി പ്രാദേശിക നേതൃത്വം രംഗത്തെത്തി.

മഞ്ചേശ്വരം കന്നഡിഗരുടെ നാടാണ്. കന്നട നാട്ടില്‍ ഇവിടത്തുകാര്‍ തന്നെ മത്സരിക്കും. ഇനി പുറത്ത് നിന്ന് ആരെങ്കിലും വരുന്നെങ്കില്‍ അത് കെ സുരേന്ദ്രന്‍ തന്നെയായിരിക്കും- ബി ജെ പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ് ഭണ്ഡാരി ഒരു മാധ്യമത്തോട് പറഞ്ഞു. അബ്ദുല്ലക്കുട്ടി കണ്ണൂരില്‍ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാര്‍ഥിയായതുകൊണ്ട് പാര്‍ട്ടിക്ക് എന്തെങ്കിലും കൂടുതല്‍ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. അബ്ദുല്ലക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്‌ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബി ജെ പിക്ക് കിട്ടാന്‍ പോകുന്നില്ലെന്നും സതീഷ് ചന്ദ് ഭണ്ഡാരി പറഞ്ഞു.

കെ സുരേന്ദ്രനാണോ രവീശതന്ത്രി കുണ്ടാറാണോ സ്ഥാനാര്‍ഥിയായി വരിക എന്ന് ഇപ്പോള്‍ അറിയില്ലെന്ന് സതീഷ് ചന്ദ് ഭണ്ഡാരി പറയുന്നു. മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാല്‍ അത് കെ സുരേന്ദ്രനായിരിക്കും. ഇന്നത്തെ സാഹചര്യത്തില്‍ മറ്റൊരാളെ പാര്‍ട്ടി പരിഗണിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് നേട്ടമുണ്ടാക്കിയെങ്കിലും മണ്ഡലം ബി ജെ പിയെ കൈവിട്ടുവെന്ന് അര്‍ഥമില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ അതെല്ലാം മാറിമറിയും. യു ഡി എഫിന്റെ 11,000 വോട്ട് ബി ജെ പി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ് ഭണ്ഡാരി അവകാശപ്പെട്ടു.

Latest