ബജറ്റില്‍ നീക്കിവെച്ച നിരാശയുടെ വിഹിതങ്ങള്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ 'മോദിഷോ' കുറേ കൂടി വിപുലപ്പെടുത്തുമെന്നല്ലാതെ പുതിയ വലിയ പദ്ധതികളൊന്നുമില്ലാതെയാണ് ഒരു സമ്പൂര്‍ണ ബജറ്റ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. മൊത്ത വരുമാനവും ചെലവും ധനക്കമ്മിയും വരുമാന കമ്മിയും വരുമാനം കണ്ടെത്തുന്ന വഴികളും കൃത്യമായി അവതരിപ്പിക്കാത്ത ഒരു ബജറ്റ് മുമ്പ് ഉണ്ടായിട്ടില്ല. എസ് സി/ എസ് ടി, ന്യൂനപക്ഷങ്ങള്‍, സ്ത്രീജനങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിന് എത്ര നീക്കിയിരിപ്പുണ്ട് എന്നും പ്രസംഗത്തിലില്ല. "നാരീ തൂ നാരായണീ' എന്നൊക്കെ അഭിസംബോധന ചെയ്തെങ്കിലും വനിതാ ധനമന്ത്രിയെന്ന നിലക്കുകൂടി വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ബജറ്റ് വലിയ നിരാശയാണ് വിഹിതമായി നീക്കിവെച്ചത്. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് 4,700 കോടി മാത്രമാണ് ഇത്തവണയും നീക്കിയിരിപ്പ്. അല്ലെങ്കിലും "സബ്കാ വികാസ്' എന്ന് കേള്‍ക്കാനുള്ള സുഖമൊക്കെ കാര്യത്തോടടുക്കുമ്പോള്‍ കാണില്ലല്ലോ. ഇനി വരുമാനമുണ്ടാക്കാന്‍ പോകുന്നത് പെട്രോളിനും ഡീസലിനും വില കൂട്ടിയാണ്. പ്രതിരോധ ബജറ്റില്‍ മാറ്റമില്ലാതെ വെച്ചത് ശ്ലാഘനീയമാണ്. യുദ്ധക്കൊതിയന്മാരായ കുറെ പൗരന്മാരുടെ നാടായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന തീവ്ര ദേശീയതാ രാഷ്ട്രീയത്തിന്റെ കാലത്ത് ഇത് ശ്രദ്ധേയമാണ്.
Posted on: July 8, 2019 10:41 am | Last updated: July 8, 2019 at 10:41 am

രാജ്യത്തിപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് വ്യക്തമായിരുന്നിട്ടും അസാമാന്യ വളര്‍ച്ച സ്വപ്‌നം കാണുന്ന ഒരു ബജറ്റാണ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ “മോദിഷോ’ കുറേ കൂടി വിപുലപ്പെടുത്തുമെന്നല്ലാതെ പുതിയ വലിയ പദ്ധതികളൊന്നുമില്ലാതെയാണ് ഒരു സമ്പൂര്‍ണ ബജറ്റ് വനിതാ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ സെഷനില്‍ അവതരിപ്പിച്ചത്.
തനിക്ക് നന്നായി സംസാരിക്കാനറിയാമെന്ന് നിര്‍മല സഭയില്‍ ഒരിക്കല്‍ കൂടി തെളിയിച്ചെങ്കിലും ഒരു ബജറ്റ് അവതരണത്തിന്റെ മേന്മകളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബജറ്റില്‍ അനിവാര്യമായും പറയേണ്ടിയിരുന്ന പലതും അവര്‍ പറഞ്ഞതേയില്ല. ചിലതൊക്കെ നന്ദി പറഞ്ഞ് പീഠം വിട്ടുപോയി പിന്നെ തിരിച്ചെത്തി സൂചിപ്പിക്കുക മാത്രം ചെയ്തു. മൊത്ത വരുമാനവും ചെലവും ധനക്കമ്മിയും വരുമാന കമ്മിയും വരുമാനം കണ്ടെത്തുന്ന വഴികളും കൃത്യമായി അവതരിപ്പിക്കാത്ത ഒരു ബജറ്റ് മുമ്പ് ഉണ്ടായിട്ടില്ല.

ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളായ തൊഴിലുറപ്പു പദ്ധതി, ഉച്ചഭക്ഷണ പദ്ധതി, ആരോഗ്യരംഗത്തെ പ്രധാന മേഖലകള്‍ എന്നിങ്ങനെയുള്ളവക്ക് എത്ര ഫണ്ട് കണ്ടെത്തിയിട്ടുണ്ട്, ചെലവാകുന്നുണ്ട് എന്ന് പറയാതിരിക്കുന്നത് ഇതാദ്യമായിരിക്കും. എസ് സി/ എസ് ടി, ന്യൂനപക്ഷങ്ങള്‍, സ്ത്രീജനങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിന് എത്ര നീക്കിയിരിപ്പുണ്ട് എന്നും പ്രസംഗത്തിലില്ല. ഇനിയിത് പഴയ സമ്പ്രദായങ്ങള്‍ മാറ്റിയതാണെന്ന് പറയാനുമൊക്കില്ല. കാരണം, ഇത് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന മഹാഭൂരിപക്ഷം പേര്‍ക്കും ഈ ബജറ്റ് രേഖകള്‍ മുഴുവന്‍ എവിടെ നിന്ന് കിട്ടാനാണ്? എം പിമാര്‍ക്ക് കിട്ടും, ഉദ്യോഗസ്ഥര്‍ക്ക് കിട്ടും. പിന്നെ..? ആ കട്ടിയുള്ള ബജറ്റ് പുസ്തകങ്ങള്‍ നോക്കി കാര്യങ്ങള്‍ കണ്ടുപിടിച്ചാല്‍ മതിയെന്ന് പറഞ്ഞു പോകുന്നത് എങ്ങനെ ശരിയാകും? പ്രധാന വിഷയങ്ങളെങ്കിലും പറയണ്ടേ?

കൊളോണിയല്‍ സമ്പ്രദായമെന്ന് പറഞ്ഞ് തുകല്‍ പെട്ടി മാറ്റി ബജറ്റ് പ്രസംഗം തുണി സഞ്ചിയില്‍ പൊതിഞ്ഞുകൊണ്ടുവന്നപ്പോഴും ബജറ്റിന്റെ ടൈറ്റിലില്‍ മാത്രം ഗാവ്, കിസാന്‍, ഗരീബ് ഒതുങ്ങിപ്പോയി. ബജറ്റില്‍ സ്വകാര്യ മേഖലക്കാണ് ഊന്നലെന്ന് വ്യക്തമായിരുന്നു. ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കും എന്തെങ്കിലും ആശ്വാസം എന്ന് പറയാനാകുന്ന ഒന്നും ധനമന്ത്രി അവതരിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല, കസ്റ്റംസ് തീരുവ കൂട്ടിയും പെട്രാള്‍, ഡീസല്‍ വില വര്‍ധനവ് ഉണ്ടാക്കിയും നികുതി ഭാരം കൂട്ടും വിധം ഇന്‍കം ടാക്‌സ് ആക്ടില്‍ ഭേദഗതി നിര്‍ദേശിച്ചും സാധാരണക്കാരെ ക്രൂശിക്കുകയാണ് ഈ ബജറ്റ് ചെയ്തിരിക്കുന്നത്.

ഏകദേശം 60 മിനുട്ട് കഴിഞ്ഞിട്ടാണ് ധനമന്ത്രി ഏതെങ്കിലും പദ്ധതികളെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. അതാകട്ടെ പഴയ പദ്ധതികളും അതിന്റെ വികാസവും മാത്രം. കൂടുതല്‍ കക്കൂസുകള്‍, എല്‍ ഇ ഡി ബള്‍ബുകള്‍ എന്നിങ്ങനെയുള്ള കുറേ കാര്യങ്ങള്‍.

മറ്റൊരു കാര്യം, മോദി സര്‍ക്കാറിന്റെ ധാരണ രാജ്യത്തെ സംസ്ഥാന സര്‍ക്കാറുകള്‍ക്കൊന്നും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തിയില്ലെന്നാണ്. സംസ്ഥാന സര്‍ക്കാറുകള്‍ പ്രാദേശിക ഭരണ സംവിധാനങ്ങള്‍ നോക്കി നടത്തിയാല്‍ മാത്രം മതി എന്നത് പോലെയാണ് മോദിയുടെ സമീപനം. സേവന മേഖലയില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്.

ഒരു രാജ്യത്തിന് ഒരു ഗ്രിഡ് എന്നത് വൈദ്യുതിയിലും ജലത്തിലും ഗ്യാസ് കണക്ഷനിലും നടപ്പാക്കുമെന്ന് മന്ത്രി പറയുന്നു. 2019-2020 കാലയളവില്‍ അത് നടപ്പാകാന്‍ പോകുന്നില്ല. രാജ്യത്തെ സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തന മേഖല കേന്ദ്രം നിര്‍ണയിക്കാനും നിശ്ചയിക്കാനും പോകുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. ഒരു രാജ്യം ഒരു ഗ്രിഡ് എന്നതും അതു തന്നെയാണ്. ഒരു രാജ്യം ഒരു നികുതി എന്ന ജി എസ് ടി പരസ്യമൊക്കെ വിലപോകാത്തതു പോലെ ഇതും അവശേഷിക്കും. മാത്രവുമല്ല, കണ്‍കറന്റ് ലിസ്റ്റിലുള്ള സ്‌കൂള്‍, കോളജ് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ധനമന്ത്രി കാണിക്കുന്ന താത്പര്യവും ജനക്ഷേമ പദ്ധതികളൊക്കെ കേന്ദ്ര സര്‍ക്കാര്‍ ചെയ്താലേ ശരിയാകൂ എന്ന മോദിയുടെ മട്ടും ഈ പ്രശ്‌നത്തിന്റെ ഭാഗമാണ്.
“നാരീ തൂ നാരായണീ’ എന്നൊക്കെ അഭിസംബോധന ചെയ്തെങ്കിലും വനിതാ ധനമന്ത്രിയെന്ന നിലക്കുകൂടി വനിതാ ശാക്തീകരണത്തിന്റെ കാര്യത്തില്‍ ബജറ്റ് വലിയ നിരാശയാണ് വിഹിതമായി നീക്കിവെച്ചത്. സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നൊക്കെയുള്ള വാചകങ്ങള്‍ ഇന്നുവരേക്കുമുള്ള എല്ലാ ബജറ്റിലും ആവര്‍ത്തിച്ചിട്ടുണ്ടായേക്കാവുന്ന ക്ലീഷേ മാത്രമാണ്. സ്ത്രീ സ്വാശ്രയ സംഘങ്ങളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം വായ്പ ലഭിക്കുമെന്നത് നല്ലകാര്യം. അപ്പോഴും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, വര്‍ധിച്ചുവരുന്ന സ്ത്രീവിരുദ്ധതയും അതിക്രമങ്ങളും തടയാനുള്ള പദ്ധതികള്‍, മാതൃമരണ നിരക്ക് കുറക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെ മന്ത്രി ശ്രദ്ധിക്കുമെന്ന് കരുതിയ പലതും വിട്ടുപോയി. ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിന് 4,700 കോടി മാത്രമാണ് ഇത്തവണയും നീക്കിയിരിപ്പ്. അല്ലെങ്കിലും “സബ്കാ വികാസ്’ എന്ന് കേള്‍ക്കാനുള്ള സുഖമൊക്കെ കാര്യത്തോടടുക്കുമ്പോള്‍ കാണില്ലല്ലോ.

ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാന്‍ ധനമന്ത്രി പലതും പറഞ്ഞേയില്ല. കഴിഞ്ഞ വര്‍ഷം 1,60,000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ട് സര്‍ക്കാറിന്. അത് പറഞ്ഞേയില്ല. കംട്രോളര്‍ ഓഫ് ഗവണ്‍മെന്റ്‌സ് അക്കൗണ്ട്‌സിന്റെ പക്കല്‍ ഈ വിവരമുണ്ട്. ഒടുവില്‍ ധനമന്ത്രി പറഞ്ഞിട്ടുപോയ ആ കാര്യം, ധനക്കമ്മി 3.4 ശതമാനത്തില്‍ നിന്ന് 3.3 ശതമാനം ആക്കിയെന്നതാണ്. അതും കഴിഞ്ഞ വര്‍ഷം ഈ സര്‍ക്കാറിന് 1,60,000 കോടിയുടെ നഷ്ടമുണ്ടായി എന്ന വസ്തുതയും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. നോണ്‍ പെര്‍ഫോമിംഗ് അസ്സെറ്റ് കുറഞ്ഞുവെന്ന് പറയുന്നു. ശരിയാണ്, ഒരു ലക്ഷം കോടി കുറഞ്ഞു. 10 ശതമാനം ഉണ്ടായിരുന്നത് എട്ട് ശതമാനമായി കുറഞ്ഞു. പക്ഷേ, ഇവിടെ വേറെ ഒരു കാര്യം ചിന്തിക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബേങ്കുകള്‍ എഴുതി തള്ളിയത് 5,55,603 കോടിയാണ്. അതവര്‍ പറയില്ല.

പറഞ്ഞാല്‍ ഈ നോണ്‍ പെര്‍ഫോമിംഗ് അസ്സെറ്റുകള്‍ കുറച്ചുവെന്ന് ഇങ്ങനെ പറയാന്‍ പറ്റില്ലല്ലോ.
ഇനി വരുമാനമുണ്ടാക്കാന്‍ പോകുന്നത് പെട്രോളിനും ഡീസലിനും വില കൂട്ടിയാണ്. പക്ഷേ, ധനമന്ത്രി പറയും അത് അഡീഷണല്‍ റിസോഴ്‌സ് മൊബിലൈസേഷന്‍ വഴി കണ്ടെത്തുമെന്ന്. എങ്കില്‍ ധനമന്ത്രി പറയുന്ന വഴികള്‍ ഏതൊക്കെയാണ് എന്ന് എവിടെ കാണും? അതേപ്പറ്റി എന്തുകൊണ്ട് അവര്‍ പറയുന്നില്ല.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചത് നല്ല തീരുമാനമാണ്. എല്‍ ഇ ഡി ബള്‍ബുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത് പാരിസ്ഥിതിക കരുതലിന്റെ ഭാഗം കൂടിയാണല്ലോ. എന്നാല്‍ ഇന്ത്യ നിലവില്‍ ആതിഥ്യം വഹിക്കുന്ന രാജ്യാന്തര സൗരോര്‍ജ സഖ്യമടക്കമുള്ള വളരെ പ്രധാനപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് ബജറ്റിന് പറയാന്‍ ഒന്നുമില്ലാതെ പോയി. ജലശക്തി മന്ത്രാലയത്തിന് കീഴിലും എടുത്തു പറയാവുന്ന അടയാളപ്പെടുത്തലുകളില്ല. കടുത്ത പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന ഒരു രാജ്യമെന്ന നിലക്കുള്ള കരുതലൊന്നും ബജറ്റിനില്ലെന്ന് സാരം.
സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പ്രോത്സാഹനമുള്ളതും റിസര്‍ച് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നതും മികച്ച നീക്കമാണ്. ഗാന്ധിപീഡിയയും വല്ലാതെ ആകര്‍ഷിച്ചു. ഗാന്ധിയെ കൊന്നത് നന്നായെന്ന് ഗര്‍വ് പറഞ്ഞ സ്വന്തം പാര്‍ട്ടിയിലെ എം പിമാരെ ഇരുത്തിക്കൊണ്ടു തന്നെ അങ്ങനെ ഒരു പദ്ധതി നിര്‍മലക്ക് അവതരിപ്പിക്കാനായല്ലോ.

പ്രതിരോധ ബജറ്റില്‍ മാറ്റമില്ലാതെ വെച്ചത് ശ്ലാഘനീയമാണ്. യുദ്ധക്കൊതിയന്മാരായ കുറെ പൗരന്മാരുടെ നാടായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്ന തീവ്ര ദേശീയതാ രാഷ്ട്രീയത്തിന്റെ കാലത്ത് ഇത് ശ്രദ്ധേയമാണ്. മുമ്പ് പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് അധിക വിഹിതം ആവശ്യപ്പെട്ട നിര്‍മലക്ക് ധനമന്ത്രിയായപ്പോള്‍ മനം മാറ്റമുണ്ടായി എന്നതാണ് മറ്റൊരു കാര്യം. ഇതില്‍ തന്നെ ഒരു പ്രശ്‌നം, ആയുധങ്ങളുടെയും യുദ്ധോപകരണങ്ങളുടെയും ഇറക്കുമതിയില്‍ തീരുവ ഒഴിവാക്കി എന്നതാണ്. ഇത് ഇന്ത്യയില്‍ ആയുധ നിര്‍മാണങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കും. ആയുധ നിര്‍മാണ മേഖലയിലും മെയ്ക് ഇന്‍ ഇന്ത്യ പദ്ധതികളിലും ഇത് കനത്ത ക്ഷീണമുണ്ടാക്കും.

എന്നാല്‍ കസ്റ്റംസ് തീരുവ കൂട്ടാനും നികുതി ഭാരമേറ്റാനും തുനിഞ്ഞ സര്‍ക്കാര്‍ കോര്‍പറേറ്റ് നികുതിയില്‍ “വിശാല മനസ്‌കത’ കാണിച്ചു. നികുതിയിളവിന്റെ പരിധി 400 കോടി വരെ ആക്കിയപ്പോള്‍ നിലവില്‍ ഇനി ബാക്കി 0.07 ശതമാനം കമ്പനികളേ നികുതിയിളവില്ലാത്തതായി കാണൂ. വിദേശ നിക്ഷേപത്തിന്റെ കാര്യത്തിലും വലിയ പ്രതിസന്ധിയാണ്. വിദേശ സ്വകാര്യ നിക്ഷേപവും വിദേശ നിക്ഷേപവും തമ്മിലുള്ള വ്യത്യാസം പരിഗണിക്കാത്ത മട്ടിലാണ് ബജറ്റ് അവതരണമെന്നു തന്നെ വിമര്‍ശനമുണ്ട്. പോരാത്തതിന്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് വിദേശ നിക്ഷേപം തൊഴില്‍ വിതരണത്തിലും മറ്റുമായി ഉണ്ടാക്കിയ ഒരു സ്വാധീനത്തെ പറ്റിയുമുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവശം ഇല്ല. പോരാത്തതിന് വിദേശ മൂലധന നിക്ഷേപത്തില്‍ ഇടിവുമുണ്ട്.

കാര്‍ഷികരംഗം എങ്ങനെ കരകയറുമെന്നതിനെ പറ്റി ധനമന്ത്രിക്ക് വലിയ ധാരണയൊന്നുമില്ലെന്ന് തോന്നുന്നു. എക്കണോമിക് സര്‍വേയിലെ ഗ്രാഫനുസരിച്ച് കാര്‍ഷികരംഗത്തെ വളര്‍ച്ച അഞ്ച് ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായി വീണുകിടക്കുകയാണ്. കാര്‍ഷിക രംഗം സമൂലമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തവണ കാര്‍ഷിക രംഗത്തേക്ക് നീക്കിവെച്ച വിഹിതങ്ങള്‍ പരിഹാരങ്ങള്‍ക്ക് പര്യാപ്തമല്ല എന്നര്‍ഥം. സാധാരണക്കാരുടെയോ രാജ്യത്തെ സാമ്പത്തിക വിദഗ്ധരുടെയോ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടോ വകവെച്ചുകൊണ്ടോ ഉള്ള ഒരു ബജറ്റ് അല്ല ഇത്. തകര്‍ച്ച തുടരുന്ന സാമ്പത്തിക രംഗം നിര്‍മലക്ക് മെരുങ്ങുമോയെന്ന് കണ്ടറിയാം.