ആരു നേടും ലോകകപ്പ്; ഇന്ത്യയെന്ന് ശ്രീലങ്കന്‍ നായകന്‍, ഓസീസെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍

Posted on: July 7, 2019 2:59 pm | Last updated: July 7, 2019 at 8:49 pm

ലണ്ടന്‍: ലോകകപ്പ് ആര്‍ക്കെന്ന് നിര്‍ണയിക്കുന്ന കലാശക്കളിക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ജേതാക്കളെ പ്രവചിച്ച് ശ്രീലങ്ക, ദക്ഷിണാഫ്രിക്ക നായകന്മാര്‍. ഇന്ത്യക്കാണ് സാധ്യതയെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ പറയുന്നു. ലോക ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ടീം ഘടനയെ കരുണരത്‌നെ പ്രകീര്‍ത്തിച്ചു. ബി സി സി ഐയുടെ പാത ശ്രീലങ്കന്‍ ബോര്‍ഡും പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നീ മറ്റു സെമി ഫൈനലിസ്റ്റുകളെക്കാള്‍ ഇന്ത്യക്കു തന്നെയാണ് കപ്പടിക്കാന്‍ സാധ്യത കാണുന്നത്.

അതേസമയം, ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം മറ്റേതെങ്കിലും ടീം നടത്തിയാല്‍ അവര്‍ തന്നെയാകും ലോക ചാമ്പ്യന്മാരാവുകയെന്നും കരുണരത്‌നെ പറഞ്ഞു. മികച്ച ടീം ഘടന, ആഭ്യന്തര തലത്തില്‍ ശക്തമായ ടീമുകളുടെ സാന്നിധ്യം, ഐ പി എല്‍ ടൂര്‍ണമെന്റില്‍ നിന്നുള്ള അനുഭവ സമ്പത്ത് എന്നിവയെല്ലാം ഇന്ത്യയെ കരുത്തുറ്റതാക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷ.

നല്ല തുടക്കം കിട്ടിയാല്‍ വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കെല്‍പ്പുള്ളയാളാണ് ഇന്ത്യന്‍ ഉപ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയെന്നും കരുണരത്‌നെ പറഞ്ഞു. ഏത് ബൗളറെ ആക്രമിക്കണം, ഏത് ബൗളറെ ആദരിക്കണം, ശതകത്തിലേക്ക് എങ്ങനെ എത്തിച്ചേരണം എന്നിവയെല്ലാം കൃത്യമായി അറിയുന്ന ബാറ്റ്‌സ്മാനാണ് രോഹിത്. അദ്ദേഹം കളത്തില്‍ നടപ്പിലാക്കുന്ന ലളിതമായ പദ്ധതികള്‍ ശ്രീലങ്കയുടെ യുവ താരങ്ങള്‍ മാതൃകയാക്കണം. 1996ലെ ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്ക ലീഗില്‍ ഇന്ത്യക്കെതിരെ ശനിയാഴ്ച നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 94 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ രോഹിതിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറ പാകിയത്. ഒമ്പതു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവുമായി ആറാം സ്ഥാനക്കാരായാണ് ശ്രീലങ്കക്ക് മടങ്ങേണ്ടി വന്നത്.

ലോകക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന ലസിത് മലിംഗക്ക് ഉചിതമായ ഒരു യാത്രയയപ്പ് ലോകകപ്പില്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും ബംഗ്ലാദേശിനെതിരെ ശ്രീലങ്കയില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് ഒരുക്കുമെന്നും ശ്രീലങ്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ആസ്‌ത്രേലിയയാകും ഇത്തവണത്തെ ലോകകപ്പ് ജേതാക്കളെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാപ് ഡു പ്ലെസിസ് പ്രവചിച്ചു. എന്നാല്‍, ഇന്ത്യയെ എഴുതിത്തള്ളാനാകില്ലെന്നും 2019 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കു വേണ്ടി സെഞ്ച്വറി നേടിയ ഏക താരമായ പ്ലെസിസ് പറഞ്ഞു. ചാമ്പ്യന്മാരാകാനുള്ള കരുത്ത് ആസ്‌ത്രേലിയയും ഇന്ത്യയും പല തവണ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. വലിയ മത്സരങ്ങള്‍ ജയിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇരു ടീമുകളും. ഒരു എക്‌സ്ട്രാ താരം ടീമിലുള്ളതു പോലെ തോന്നും ഓസീസിന്റെ ആത്മവിശ്വാസം തുളുമ്പുന്ന കളി കാണുമ്പോഴെന്നും പ്ലെസിസ് പറഞ്ഞു.