Connect with us

Kozhikode

വിദ്യാർഥികളിൽ സാമൂഹിക ബോധം വളർത്തുന്നതിന് പ്രാമുഖ്യം നൽകണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

മഴവില്‍ ക്ലബ് മെന്റര്‍മാരുടെ സംസ്ഥാന സംഗമം സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിദ്യാർഥികളിൽ സാമൂഹികബോധവും മൂല്യബോധവും വളർത്തുന്നതിന് പാഠ്യക്രമങ്ങൾ പ്രാധാന്യം നൽകണമെന്നും ഇതിന് സ്‌കൂൾ ക്ലബ്ബുകൾക്ക് നേതൃപരമായ പങ്കു വഹിക്കാൻ കഴിയുമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിമുൽ ഖലീലുൽ ബുഖാരി.

കേരളത്തിലെ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന മഴവിൽ ക്ലബ്ബ് മെന്റർമാരുടെ സംഗമം ഫ്‌ളൂറസൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവന മനോഭാവവും മാനുഷിക മൂല്യവും കൈവരുമ്പോൾ മാത്രമേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളു. ക്ലാസ് മുറികളിലാണ് നാളെയുടെ പൗരൻമാരെ വാർത്തെടുക്കുന്നത്.

അവർക്ക് പാഠ പുസ്തകങ്ങളിൽ നിന്നുള്ള കേവലം അറിവനപ്പുറം മാനുഷിക മൂല്യങ്ങളും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനവും കരസ്ഥമാക്കിയിരിക്കണം. ഇതോടൊപ്പം, മികച്ച പ്രതികരണ ശേഷിയുള്ളവരായി നമ്മുടെ വിദ്യാർഥികൾ മാറണം. സമൂഹ നിർമിതിയിലും നവീകരണത്തിലും വിദ്യാർഥികൾക്ക് കൃത്യമായ പങ്കുവഹിക്കാൻ കഴിയണം. ഇതിന് അധ്യാപകർ വിദ്യാർഥികളോടൊപ്പം നിന്ന് നേതൃപരമായ പ്രവർത്തനം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

2019-20 വർഷത്തെ ക്ലബ്ബ് കലണ്ടറിൻമേലുള്ള ചർച്ചയും സ്‌കൂളുകളിൽ ഈ വർഷം നടപ്പാക്കുന്ന നൻമ വീടിന്റെ അവതരണവും ചടങ്ങിൽ നടന്നു.എസ് എസ് എഫ് സംസ്ഥാന അധ്യക്ഷൻ സി കെ റാശിദ് ബുഖാരി അധ്യക്ഷത വഹിച്ചു. എ പി മുഹമ്മദ് അശ്ഹർ,സി കെ ശക്കീർ, സി എൻ ജാഫർ സാദിഖ്, എം ടി ശിഹാബുദ്ദീൻ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. മഴവിൽ സെക്രട്ടറി ഹാമിദലി സഖാഫി പദ്ദതി അവതരിപ്പിച്ചു. മഴവിൽ ക്ലബ്ബ് കോഡിനേറ്റർ എം കെ മുഹമ്മദ് സ്വഫ്്വാൻ സ്വാഗതവും ഡോ. ഇർഷാദ് നന്ദിയും പറഞ്ഞു.

Latest