നിയന്ത്രിക്കേണ്ടവരുടെ ഒത്താശ; പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍ കൊഴുക്കുന്നു

ഗള്‍ഫ് കാഴ്ച
Posted on: July 6, 2019 9:20 pm | Last updated: July 6, 2019 at 9:20 pm

ദുബൈ: ഗള്‍ഫില്‍ വേനലവധി തുടങ്ങി. ഈ മാസം ചൂട് സര്‍വകാലത്തേക്കും മുകളില്‍ ആയിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യക്കാരെ സംബന്ധിച്ചു നാട്ടില്‍ മഴക്കാലം. കുട്ടികളെയും കൂട്ടി കുറച്ചുകാലം നാട്ടില്‍ നില്‍ക്കാമെന്ന് എല്ലാ കുടുംബങ്ങളും ആഗ്രഹിക്കും. പക്ഷേ, സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലപ്പുറമാണ് വിമാന ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബം പോയി വരണമെങ്കില്‍ കുറഞ്ഞത് 14000 ദിര്‍ഹം. ഇത് ടിക്കറ്റിനു മാത്രം. ഉറ്റവര്‍ക്കു സമ്മാനങ്ങള്‍ വാങ്ങാന്‍ ശരാശരി 10000 ദിര്‍ഹം. രണ്ട് മാസത്തെ ചെലവ് 15000. എല്ലാം കൂടി 40000 ലധികം വേണ്ടി വരും. വര്‍ഷം മുഴുവന്‍ കഠിനാദ്ധ്വാനം ചെയ്താല്‍ ഇത്രയധികം തുക കൈയില്‍ ബാക്കിയാകുന്ന കുടുംബങ്ങള്‍ മലയാളികള്‍ക്കിടയില്‍ അഞ്ച് ശതമാനം പോലും വരില്ല.

ആഗോള സാമ്പത്തിക മാന്ദ്യ കാലമാണ്. മിക്കവരും മുണ്ട് മുറുക്കിയുടുത്താണ് ജീവിക്കുന്നത്. യു എ ഇ യില്‍ അടക്കം വാടക കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു ചെലവുകള്‍ വര്‍ധിച്ചിട്ടുണ്ട്, പ്രധാനമായും വിദ്യഭ്യാസ ചെലവ്.. വിദ്യാലയങ്ങള്‍ക്ക് മികവുള്ളതിനാലാണ് മിക്ക രക്ഷിതാക്കളും കുട്ടികളെ ഇവിടെ നിര്‍ത്തി പഠിപ്പിക്കുന്നത്. പലരും കുട്ടികളുടെ സാന്നിധ്യം സദാ ആഗ്രഹിക്കും. ഭാര്യയേയും കുട്ടികളെയും നാട്ടില്‍ തനിച്ചാക്കാന്‍ മനസ് സമ്മതിക്കില്ല. അതുകൊണ്ട് കുടുംബം പുലര്‍ത്താന്‍ പലരും ബാങ്ക് വായ്പകളെ ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പലിശ അടച്ചു തീര്‍ക്കാന്‍ തന്നെ പലരും പാടുപെടുന്നു. ഇത്രയൊക്കെ പ്രയാസപ്പെട്ടു എന്തിനു ഗള്‍ഫ് എന്ന ചോദ്യം സ്വാഭാവികം. സുരക്ഷിതത്വ ബോധം പ്രധാന ഘടകമാണ്.

ഇവിടെ ഏത് പാതിരാവിലും സ്ത്രീകള്‍ക്കും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം. പകര്‍ച്ച വ്യാധികളില്ല. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഇല്ല. സമുദായം തിരിച്ചു ചിലരെ രണ്ടാം തരം പൗരന്മാരായി കാണുന്നില്ല. നിക്ഷേപത്തിന് പാരവെപ്പില്ല. എന്നാലും, പച്ചപ്പ്, നഷ്ടസ്മൃതികള്‍, ബന്ധങ്ങളുടെ ഈടുവെയ്പ്പ് എന്നിവ കൊണ്ട് നാട് മാടി വിളിക്കും. വല്ലപ്പോഴും പോകാന്‍ കഴിയണം. കൈയില്‍ കുറച്ചു മിച്ചം വന്നാല്‍ ശിഷ്ട ജീവിതം നാട്ടില്‍ തന്നെ ആക്കണം. ഇക്കാലത്തു കുറേ സൗകര്യങ്ങളുള്ള രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തു രംഗത്തുണ്ട്. എന്നാലും ജന്മഭൂമി സ്വര്‍ഗത്തോളം ആകര്‍ഷകം.

വിമാന ടിക്കറ്റ് കുറഞ്ഞു കിട്ടിയാല്‍ വേനലവധി നാട്ടിലാക്കാന്‍ തയാറുള്ള ആയിരക്കണിക്കിനാളുകള്‍. വിദ്യാലയങ്ങള്‍ അടച്ചു ഒരാഴ്ച പിന്നിട്ടുവെങ്കിലും നിരക്ക് പഴയ പടി. അടുത്ത രണ്ടാഴ്ച ഇതേ നില തുടരും. എന്നാലും സെപ്റ്റംബറില്‍ വിദ്യാലയങ്ങള്‍ പുനരാരംഭിക്കുന്ന നാളുകളില്‍ തിരിച്ചെത്താന്‍ ടിക്കറ്റ് ലഭ്യമല്ല.

വേനലവധിക്കാലത്തു ഗള്‍ഫ് -കേരള യാത്രാ ദുരിതം എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ട്. ഇത്തവണ പക്ഷേ രൂക്ഷം. ഇന്ത്യയില്‍ പല നഗരങ്ങളിലേക്കും സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തി. എയര്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാമത്തെ വലിയ കാര്യര്‍ ആണ്. 60 നഗരങ്ങളിലേക്ക് സര്‍വീസ് ഉണ്ടായിരുന്നു. ഇതോടെ മറ്റു വിമാനക്കമ്പനികള്‍ക്കു ചാകരയായി. നിരക്ക് കുത്തനെ ക്രമാതീതമായി വര്‍ധിപ്പിച്ചു. നിരക്ക് പിടിച്ചു നിര്‍ത്താന്‍ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം,പതിവില്ലാതെ കൈയൊഴിഞ്ഞു.

ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയുമെന്ന് കേന്ദ്രം ഭരിക്കുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇന്ധന വില കുത്തനെ കൂടിയിട്ടും ജനങ്ങള്‍ക്ക് പ്രശ്‌നമില്ല. പിന്നല്ലേ വിമാന ടിക്കറ്റ്. വിമാന ടിക്കറ്റ് കുറക്കാന്‍ ഇടപെടാമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ വാഗ്ദാനം നല്‍കിയതാണ്. കേന്ദ്ര വ്യോമയാന മന്ത്രി കണ്ണുരുട്ടിയപ്പോള്‍ പിന്‍മാറി. കോര്‍പറേറ്റുകളുടെ ലാഭം മാത്രം പരിഗണിക്കുന്ന ഭരണകൂടമാണ്. ഗള്‍ഫ് ഇന്ത്യക്കാര്‍ക്ക് യാതൊരു പ്രതീക്ഷയും വേണ്ട. വേനലവധി,പെരുന്നാള്‍. ഓണം പോലുള്ള സീസണ്‍ നോക്കി നിരക്ക് കുത്തനെ കൂട്ടുന്ന പ്രവണത മുമ്പേയുണ്ട്.

ഇതിനെതിരെ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ പാര്‍ലിമെന്റില്‍ ഒച്ചപ്പാട് സൃഷ്ടിക്കാറുണ്ട്. ഒന്നോ രണ്ടോ വര്‍ഷം എയര്‍ ഇന്ത്യ ഗള്‍ഫിലേക്കും തിരിച്ചും അധിക സര്‍വീസ് നടത്തി. വലിയ ആശ്വാസമായിരുന്നു. യഥാ പ്രജ, തഥാ രാജ. ദൂരം കണക്കാക്കിയാല്‍ ലോകത്തു ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്ക് ഗള്‍ഫ് -കേരള മേഖലയില്‍.

തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കു ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് 30 ശതമാനം വര്‍ധിച്ചു. വണ്‍വേ ടിക്കറ്റിന് 1700 ദിര്‍ഹം ആയി. ലോകത്തിലെ വിമാനക്കമ്പനികളുടെ കണ്ണ് തള്ളിയിരിക്കും. ലോകത്തു എവിടെയും ഇല്ലാത്ത പ്രതിഭാസമാണ്. തിരക്ക് കൂടുമ്പോള്‍ നിരക്ക് കയറുന്നത് സ്വാഭാവികം. എന്നാല്‍ ഇങ്ങനെയൊരു കയറ്റം വേറെ എവിടെയും കാണില്ല. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇത്രയും വരില്ലല്ലോ എന്ന് ചോദിക്കുന്നതില്‍ അര്‍ഥമില്ല. ജീവിതമാകെ അനിശ്ചിതത്വത്തില്‍ ആയിരിക്കുമ്പോള്‍, ആര്‍ക്കാണ് വിമാന യാത്ര കാലേക്കൂട്ടി തീരുമാനിക്കാന്‍ സാധ്യമാകുക.