യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ മയക്കുമരുന്ന് പിടികൂടി

Posted on: July 5, 2019 9:55 pm | Last updated: July 5, 2019 at 9:55 pm

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ട് കിലോ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ഏഷ്യക്കാരന്‍ വിചാരണ നേരിടുന്നു. കഴിഞ്ഞ ഏപ്രില്‍ 22നായിരുന്നു സംഭവം. വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗിന് അസാധാരണ വലുപ്പം ശ്രദ്ധയില്‍ പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

പരിശോധനയില്‍ രണ്ട് വലിയ പൊതികളില്‍ സൂക്ഷിച്ച നിലയില്‍ വെളുത്ത പൗഡര്‍ പോലെയുള്ള വസ്തു കണ്ടെത്തി. ഫോറന്‍സിക് പരിശോധനയില്‍ ഇത് രാജ്യത്ത് നിരോധിച്ച മിഥാംഫിറ്റാമൈന്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടനെ ബാഗ് കണ്ടുകെട്ടുകയും യാത്രക്കാരനെ തുടര്‍ നടപടികള്‍ക്കായി ദുബൈ പ്രാഥമിക ക്രിമിനല്‍ കോടതിക്ക് കൈമാറുകയുമായിരുന്നു.