മരടിലെ അനധികൃത ഫ് ളാറ്റുകള്‍ പൊളിച്ചേ തീരു;ഹരജിക്കാരുടെ അഭിഭാഷകരോട് പൊട്ടിത്തെറിച്ച് സുപ്രീം കോടതി

Posted on: July 5, 2019 3:19 pm | Last updated: July 5, 2019 at 3:19 pm

ന്യൂഡല്‍ഹി: മരടിലെ അനധികൃത ഫ് ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്ന വിധിക്കെതിരെ നല്‍കിയ ഫ് ളാറ്റുടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പൊട്ടിത്തെറിച്ചു. തന്റെ ബെഞ്ച് വിധി പറഞ്ഞ കേസില്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയത് കോടതിയെ കബളിപ്പിക്കാനാണ്. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ആസൂത്രിതമായ ശ്രമമാണ് അഭിഭാഷകരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞു.

തീരദേശപരിപാലന നിയമം ലംഘിച്ച് കൊച്ചിയിലെ മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ് ളാാറ്റുകള്‍ മുപ്പത് ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് നേരത്തെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഫ് ളാറ്റ് ഉടമകള്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിനെ സമീപിച്ചു. വിധി പറഞ്ഞ ബെഞ്ചിന് മുമ്പാകെ ഹരജി ലിസ്റ്റ് ചെയ്യാനും ആറാഴ്ചത്തേക്ക് കെട്ടിടം പൊളിക്കുന്നതിന് നിര്‍ത്തിവയ്ക്കാനും അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.