തിരഞ്ഞെടുപ്പു പരാജയം: എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തും സ്ഥാനമൊഴിഞ്ഞു

Posted on: July 4, 2019 2:26 pm | Last updated: July 4, 2019 at 7:32 pm

ന്യൂഡല്‍ഹി: അസമിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് തത്സ്ഥാനം രാജിവച്ചു. അസമിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്തിന്റെ രാജി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി ബുധനാഴ്ച ഔദ്യോഗികമായി ഒഴിവായതിനു പിന്നാലെയാണ് റാവത്തിന്റെ രാജി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ നൈനിത്താളില്‍ നിന്ന് നിന്ന് മത്സരിച്ച അദ്ദേഹം ബി ജെ പിയുടെ ഉത്തരാഖണ്ഡ് അധ്യക്ഷന്‍ അജയ് ഭട്ടിനോട് മൂന്നു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.

‘പാര്‍ട്ടിയുടെ ഭാരവാഹികളാണ് തിരഞ്ഞെടുപ്പു പരാജയത്തിനും സംഘടനാപരമായ വീഴ്ചകള്‍ക്കും കാരണക്കാര്‍. അസമില്‍ പാര്‍ട്ടിയുടെ പ്രതീക്ഷിച്ചതിനെക്കാള്‍ മോശമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിവാകുകയാണ്.’- റാവത്ത് ട്വീറ്റ് ചെയ്തു. എന്നാല്‍, പദവികള്‍ പ്രധാനമല്ലെങ്കിലും പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുന്ന രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തു തുടരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ തുടര്‍ന്നാല്‍ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കാനും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെയും നരേന്ദ്ര മോദിയെയും പരാജയപ്പെടുത്താനും സാധിക്കുമെന്ന് റാവത്ത് പറഞ്ഞു. അസാമിലെ 14 ലോക്‌സഭാ സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേടാനായത്.