Connect with us

International

അന്താരാഷ്ട്ര സമ്മര്‍ദം ഫലിക്കുന്നു; ലഷ്‌കര്‍ തലവന്‍ ഹാഫിസ് സയീദിനും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്ത് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്‌ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്യിബ തലവനുമായ ഹാഫിസ് സയീദിനും കൂട്ടാളികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ കേസെടുത്തു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിനാണ് പാക് ഭീകരവാദ വിരുദ്ധ വിഭാഗം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ഉയരുന്നതിനിടെയാണ് പാക്കിസ്ഥാന്റെ നടപടി.

ലാഹോര്‍, ഗുജ്‌രന്‍വാല, മുള്‍ത്താന്‍ എന്നിവിടങ്ങളില്‍ രൂപവത്കരിച്ച അഞ്ചോളം ട്രസ്റ്റുകളുടെ മറവില്‍ സയീദും കൂട്ടരും പണം സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഭീകരവാദ വിരുദ്ധ വിഭാഗത്തിന്റെ ഒരു വക്താവ് വെളിപ്പെടുത്തി. ദാവത്തുല്‍ ഇര്‍ഷാദ്, മുആസ് ബിന്‍ ജബല്‍, അല്‍ അന്‍ഫാല്‍, അല്‍ ഹംദ്, അല്‍ മദീന ഫൗണ്ടേഷന്‍ എന്നീ ട്രസ്റ്റുകള്‍ വഴി പണം ശേഖരിച്ചതിന് ജമാഅത്തുദ്ദഅ്‌വ, ലഷ്‌കര്‍ ഇ ത്വയ്യിബ, ഫലാഹ് ഇ ഇന്‍സാനിയത് എന്നീ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്കെതിരെ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ പഞ്ചാബ് ഭീകര വിരുദ്ധ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തതായി വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഭീകരവാദ വിരുദ്ധ കോടതിയിലാണ് പ്രതികള്‍ക്കെതിരായ വിചാരണ നടക്കുക. മറ്റു ഭീകര ഗ്രൂപ്പുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Latest