Connect with us

Ongoing News

പെറുവിന്റെ മൂന്നു ഗോളുകള്‍; ചിലിയുടെ ഹാട്രിക് കപ്പ് മോഹം പൊലിഞ്ഞു

Published

|

Last Updated

റിയോ: ചിലിയുടെ ഹാട്രിക് കപ്പ് മോഹങ്ങള്‍ പെറുവിന് മുമ്പില്‍ തകര്‍ന്നടിഞ്ഞു. കോപ്പയിലെ രണ്ടാം സെമിയില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പെറു കലാശക്കളിയിലേക്ക് പറന്നത്. പ്രാഥമിക റൗണ്ടില്‍ ജപ്പാനെയും ഇക്വഡോറിനെയും തോല്‍പ്പിച്ച് ക്വാര്‍ട്ടറിലും കൊളംബിയന്‍ വെല്ലുവിളി ഷൂട്ടൗട്ടിലൂടെ മറികടന്ന് സെമിയിലുമെത്തിയ ചിലി പെറുവിനെതിരെ പ്രയാസം കൂടാതെ ജയിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ടീം ഗെയിമിലും പ്ലാനിംഗിലും ഫിനിഷിംഗിലുമെല്ലാം മികച്ചു നിന്ന പെറു അത് കാറ്റില്‍ പറത്തി.

21ാം മിനുട്ടില്‍ എഡിസണ്‍ ഫ്‌ളോറസ്, 38ാം മിനുട്ടില്‍ യോഷമിര്‍ യോറ്റുനു, അധിക സമയത്ത് പൗലോ ഗുറിയേരോ എന്നിവരാണ് ചിലിയുടെ വല കുലുക്കി പെറുവിന് ആധികാരിക ജയം സമ്മാനിച്ചത്. ഉറുഗ്വായിയെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് പെറു സെമിയിലെത്തിയത്.

1975 നു ശേഷം പെറുവിന് കോപ്പ നേടാനായിട്ടില്ല. 44 വര്‍ഷത്തിനു ശേഷം കപ്പടിക്കാനുള്ള കഠിനാധ്വാനം ഫൈനലിലും പെറു പുറത്തെടുക്കുമെന്ന് ഉറപ്പ്. എന്നാല്‍ ചിരവൈരികളായ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഫൈനലിലെത്തിയ ബ്രസീലിനെയാണ് നേരിടേണ്ടത് എന്നതിനാല്‍ കൂടുതല്‍ മികവുറ്റ കളി തന്നെ അവര്‍ക്ക് കാഴ്ചവെക്കേണ്ടി വരും.

Latest