അബ്ഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ഒമ്പത് പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍

Posted on: July 3, 2019 6:01 am | Last updated: July 4, 2019 at 12:02 am


റിയാദ്: സഊദിയിലെ അബ്ഹ വിമാനത്താവളത്തിനു നേരെ വീണ്ടും ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനടക്കം ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്ച സഊദി സമയം രാത്രി 12:35 നാണ് യമനിലെ വിമത വിഭാഗമായ ഹൂത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് അറിയിച്ചു. കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു പരിക്കേറ്റവരില്‍ ഒരാള്‍ ഇന്ത്യക്കാരനും എട്ട് പേര്‍ സ്വദേശിയുമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി രണ്ട് തവണ വിമാനത്താവളം ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. സ്‌ഫോടക വസ്തുക്കളുമായി സഊദിയിലേക്ക് പ്രവേശിച്ച ഹൂത്തികളുടെ ഡ്രോണ്‍ സഊദി പ്രതിരോധ സേന തകര്‍ത്തിരുന്നു. അര്‍ദ്ധരാത്രി 12.35ന് രണ്ടാമത്തെ ഡ്രോണ്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെ ഒരാള്‍ മരണപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.