Articles
ട്രംപിന് ഇത് പ്രതിച്ഛായ നിര്‍മിതിയുടെ നേരം

രണ്ടാം ലോകമഹായുദ്ധം വരെ കൊറിയന്‍ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. 1907ല്‍ കൊറിയ ജപ്പാന്റെ അധീനതയില്‍ ആയി. 1910ല്‍ ജപ്പാന്‍ കൊറിയയെ തങ്ങളുടെ ഒരു കോളനിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടതോടെ വടക്കുഭാഗം സോവിയറ്റ് റഷ്യയുടെയും തെക്കുഭാഗം അമേരിക്കയുടെയും നിയന്ത്രണത്തിലായി. ഇതാണ് കൊറിയയുടെ വിഭജനത്തിന്റെ അടിസ്ഥാന കാരണം. 1945ല്‍ കൊറിയ തെക്കും വടക്കുമായി രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
ഉത്തര കൊറിയ സോവിയറ്റ് യൂനിയനുമായി അനുഭാവമുള്ള കമ്മ്യൂണിസ്റ്റ് റിപ്പബ്ലിക്കായി മാറി. 1948 സെപ്തംബര്‍ ഒമ്പതിനാണ് ജനാധിപത്യ ജനകീയ കൊറിയന്‍ റിപ്പബ്ലിക് നിലവില്‍ വന്നത്. കിം ഇല്‍സുംഗ് പ്രഥമ പ്രധാനമന്ത്രിയായി. ഇദ്ദേഹത്തിന്റെ മകനായ കിം ജോംഗ് ഉന്‍ ആണ് ഇപ്പോഴത്തെ ഭരണാധികാരി.
ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമാണുള്ളത്. ഉത്തര കൊറിയ നിലവില്‍ വന്നതു മുതല്‍ തന്നെ ഈ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവിടെ ആരംഭിച്ചതുമാണ്. ഈ തര്‍ക്കങ്ങളില്‍ അമേരിക്ക ദക്ഷിണ കൊറിയയുടെ ഭാഗം ചേര്‍ന്നതോടു കൂടി ഉത്തര കൊറിയയും അമേരിക്കയുമായുള്ള വൈര്യം കൂടുതല്‍ ശക്തിപ്പെടുകയാണ് ഉണ്ടായത്. ഈ തര്‍ക്കത്തിന് അറുതി വരുത്താന്‍ ദക്ഷിണ കൊറിയയും അമേരിക്കയുമെല്ലാം പല പ്രാവശ്യം ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയില്‍ ആയില്ല. ഇതിനിടയിലാണ് ഉത്തര കൊറിയ ഒരു ആണവ ശക്തിയായി വളര്‍ന്നത്. ഇത് അമേരിക്കയെയും ദക്ഷിണ കൊറിയയെയും ഫലത്തില്‍ ഭയവിഹ്വലരാക്കുകയും ചെയ്തിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതും ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതും അവസാനിപ്പിക്കാനുള്ള സൗഹാര്‍ദ ചര്‍ച്ചകളാണ് അമേരിക്ക നേരത്തെ തന്നെ തുടങ്ങി വെച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് ഉത്തര കൊറിയയില്‍ ഐതിഹാസികമായ ട്രംപ്- കിം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം നടന്നത്. എന്തുകൊണ്ടും ലോക രാഷ്ട്രീയത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നായിരുന്നു ഈ ലോക നേതാക്കളുടെ കൂടിക്കാഴ്ചയെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.
ഇരു കൊറിയകളുടെയും അതിര്‍ത്തിയിലെ സൈനിക രഹിത മേഖലയില്‍ വെച്ചാണ് ചരിത്രപരമായ ഈ കൂടിക്കാഴ്ച നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് പദവിയിലിരിക്കെ ഈ മേഖല സന്ദര്‍ശിക്കുന്നത്. ജി20 ഉച്ചകോടിക്കായി ജപ്പാനിലെ ഒസാക്കയില്‍ എത്തിയ ട്രംപ്, സമ്മേളനത്തിനു ശേഷം ഉത്തരകൊറിയന്‍ നേതാവ് കിമ്മിനെ കാണാന്‍ താത്പര്യം ഉണ്ടെന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ഇതിനെ ഉത്തരകൊറിയ സ്വാഗതം ചെയ്തതോടെയാണ് സന്ദര്‍ശനത്തിന് വഴിയൊരുങ്ങിയത്.
ഇരു നേതാക്കളും സൗഹൃദം പുതുക്കിയതിനു ശേഷം ട്രംപ് ഉത്തര കൊറിയന്‍ മണ്ണിലൂടെ ഏതാനും അടി നടക്കുകയും ചെയ്തു. ഇതോടെ പദവിയിലിരിക്കെ, ഈ രാജ്യത്ത് കാല്‍കുത്തിയ ആദ്യത്തെ അമേരിക്കന്‍ നേതാവായി ട്രംപ് മാറി. ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന് എത്തിയ ട്രംപ് ആദ്യം പാന്‍മുന്‍ജോമിലെ സൈനികരഹിത മേഖലയിലേക്കാണ് പോയത്. തുടര്‍ന്ന് കിം ട്രംപിനെ സമീപിക്കുകയും കൈകുലുക്കി വഴിമുറിച്ചു കടക്കുകയുമായിരുന്നു. ദക്ഷിണ കൊറിയയിലേക്ക് കടക്കുന്നതിനു മുമ്പ് അവര്‍ ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. അതിര്‍ത്തി മറികടന്നത് വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പിന്നീട് പറഞ്ഞു.
കൂടിക്കാഴ്ചയെ ചരിത്രപരമായ നിമിഷമായാണ് കിം വിലയിരുത്തിയത്. ഉ.കൊറിയ- വാഷിംഗ്ടണ്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായം തുറക്കാനുള്ള തീരുമാനത്തെയാണ് ട്രംപിനെ സ്വാഗതം ചെയ്തതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പിന്നീട് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയും ഇവരോടൊപ്പം ചേര്‍ന്നു. തുടര്‍ന്ന് മൂന്ന് നേതാക്കളും തെക്കുവശത്തുള്ള കെട്ടിടമായ ഫ്രീഡം ഹൗസിലേക്ക് നടന്നു.
2018 ജൂണ്‍ 12ന് സിംഗപ്പൂരില്‍ വെച്ച് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അത് ഫലപ്രദമായില്ല. ഈ വര്‍ഷം ഫെബ്രുവരി 27, 28 തീയതികളില്‍ ഇരു നേതാക്കളും വിയറ്റ്‌നാമിലെ ഹാനോയില്‍ രണ്ടാം തവണ നടത്തിയ കൂടിക്കാഴ്ചയും പരാജയത്തിലാണ് കലാശിച്ചത്. അതിനു ശേഷം ഈ വര്‍ഷം ആദ്യം ആണവ ചര്‍ച്ചകള്‍ സ്തംഭിക്കുകയും ചെയ്തിരുന്നു. ചര്‍ച്ച പുനരാരംഭിക്കാന്‍ ഇരുവരും തീരുമാനിച്ചതായി ട്രംപ് പറഞ്ഞു. അടുത്ത രണ്ട് മൂന്ന് ആഴ്ചകളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കാനും കൂടിക്കാഴ്ച നടത്താനും ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തര കൊറിയന്‍ നേതാവ് കിമ്മിനെ ട്രംപ് വാഷിംഗ്ടണിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ഈ ക്ഷണം സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. കിം ക്ഷണം സ്വീകരിച്ചാല്‍ അത് ചരിത്രത്തില്‍ ഇടം നേടും. ഇതുവരെ ഒരു ഉത്തരകൊറിയന്‍ നേതാവും അമേരിക്ക സന്ദര്‍ശിച്ചിട്ടില്ല. അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഒരു രാജ്യത്ത് പ്രവേശിക്കാന്‍ ട്രംപിന് അവസരം ലഭിച്ചത് ഒരു നിസാര കാര്യമായല്ല ലോകം കാണുന്നത്. മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നല്ല അവസരമാണ് ഇപ്പോള്‍ ഒരുങ്ങുന്നത്. തങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കേണ്ടത് ഉത്തര കൊറിയയുടെയും ആവശ്യമാണ്. എല്ലാ കാലത്തും ചൈനയുടെ പിന്‍ബലത്തില്‍ കഴിയാന്‍ ആകില്ലയെന്ന് കിമ്മിന് അറിയാം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനാല്‍ പ്രതിച്ഛായ വര്‍ധിപ്പിക്കേണ്ട ആവശ്യം ട്രംപിനുമുണ്ട്. കൊറിയന്‍ പ്രശ്‌നത്തില്‍ ഒരു താത്കാലിക പരിഹാരത്തിനെങ്കിലും യു എസ് മുന്‍കൈയെടുക്കുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.
ട്രംപ് മുന്‍കൈയെടുത്ത് കിമ്മുമായി നടത്തിയ കൂടിക്കാഴ്ചക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിരിക്കുകയാണ്. കിം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂണ്‍ 21നാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗ് ഉത്തര കൊറിയയില്‍ എത്തിയത്. ഇത് രാജ്യാന്തരതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
അമേരിക്ക-ചൈന വ്യാപാര യുദ്ധം ശക്തമായ സാഹചര്യത്തിലാണ് ജപ്പാനില്‍ ജി20 രാജ്യങ്ങളുടെ ഉച്ചകോടികള്‍ നടന്നത്. ലോക വ്യാപാര യുദ്ധത്തില്‍ അമേരിക്കക്ക് എതിരെ നില്‍ക്കുന്ന റഷ്യയും ചൈനയുമായി വടക്കന്‍ കൊറിയ നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിയിരുന്നു.
ട്രംപുമായി ആദ്യ കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പെ സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദുമായും കിം കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപുമായി സൗഹാര്‍ദ ചര്‍ച്ചകള്‍ നടത്തുമ്പോഴും അമേരിക്കയുമായി അകല്‍ച്ചയിലുള്ള രാജ്യങ്ങളുമായി സൗഹാര്‍ദം പുലര്‍ത്തുമെന്ന സന്ദേശമാണ് കിം ജോംഗ് ഉന്‍ നല്‍കാന്‍ ശ്രമിക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരകൊറിയന്‍ സന്ദര്‍ശനം അതിശയകരമായ ഒന്നാണെന്നാണ് ഉത്തര കൊറിയന്‍ വക്താവ് പ്രസ്താവിച്ചത്. ഈ കൂടിക്കാഴ്ചയെ ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് തികച്ചും ക്രിയാത്മകമായിട്ടായിരുന്നു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ വിപുലമായ രീതിയിലാണ് അപൂര്‍വമായ ഈ സംഭവത്തെ അവതരിപ്പിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലെ കിം-ട്രംപ് രണ്ടാം ഉച്ചകോടി തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിക്കാതെ പിരിഞ്ഞതോടെ കൊറിയന്‍ ഉപദ്വീപിലെ ആണവ നിരായുധീകരണ ചര്‍ച്ച സ്തംഭിച്ചിരുന്നു. ഇത്തവണയും വ്യക്തമായ ഉടമ്പടികളിലൊന്നും എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും വീണ്ടും ചര്‍ച്ചകള്‍ക്ക് വഴി തുറന്നേക്കുമെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ രാഷ്ട്രീയ നാടകം മാത്രമാണിതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം, കിമ്മിനെ പരിഹാസവും ഭീഷണിയും ചൊരിഞ്ഞ് നിരന്തരം ആക്രമിച്ചിരുന്ന ട്രംപ് അദ്ദേഹത്തെ തേടിയെത്തിയത് ഉത്തര കൊറിയയുടെ വിജയം തന്നെയാണ്. കേവലം ഹസ്തദാനത്തില്‍ ഒതുങ്ങുമെന്ന് കരുതിയ സന്ദര്‍ശനം ഒരു മണിക്കൂറോളം നീളുകയും ചെയ്തു. അടുത്ത ആഴ്ചകളില്‍ തന്നെ ഈ ചര്‍ച്ച പുനരാരംഭിക്കാനും ഇരു നേതാക്കളും ധാരണയിലെത്തി.
ട്രംപിന്റെ ഈ സന്ദര്‍ശന തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പല്ലിന്റെ ശൗര്യം പണ്ടേപോലെ ഇപ്പോള്‍ ഫലിക്കുന്നില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഇറാനോടുള്ള അഭ്യര്‍ഥന ഇപ്പോഴും പ്രായോഗികമാക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ മുട്ടുമടക്കാന്‍ തങ്ങള്‍ തയ്യാറല്ലായെന്ന് ഇറാനും വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു വന്‍ ലോക ശക്തിയായുള്ള ജനകീയ ചൈനയുടെ ഉയര്‍ത്തെഴുന്നേല്‍പ്പും സാര്‍വദേശീയ പ്രശ്‌നങ്ങളില്‍ ചൈനയുടെ കൂടെ നില്‍ക്കുന്ന റഷ്യയുടെ സമീപനവുമെല്ലാം ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഉത്തര കൊറിയന്‍ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടത് മറ്റാരേക്കാളും അമേരിക്കയുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെയായിരിക്കും ട്രംപ് തന്നെ മുന്‍കൈയെടുത്ത് കിമ്മുമായി കൂടിക്കാഴ്ചക്ക് തയ്യാറായത്.
കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയ ആണവായുധങ്ങള്‍ കുന്നുകൂട്ടുകയാണെന്ന പ്രചാരണം സാര്‍വത്രികമായിട്ടുണ്ട്. ഇത് എത്രത്തോളം സത്യമാണെന്ന് ഇനിയും വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്തായാലും ഉത്തര കൊറിയ ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകേണ്ടത് ലോകസമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഉത്തര കൊറിയ ആണവായുധങ്ങള്‍ വര്‍ജിക്കണമെന്ന് നിലവിളിക്കുന്ന അമേരിക്ക സ്വന്തമായി കൂട്ടിവെച്ചിട്ടുള്ള വന്‍ ആണവായുധ കൂമ്പാരവും അതോടൊപ്പം തന്നെ ഉപേക്ഷിച്ചേ മതിയാകൂ. എന്തായാലും എല്ലാ പ്രശ്‌നങ്ങളിലും ലോകപോലീസ് ചമയുന്ന അമേരിക്കന്‍ സര്‍ക്കാറും പ്രസിഡന്റ് ട്രംപും തങ്ങളുടെ കൈവശമുള്ള ആണവായുധങ്ങളോടും തങ്ങള്‍ നടത്തുന്ന ആണവ പരീക്ഷണങ്ങളോടും വിടപറയേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്.
(ഫോണ്‍ : 9847132428)