Connect with us

Kerala

തിരവനന്തപുരത്ത് കെ എസ് യു മര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് കഴിഞ്ഞിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതാണ് സംഘര്‍ഷത്തിലെത്തിച്ചത്. പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പോലീസ് ആദ്യം പ്രയോഗിച്ചു. എന്നാല്‍ പ്രകോപനകരമായ മുദ്രാവാക്യവും കല്ലേറും തുടര്‍ന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.

മൂന്ന് തവണയാണ് പോലീസ് ലാത്തിവീശിയത്. സംഘര്‍ഷത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് ഉള്‍പ്പെടെ പത്തോളം കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ സെക്രട്ടേറിയറ്റ് പരിസരത്ത് പ്രവര്‍ത്തകര്‍ കൂടിനിന്ന് മുദ്രാവാക്യം വിളിക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്ത മാര്‍ച്ച് പൂര്‍ത്തിയായിട്ടും സെക്രട്ടേറിയറ്റ് പരിസരത്ത് കൂടിനിന്ന കെ എസ് യു പ്രവര്‍ത്തകര്‍ പോലീസിനെ വെല്ലുവിളിക്കുകയായിരുന്നു. ആദ്യം ജലപീരങ്കി പ്രയോഗിച്ച് പോലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല. പോലീസ് വാഹനത്തിന് മുകളില്‍ കയറിവരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് ലാത്തിവീശിയത്. ഇതില്‍ നിലത്തുവീണ പ്രവര്‍ത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. ഒരു മണിക്കൂറോളം സെക്രട്ടേറിയറ്റ് പരിസരത്ത് കെ എസ് യു പോലീസ് ഏറ്റമുട്ടല്‍ തുടര്‍ന്നു.

പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കുന്നതിനാല്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

 

Latest