Connect with us

Kozhikode

അന്താരാഷ്ട്ര ഇസ്‌ലാമിക പഠന സമ്മേളനം; മർകസ് വിദ്യാർഥികൾ ഷാർജയിലെത്തി

Published

|

Last Updated

കോഴിക്കോട്:  ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മേൽനോട്ടത്തിൽ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര ഇസ്‌ലാമിക പഠന സമ്മേളനത്തിൽ  സംബന്ധിക്കുന്നതിനായി മർകസ് വിദ്യാർഥികൾ ഷാർജയിലെത്തി. വിശുദ്ധ ഖുർആൻ ഇസ്‌ലാമിക സംസ്‌കാരത്തെയും മുസ്‌ലിം സമൂഹത്തെയും രൂപപെടുത്തിയ രീതികൾ എന്ന ശീർഷകത്തിൽ  ശനിയാഴ്ച  ആരംഭിച്ച സമ്മേളനം ജൂലൈ പതിനൊന്നു  വരെ നീണ്ടു നിൽക്കും.

സമ്മേളന ചെയർമാൻ ഡോ. മാജിദ് അബ്ദുല്ല ബുഷുലൈബി, ഡോ. ഹിശാം അബ്ദുൽ അസീസ് അലി, ഡോ. ഉസാമ ഹാശിം അൽ ഹദീദി, ഡോ. ഇയാദ ഇബ്‌നു അയ്യൂബ്, ഡോ. ഖലീഫ ബാഖിർ സുഡാൻ, ഡോ. അമീൻ റുഷ്ദി സൗദി അറേബ്യ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

മർകസ് ശരീഅ കോളേജ് പ്രൊഫസർ അബൂബക്കർ സഖാഫി പന്നൂരിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തിൽ അബ്ദുൽ അസീസ് ഹനീഫ, അജ്മൽ ഷഫീഖ്, മുഹമ്മദ് അനസ്, മുഹമ്മദ് ഉബൈസ്, ഷാബിഹുൽ ഖാദിരി, മുഹമ്മദ് സുഹൈൽ എന്നിവരാണ് പങ്കെടുക്കുന്നത്. ലോകത്തെ അമ്പത്‌ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭാശാലികളായ വിദ്യാര്‍ഥികള്‍ക്കാണ്‌ സമ്മേളനത്തിലേക്ക്‌ ക്ഷണം ലഭിച്ചിരിക്കുന്നത്.

ഇവരുടെ യാത്ര, താമസം, ഭക്ഷണം തുടങ്ങിയ മുഴുവൻ കാര്യങ്ങളും ഷാർജ സുൽത്താൻ  സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആതിഥ്യത്തിലാണ് നടക്കുന്നത്. മർകസ് യു എ ഇ അക്കാദമിക കോഡിനേറ്റർ ഡോ നാസർ വാണിയമ്പലത്തിന്റെ നേതൃത്വത്തിൽ സംഘത്തെ ഷാർജയിൽ സ്വീകരിച്ചു.

Latest