Connect with us

Health

ആരോഗ്യകരമായ ജീവിതത്തിന് ഒമ്പത് വഴികള്‍

Published

|

Last Updated

ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നത് പരമപ്രധാനമാണ്. പഴമക്കാര്‍ പറയുന്നത് പോലെ ആരോഗ്യം സമ്പത്താണ്. അതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം എല്ലാ കാലത്തും നല്ലപോലെ കൊണ്ടു നടക്കാന്‍ നമ്മുടെ ശരീരവും പരിസരവും കഴിക്കുന്ന ഭക്ഷണവും ആരോഗ്യദായകമായിരിക്കണം. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ പല രോഗത്തിന്റെയും ഇരകളാകും.

ആരോഗ്യത്തോടെയുള്ള ജീവിതം നയിക്കാനുള്ള പ്രധാനപ്പെട്ട ഒമ്പത് വഴികളാണ് ഇവിടെ പറയുന്നത്.

9. കൃത്യമായി ബ്രഷ് ചെയ്യുക
നമ്മള്‍ കഴിക്കുന്ന മിക്ക ഭക്ഷണവും പഞ്ചസാര അടങ്ങിയതാണ്. പഞ്ചസാരക്ക് ബാക്ടീരിയയെ ആകര്‍ഷിക്കാന്‍ കഴിയുന്നതിനാല്‍ ഇവ നമ്മുടെ പല്ലിന് ക്ഷതം വരുത്തുന്നു. അതിനാല്‍ ദിവസവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും ബ്രഷ് ചെയ്യണം. ഇത് വായനാറ്റം ഇല്ലാതാക്കാനും സഹായിക്കുന്നു.

 

8. യഥാക്രമം വൈദ്യപരിശോധന നടത്തുക
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാള്‍ വരാതെ നോക്കുന്നതാണ് ബുദ്ധി. ഏതൊരു രോഗവും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു എന്നതാണ് വൈദ്യപരിശോധനയുടെ ഏറ്റവും വലിയ ഗുണം. ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ചെക്കപ്പ് നടത്തുക.

 

7. പുകവലി ഉപേക്ഷിക്കുക
നിശബ്ദ കൊലയാളി എന്നാണ് പുകവലിയെ വിളിക്കുന്നത്. കൗമാരത്തില്‍ തന്നെ പുകവലി വ്യാപിക്കാന്‍ നമ്മുടെ സിനിമകള്‍ ഒരു കാരണമാണ്. സിനിമയിലെ മറ്റെല്ലാം അനുകരിക്കുന്ന കൂട്ടത്തില്‍ ഇതും അനുകരിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിന്നീട് മറ്റെല്ലാം ഉപേക്ഷിച്ചാലും പുകവലിക്ക് നമ്മള്‍ അടിമയാകുന്നു. പുകവലി നമ്മുടെ ശരീരത്തിന് അങ്ങേയറ്റം ഹാനികരമാണ്. പുകവലി കാരണം ദിവസവും നിരവധി പേര്‍ ശ്വാസകോശ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നു. നമ്മുടെ സ്റ്റാമിനയും വിശപ്പും ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചുറ്റുപാടുള്ളവരുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു.

 

6. നല്ല സൗഹൃദം ഉണ്ടാക്കുക
ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് നല്ല സുഹൃത്തുക്കളും ഒരു ഘടകമാണ്. നമ്മുടെ സന്തോഷവും സങ്കടവും പങ്കുവെക്കുമ്പോള്‍ നമുക്ക് മാനസികമായ സ്വാസ്ഥ്യം ലഭിക്കുന്നു. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ദൂരത്തുള്ള നമ്മുടെ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുന്നത് നല്ലതാണ്. ഇത് നമുക്ക് ഉത്സാഹം നല്‍കുന്നു.

 

5. മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുക
ശാരീരികമായും മാനസികമായും ഒരുപാടു രോഗങ്ങളുടെ കാരണമാണ് മാനസിക സമ്മര്‍ദ്ദം. പൊണ്ണത്തടിക്ക് പ്രധാനപ്പെട്ട ഒരു കാരണമാണ് മാനസികാസ്വാസ്ഥ്യം. പണത്തിനെയും ഭാവിയെയും പറ്റി വല്ലാതെ ചിന്തിച്ച് മനസ്സിന് ഭാരം കൊടുക്കാതിരിക്കുക എന്നതാണ് ഒരു മുന്‍കരുതല്‍. ഇപ്പോള്‍ കിട്ടിയതില്‍ സന്തുഷ്ടനായി ജീവിതം ആസ്വദിക്കുക. കാരണം നാം എത്രകാലം ജീവിക്കുമെന്നത് നമുക്കറിയാത്ത കാര്യമാണ്. ചില ഘട്ടങ്ങളില്‍ മാനസികരോഗ വിദഗ്ധനെ കാണുന്നതും നല്ലതാണ്.

 

4. ആവശ്യത്തിന് ഉറങ്ങുക
ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുക. ഒരു ദിവസത്തെ ക്ഷീണത്തില്‍നിന്നും മോചനം നേടി ഉന്‍മേഷവാനാവാന്‍ ഉറക്കം സഹായിക്കുന്നു. പകലുറക്കം ഒഴിവാക്കുക. ഇനി അത്യാവശ്യമാണെങ്കില്‍ മൂന്നു മണിക്ക് ശേഷം ഉറങ്ങരുത്. പകലുറക്കവും ഉറക്കം തെറ്റലും നമ്മുടെ ശരീരം തടിക്കാന്‍ കാരണമാകും. ശാന്തമായ ഉറക്കം ആരോഗ്യത്തിന് അത്യാവശ്യമാണ്.

 

3. വെള്ളം ധാരാളം കുടിക്കുക
ജലം നമ്മുടെ ശരീരത്തിലെ ജൈവിക വിഷം കഴുകിക്കളയുന്നു. ഭാരം കുറക്കുന്നതിനും പേശികളുടെ നിര്‍മാണത്തിനും ജലം സഹായിക്കുന്നു. പുരുഷന്‍മാര്‍ ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കണം. സ്ത്രീകള്‍ രണ്ടു ലിറ്ററോളവും വെള്ളം കുടിക്കണം. ജലത്തിന്റെ അഭാവം ശരീരം പെട്ടെന്ന് ക്ഷീണിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്യാവശ്യമാണ്.

 

2. സമീകൃതാഹാരം ശീലമാക്കുക
ഭക്ഷണനിയന്ത്രണം നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ്. എപ്പോഴും നല്ല ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ നിന്നും 50% കാര്‍ബോഹൈഡ്രേറ്റും 30% മാംസ്യവും 20% കൊഴുപ്പും നമുക്ക് ലഭിക്കണം. പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമാണ് നമുക്ക് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് ലഭിക്കുന്നത്. സമീകൃതാഹാരം അമിതഭാരം കുറച്ച് പേശീബലമുള്ള നല്ല ശരീരഘടന ഉണ്ടാവാന്‍ സഹായിക്കുന്നു.

 

1. വ്യായാമം
കഠിനാധ്വാനത്തിന് പകരം വെക്കാനൊന്നുമില്ല. ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം നിര്‍ബന്ധമാണ്. കൊളസ്‌ട്രോള്‍ തടയാനും ദഹനം സുഗമമാക്കാനും വ്യായാമം സഹായിക്കുന്നു. ഒരേപോലെ ഹൃദയത്തിനും ശരീരത്തിനും വ്യായാമം നല്‍കണം. ആഴ്ചയില്‍ നാലു ദിവസമെങ്കിലും വ്യായാമത്തിനായി നീക്കിവെക്കണം. അത് ചെയ്യാന്‍ സമയം കിട്ടുന്നില്ല എന്ന് പറയുന്നത് അലസത കൊണ്ട് മാത്രമാണ്. അലസത മാറ്റിയാല്‍ എല്ലാം എളുപ്പമാണ്