Techno
വാവെയ്ക്കുള്ള നിയന്ത്രണം അമേരിക്ക നീക്കുന്നു

ഒസാക്: ചൈനയുമായുള്ള വ്യാപാര ബന്ധത്തിന് താത്കാലിക വിരാമമായ സാഹചര്യത്തിൽ ടെലകോം കമ്പനിയായ വാവെയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഓരോന്നായി നീക്കാൻ അമേരിക്ക തീരുമാനിച്ചു. യു എസ് കമ്പനികൾ തങ്ങളുടെ സാങ്കേതിക വിദ്യ ചൈനീസ് കമ്പനിയായ വാവെയ്ക്ക് വിൽക്കരുതെന്ന നിയന്ത്രണമാണ് ട്രംപ് നീക്കുന്നത്.
ജി20 ഉച്ചകോടിയിൽ സമവായ ചർച്ചകൾക്ക് തുടക്കമായതിന് പിന്നാലെയാണ് വാവെയ്‌ക്കെതിരെ യു എസ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറായത്. ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റുകൾ വാവെയ്ക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്. വാവെയ് കമ്പനിക്കെതിരെ സ്വീകരിച്ച കർശന നിലപാട് അമേരിക്കൻ കമ്പനികൾക്കും നഷ്ടമുണ്ടാക്കിയിരുന്നു. വാവെയുമായുള്ള ഇടപാടിൽ നിന്ന് നിരവധി കമ്പനികൾ പിന്തിരിഞ്ഞിരുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ ഓഹരി സൂചികയും ഇതോടെ കുത്തനെ ഇടിഞ്ഞു.
ജപ്പാനിലെ ഒസാക്കയിൽ സമാപിച്ച 14ാമത് ജി20 ഉച്ചകോടിയിൽ ഇത്തരത്തിലുള്ള നിരവധി തർക്കങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. യു എസ് – ചൈന വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളിൽ നിന്ന് ഇരു രാജ്യങ്ങളും വിട്ടു നിൽക്കുമെന്ന ശുഭ സൂചനകളോടെയാണ് ഉച്ചകോടി സമാപിച്ചത്. ചൈനീസ് ഉത്പന്നങ്ങൾക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് യു എസ് വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പര്യവസാനത്തിലേക്ക് നയിക്കുന്ന ചർച്ചകൾക്ക് വഴിയൊരുങ്ങുകയായിരുന്നു.
200 ബില്യൺ ഡോളർ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി വർധിപ്പിക്കാൻ മെയ് മാസത്തിൽ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാൽ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉത്പന്നങ്ങൾക്ക് 325 ബില്യൺ ഡോളർ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ കുത്തനെ വർധിപ്പിച്ച് ചൈനയും തിരിച്ചടിച്ചതോടെ വ്യാപാര യുദ്ധം മൂർച്ഛിക്കുകയായിരുന്നു.